പക്ഷേ, രഹസ്യം പുറത്തുവന്നപ്പോള്‍ ഹിരണ്യവര്‍ണ്ണന്‍ പാഞ്ചാല രാജാവുമായി യുദ്ധത്തിനിറങ്ങി. അപമാനം സഹിയാതെ ശിഖണ്ഡിനി കാടുകയറി. അവിടെ സ്ഥൂണകര്‍ണ്ണന്‍ എന്ന യക്ഷന്‍ അവളെ സഹായിച്ചു. അവന്റെ പുരുഷത്വം ശിഖണ്ഡിനിയുമായി വെച്ചുമാറി. അങ്ങനെ അവന്‍ ശിഖണ്ഡിയായി. യക്ഷന്റെ മരണശേഷം ശിഖണ്ഡി നാട്ടിലിറങ്ങി. സ്തംഭത്തില്‍ കിടന്ന വാടാത്ത താമരമാലയെടുത്തണിഞ്ഞു. അതോടെ ഭീഷ്മരുമായി ശത്രുതയുണ്ടായിരുന്ന ദ്രുപദ രാജാവ് ശിഖണ്ഡിനിക്ക് ഭീഷ്മരെ വധിക്കാന്‍ കഴിവുണ്ടെന്നു തിരിച്ചറിഞ്ഞ് ശിഖണ്ഡിയെ സ്വീകരിച്ച് സംരക്ഷിച്ചു.
ഈ സംഭവഗതികള്‍ക്കിടെ അംബയുടെ മറ്റു സഹോദരികളെ വിവാഹം ചെയ്ത വിചിത്രവീര്യന്‍ അമിതഭോഗിയായതിനാല്‍ ക്ഷയരോഗ ബാധിതനായി മരിച്ചു. വംശം അന്യം നില്‍ക്കാതിരിക്കാന്‍ അമ്മ സത്യവതിയെന്ന മത്സ്യഗന്ധി പരാശര മുനിയില്‍ തനിയ്‌ക്കു ജനിച്ച മകന്‍ വേദവ്യാസനെ വിളിച്ചുവരുത്തി അംബികയിലും അംബാലികയിലും സന്തതികളെ ഉല്‍പ്പാദിപ്പിച്ചു. അവരാണ് പാണ്ഡവരും കൗരവരുമായത്. അവരില്‍ പാണ്ഡവരിലെ അര്‍ജ്ജുനനെ സ്വയംവരിച്ച് ദ്രുപദന്റെ മകള്‍ ദ്രൗപതി പാഞ്ചാലിയായപ്പോള്‍ അളിയന്മാരുടെ പക്ഷത്തു ചേര്‍ന്ന് ശിഖണ്ഡി പാണ്ഡവ പക്ഷത്തു ചേര്‍ന്നു.
ലോകൈക വില്ലാളിയാണെങ്കിലും താന്‍ ഒരിക്കലും ഒരു സ്ത്രീയോടു പൊരുതുകില്ലെന്ന് ഭീഷ്മര്‍ പ്രതിജ്ഞ ചെയ്തിരുന്നു. അംബയുടെ ഭീഷ്മവധപ്രതിജ്ഞ അതിനു കാരണവുമായിരുന്നു. കുരുക്ഷേത്ര യുദ്ധകാലത്ത് ഭീഷ്മരെ വധിക്കാതെ പാണ്ഡവ വിഡയം ഉറപ്പിക്കാനാവില്ലെന്നു വന്നപ്പോള്‍, താനാഗ്രഹിക്കുമ്പോഴല്ലാതെ മരിണമില്ലെന്ന വരം നേടിയ സ്വച്ഛന്ദ മൃത്യുവായ ഭീഷ്മറെ എങ്ങനെ വീഴ്‌ത്താമെന്ന് ചോദിച്ച അര്‍ജ്ജുനന് ഭീഷ്മര്‍തന്നെയാണ് അക്കാര്യം പറഞ്ഞുകൊടുത്തത്, സ്ത്രീക്കെതിരേ ആയുധം എടുക്കില്ലെന്ന രഹസ്യം.
അംബയാണ് ശിഖണ്ഡിയെന്നുകൂടി അറിയാമായിരുന്ന ശ്രീകൃഷ്ണന്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തുക, സ്ത്രീ വേഷത്തില്‍ എന്നു നിര്‍ദ്ദേശിച്ചു. ഭീഷ്മരെ അര്‍ജ്ജുനന്‍ വീഴ്‌ത്തി. അംബ രണ്ടാം ജന്മത്തിലായാലും അതു സാധിച്ചു. രണ്ടാം ജന്മത്തിനു ശേഷമായാലും ഭീഷ്മര്‍ക്ക് അറിയാതെ ചെയ്ത പിഴവിന് ശിക്ഷ ലഭിച്ചു. ശിഖണ്ഡിയെ കുരുക്ഷേത്ര യുദ്ധാനന്തരം പടകുടീരത്തില്‍ വിശ്രമിക്കുമ്പോള്‍ അര്‍ദ്ധ രാത്രിയില്‍ പടകുടീരം ആക്രമിച്ച അശ്വത്ഥാമാവാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
















