തിരുവല്ല: ജില്ലാപഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസ് (എം)ല്‍ തമ്മില്‍തല്ല് രൂക്ഷം. നിലവില്‍ അംബികാമോഹന്‍ അംഗമായിട്ടുള്ള ഡിവിഷന് ജനറല്‍ സീറ്റായാതോടെയാണ് പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ തമ്മില്‍ സീറ്റിനായുളള വടംവലി ആരംഭിച്ചിട്ടുളളത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന്, മുന്‍ ജില്ലാ പഞ്ചായത്തംഗം സജിഅലക്സ്, കടപ്ര ബ്ലോക്ക് പഞ്ചായത്തംഗം രാജു പുളിമ്പളളി എന്നിവര്‍ തമ്മിലാണ് തര്‍ക്കം ഉടലെടുത്തിട്ടുള്ളത്. കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകള്‍ കൂടാതെ കുറ്റൂര്‍ പഞ്ചായത്തിലെ ഏതാനും വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് പുളിക്കീഴ് ഡിവിഷന്.
2005ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ് കെ.എം മാണിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സജി അലക്സിന് വിട്ട് നല്കിയ ത്യാഗമനോഭാവം തനിക്ക് അനുകൂലമായി ചിന്തിക്കാന്‍ പാര്‍ട്ടിനേതൃത്വത്തിന് പ്രേരണയാകുമെന്ന വിശ്വാസത്തിലാണ് ജില്ലാ സെക്രട്ടറി കൂടിയായ രാജു പുളിമ്പളളി. ഇ. ജോണ്‍ ജേക്കബിന്റെ കാലം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച തന്നെ നിരാശപ്പെടുത്തില്ലെന്ന വിശ്വാസവും ഇദ്ദേഹത്തിനുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കയറിപ്പറ്റാനായി തന്റെ പണസമ്പത്ത് വിനിയോഗിക്കാന്‍ ഇദ്ദേഹം തയ്യാറാകുന്നതായും ആരോപണമുണ്ട്.
രണ്ടുവട്ടം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായും തുടര്‍ച്ചയായ 25 വര്‍ഷം ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച പാരമ്പര്യം തനിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് സാം ഈപ്പന്. സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുളള 2002-03 ലെ സ്വരാജ്ട്രോഫി കരസ്ഥമാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞത് തന്റെ കഴിവുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ വാദം. പതിമൂന്ന് വര്‍ഷം യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍, പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാസെക്രട്ടറി എന്നീ നിലകളില്‍ താന്‍ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് അംഗമാണ് സാം ഈപ്പന്. പഴയ രാഷ്ട്രീയ വൈ ര്യംമൂലം ചില ജില്ലാനേതാക്ക ള്‍ ഇദ്ദേഹത്തെ ചവിട്ടിതാഴ്ത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലാപഞ്ചായത്ത് അംഗമെന്ന നിലയില്‍ താന്‍ തന്റെ പ്രവര്‍ത്തനമികവ് പാര്‍ട്ടിക്ക് മുമ്പില്‍ കാഴ്ചവച്ചിട്ടുണ്ടെന്ന് മാത്രമാണ് സജി അലക്സിന്റെ അവകാശവാദം.
മൂവരും ഏറെ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും വിമതസ്വരം ഉയര്‍ത്തുന്നത് രാജുപുളിമ്പള്ളി മാത്രമാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രവേഷം കെട്ടാനും ഇദ്ദേഹം തയ്യാറാവുമെന്നാണ് അടുത്ത അനുയായികളില്‍ നിന്നുള്ള സൂചന. അവസാന മത്സരം ഈ 3 നേതാക്കള്‍ തമ്മില്‍ ആയാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: