കാട്ടാക്കട: ആദിവാസി സമൂഹത്തിന് പ്രതീക്ഷകള്‍ നല്കി പ്രഖ്യാപിച്ച അഗസ്ത്യവന വികസനം പാളുന്നു.അഗസ്ത്യവന മേഖലയിലെ സംയോജിത സുസ്ഥിര വികസന പദ്ധതിയാണു പ്രഖ്യാപനത്തിലൊതുങ്ങിയത്.2014 ല്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നേരിട്ടെത്തി ആദിവാസികള്‍ക്ക് ഉറപ്പു നല്കിയ പദ്ധതിയാണു അട്ടിമറിക്കപ്പെട്ടത്.കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ നിശ്ചയിച്ച വികസന പദ്ധതികള്‍ എവിടെ എന്ന ചോദ്യമാണു ഇപ്പോള്‍ ആദിവാസി ഊരുകളില്‍ നിന്നുയരുന്നത്.ജില്ലാ ഭരണാധികാരി നേരിട്ടെത്തി പരാതികള്‍ കേട്ട് പരിഹരിക്കാമെന്ന് ഉറപ്പു നല്കിയ പല കാര്യങ്ങളും അഗസ്ത്യവന മേഖലയില്‍ നടപ്പിലാക്കിയില്ലെന്നും കാടിന്റെ മക്കള്‍ പരിതപിക്കുന്നു.തങ്ങള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ സര്‍ക്കരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്ക്കുന്ന 14 ആദിവാസി മേഖലകളില്‍ ഒന്നായാണ് അഗസ്ത്യവനം സുസ്ഥിര വികസന പദ്ധതിയിലേക്ക് പരിഗണിച്ചത്.10 കോടി രൂപയുടെ വികസന പദ്ധതികളാണ് ലക്ഷ്യമിട്ടത്.തുക എങ്ങനെ വിനിയോഗിക്കണമെന്നതിനെ കുറിച്ച് ധാരണയുണ്ടാക്കാനും അവശ്യം വേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമാണ് കളക്ടര്‍ അന്ന് ആദിവാസി ഊരുകളില്‍ ചര്‍ച്ചയ്ക്കെത്തിയത്.ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.ഇതനുസരിച്ചാണ് പദ്ധതി രൂപകല്പന ചെയ്തതും.ആദിവാസികളെ ഉള്‍പ്പെടുത്തി സൊസൈറ്റി രൂപീകരിച്ച് മാതൃകാ പദ്ധതി അഗസ്ത്യവന മേഖലയിലെ ആദിവാസി ഊരുകളിലെത്തുമെന്ന് പ്രഖ്യാപനവും ഉണ്ടായി.എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.
ഭവന നിര്‍മ്മാണം,വനം വകുപ്പ്,കുടുംബശ്രീ,സാമൂഹ്യ നീതി വകുപ്പ്,ആരോഗ്യ വകുപ്പ്,വിദ്യാഭ്യാസം,ഭക്ഷ്യ വകുപ്പ്,പോലീസ്,റവന്യൂ തുടങ്ങി ഒട്ടുമിക്ക സര്‍ക്കാര്‍ സംവിധാനങ്ങളെയും കോര്‍ത്തിണക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.എന്നാല്‍ ഈ നടപടികളൊന്നും ഇതേവരെ പുരോഗമിച്ചിട്ടില്ല.അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് കോട്ടൂരില്‍ നിന്ന് ചോനാമ്പാറ വരെ വൈദ്യുതി എത്തിച്ചതാണ് ആദിവാസി മേഖലയില്‍ അടുത്തകാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനം.
കോട്ടൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഉള് വനത്തിലാണ് ആദിവാസി സെറ്റില്‍മെന്റുകള്‍ സ്ഥിതിചെയ്യുന്നത്.27 സെറ്റില്‍മെന്റുകളിലായി ഏകദേശം 450 കുടുംബങ്ങളാണ് ഇവിടെയുള്ളത്.ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സമയത്തിനു കിട്ടാത്തതും വന്യ മൃഗങ്ങള്‍ തങ്ങളുടെ കൃഷി നശിപ്പിക്കുന്നതും റോഡുകള്‍ സഞ്ചാര യോഗ്യമല്ലാത്തതുമടക്കം നിരവധി പരാതികളാണ് കളക്ടര്‍ക്കു മുന്നില്‍ ഇവര്‍ നിരത്തിയത്. ആദിവാസി ക്ഷേമം ഉറപ്പാക്കാന്‍ കാടുകയറിയെത്തിയ കളക്ടര്‍ തന്നെ മുന്‍കൈ എടുത്ത് പദ്ധതി നടപ്പിലാക്കണമെന്നതാണ് കാടിന്റെ മക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: