പരപ്പനങ്ങാടി: ഒടുവില്‍ നെറികേടിന്റെയും ഒത്തുതീര്‍പ്പിന്റെയും നാറിയ രാഷ്ട്രീയ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു. പരപ്പനങ്ങാടി നഗരസഭയിലെ 45 ഡിവിഷനുകളിലും ലീഗിനെതിരെ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് സഹകരണ മുന്നണി കോണ്‍ഗ്രസ് എന്ന പേരില്‍ മത്സരിക്കും.
മുന്നിയൂര്‍ പഞ്ചായത്തിലും മറ്റും എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പടലപിണക്കത്തിലാണ്. അനുദിനം അണികള്‍ കൊഴിഞ്ഞുപോകുന്ന പാര്‍ട്ടികള്‍ തമ്മില്‍ ഒന്നായതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ പോലും അത്ഭുതം കാണുന്നില്ല. വിനാശകാലേ വിപരീത ബുദ്ധി എന്നാണ് മാര്‍ക്സിസ്റ്റ്-കോണ്‍ഗ്രസ് ബന്ധത്തെ പഴയകാല പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ആദര്‍ശശുദ്ധിയുള്ള പല പ്രവര്‍ത്തകരും അസംതൃപ്തരാണ്. ദേശീയ പാര്‍ട്ടിയായ ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ് ഇവരില്‍ പലരും.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ലീഗിനോട് പിണങ്ങി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. പക്ഷേ കെട്ടിവെച്ച കാശ് പോയത് മിച്ചം. ജില്ലയില്‍ പലയിടത്തും ആളില്ലാത്ത പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഉള്‍കൊള്ളാന്‍ ലീഗ് തയ്യാറാകാത്തതാണ് പിളര്‍പ്പിന് കാരണം. ലീഗുള്ളതുകൊണ്ടാണ് ജില്ലയില്‍ കോണ്‍ഗ്രസ് തലയുയര്‍ത്തി നടക്കുന്നതെന്നാണ് ലീഗ് പ്രവര്‍ത്തകരു
ടെ അടക്കം പറച്ചില്. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിക്കാവുന്ന സംഭവവികാസങ്ങളാണ് പരപ്പനങ്ങാടിയില്‍ നടക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കൂട്ടായ പ്രതിരോധമാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്.
പുതിയ കൂട്ടുകെട്ടിന്റെ പ്രാരംഭ ഗൂഢാലോചനകള്‍ വരെ കഴിഞ്ഞ ദിവസങ്ങളില്‍ ജന്മഭൂമി പ്രസ്ദ്ധീകരിച്ചിരുന്നു. അഴിമതിക്കാരും ഒത്തുതീര്‍പ്പുകാരും ചങ്ങാത്തം കൂടിയത് പരപ്പനങ്ങാടിയിലെ ജനങ്ങള്‍ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. എന്തായാലും ലീഗിന് തന്നെ പണികിട്ടി കഴിഞ്ഞവര്‍ഷം പരപ്പനങ്ങാടിയിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിക്കാന്‍ യുവമോര്‍ച്ച നടത്തിയ സമരം ഏറ്റെടുത്താണ് സഹകരണ മുന്നണി രൂപംകൊണ്ടത്.
സമരത്തിന് ശേഷവും പിരിച്ചുവിടാതിരുന്ന മുന്നണി തെരഞ്ഞെടുപ്പടുത്തപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. കാലങ്ങളായുള്ള ഇവരുടെ ഒളിബാന്ധവമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
അടിത്തറയിളകിയ ആദര്ശപ്രസ്ഥാനങ്ങള് അസ്ഥിവാരം കൊണ്ട് ദന്തംഗോപുരം പണിയാമെന്ന പ്രതീക്ഷയിലാണ്. ഈ കൂട്ടുകെട്ടിന് ഇരുപാര്‍ട്ടികളുടെയും സംസ്ഥാനഘടകത്തിന്റെ അനുഗ്രഹമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: