തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ഇടതു-വലതു മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്ണ്ണയനത്തിനായി വട്ടംകറങ്ങുമ്പോള്‍ ബിജെപിയാണ് സ്ഥാനാര്‍ത്ഥി പട്ടിക ആദ്യമായി പുറത്തു വിട്ടത്. ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 19 പുരുഷന്മാരും 24 വനിതകളുമടക്കം 43 പേരാണുള്ളത്. മേയര്‍ സ്ഥാനാര്‍ത്ഥിയായി ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടുന്നതിനുപകരം നഗരത്തിന്റെ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നത്.
എന്‍ഡിഎ ഘടക കക്ഷികളെയും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും മുന്‍നിര്‍ത്തി തിരുവനന്തപുരം നഗരസഭയിലെ നൂറ് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. എന്‍ഡിഎ സഖ്യകക്ഷികളായ കേരളാ കോണ്‍ഗ്രസ്(പി.സി. തോമസ്), ആര്‍എസ്പി(ബി), എല്‍ജെപി, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, കേരള വികാസ് കോണ്‍ഗ്രസ് എന്നിവയുമായുള്ള ഉഭകകക്ഷി ചര്‍ച്ചകള്‍ നടന്നു വരുന്നു. കൂടാതെ വിവിധ സാമുദായിക സംഘടനകളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മറ്റ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും.
സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് അയച്ച ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലവിലെ കൗണ്‍സിലര്‍മാരായ നഗരസഭാ പാര്‍ട്ടി ലീഡര്‍ പി.അശോക്കുമാര്, എം.ആര്.ഗോപന്, എം.ആര്.രാജീവ് എന്നിവരുടെ പേരുകളുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ, വക്താവ് വി.വി. രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കരമന അജിത് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തെ തുടര്‍ന്നായിരിക്കും ഔദേ്യാഗിക പ്രഖ്യാപനമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: