കല്‍പ്പറ്റ: ആദിവാസികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, പട്ടികജാതി-വര്‍ഗ വികസന കോര്പറേഷന്, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നു എടുത്തതും 2014 ഏപ്രില്‍ ഒന്നിനു കുടിശ്ശികയായതുമായ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ മുതലും പലിശയും പിഴപ്പലിശയും സഹിതം എഴുതിത്തള്ളി സര്‍ക്കാര്‍ ഉത്തരവായി.
സഹകരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്നു ആദിവാസികള്‍ എടുത്തതും 2010 മാര്‍ച്ച് 31ന് കുടിശ്ശികയായതുമായ 50,000 രൂപ വരെയുള്ള വായ്പകള്‍ പലിശയും പിഴപ്പലിശയും സഹിതം എഴുതിത്തള്ളുന്നതിനു രണ്ട് കോടി രൂപ വകയിരുത്തിയതായി 2014-’15ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2006 ഏപ്രില്‍ ഒന്ന് മുതല്‍ 2014 മാര്‍ച്ച് 31 വരെ കുടിശ്ശികയായതും മുതലും പലിശകളും ചേര്‍ന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലായതുമായ വായ്പകളില്‍ ഒരു ലക്ഷം രൂപ വരെ എഴുതിത്തള്ളുന്നതിനു പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വാങ്ങിയതും 2006 മാര്‍ച്ച് 31ന് തിരിച്ചടവ് കാലാവധി കഴിഞ്ഞതുമായ കാല് ലക്ഷം രൂപ വരെയുള്ള വായ്പകളുടെ 25,000 രൂപ വരെയുള്ള ബാധ്യതകള്‍ എഴുതിത്തള്ളിയും അതിനു മുകളില്‍ വരുന്ന തുക പലിശകള്‍ നീക്കി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിനു സൗകര്യം ഒരുക്കിയും 2009 നവംബര്‍ 12ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പുതിയ ഉത്തരവനുസരിച്ച് ഒരു ആദിവാസി കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിയുടെ പ്രയോജനം. മുതലും പലിശകളും മറ്റു ചെലവുകളും ഉള്‍പ്പെടെ ഒരു ലക്ഷം രൂപയ്ക്ക് അകത്തുവരുന്ന വായ്പകളാണ് എഴുതിത്തള്ളുന്നതിനു പരിഗണിക്കുക. കാര്‍ഷിക, വിദ്യാഭ്യാസ, സ്വയം തൊഴില്‍, വിവാഹ വായ്പകള്‍ എന്നിവയും സ്വര്‍ണപ്പണയത്തിലുള്ള കാര്‍ഷിക വായ്പകളുമാണ് എഴുതിത്തള്ളുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, ബാങ്കുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനു പരിഗണിക്കില്ല. കടം എഴുതിത്തള്ളുന്നതിനുള്ള അപേക്ഷ വായ്പയുമായി ബന്ധപ്പെട്ട രേഖ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.ഇ.ഒയുടെ അഭിപ്രായക്കുറിപ്പ് എന്നിവ സഹിതം സമര്‍പ്പിക്കണം. ഒരു സാമ്പത്തികവര്‍ഷം ഒരു കുടുംബത്തിലെ ഒരു അപേക്ഷകന്റെ ഒരു വായ്പ മാത്രമാണ് എഴുതിത്തള്ളുന്നതിനു പരിഗണിക്കുക. കുടിശ്ശിക ഒരു ലക്ഷത്തിലധികം രൂപയെങ്കില്‍ അധികമുള്ള തുക ബന്ധപ്പെട്ടെ സ്ഥാപനത്തില്‍ അടച്ച് തെളിവ് ഹാജരാക്കുന്ന മുറയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് പദ്ധതി പ്രകാരം ഇളവ് ലഭിക്കും. പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷനാണ് കടം എഴുതിത്തള്ളല്‍ പദ്ധതിയില്‍ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട തുക വിതരണം ചെയ്യേണ്ട നോഡല്‍ എജന്‍സി. കടം എഴുതിത്തള്ളുന്നതിനു നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: