നീലേശ്വരം: പുഞ്ചാവി കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു പോയി കടല്‍ക്ഷോഭത്തില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളും കടലമ്മയുടെ കനിവിനാല്‍ തിരിച്ചെത്തി. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇത് രണ്ടാം ജന്മം. കാഞ്ഞങ്ങാട് കടപ്പുറത്തെ മണികണ്ഠന് (30), സജേഷ് (26), രാജേഷ് (32), ബാലകൃഷ്ണന് (46), ചന്ദ്രന് (55), ഷാജി (35), മണി (33), കീഴൂരിലെ മുകേഷ് (31), പുഞ്ചാവിയിലെ പ്രവീണ്‍(32), ബംഗാള്‍ സ്വദേശി ഒലിഹര് റഹ്മാന് എന്നിവരാണ് അപകടത്തില്‍ പെട്ടത്. തിങ്കാളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ മത്സ്യബന്ധനത്തിനു പോയ 4 തോണികളില്‍ ഓംകാരം എന്ന തോണിയാണ് അപകടത്തില്‍ പെട്ടത്. കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞുള്ള മടക്കയാത്രയില്‍ സന്ധ്യയോടെ നീലേശ്വരം അഴിത്തലയില്‍ ഒരു കിലോമീറ്ററിനുള്ളിലാണ് തോണി കാണാതായത്. മറ്റ് 3 തോണിയിലുള്ളവര്‍ ഒരു കിലോമീറ്ററിലുള്ളില് ഈ തോണിയെ കണ്ടിരുന്നു. അഴിമുഖത്തേക്ക് കടക്കുമ്പോഴേക്കും കടല്‍ പ്രക്ഷുബ്ധമായിരുന്നു. നന്നേ പ്രയാസപ്പെട്ടാണ് തോണികള്‍ അടുപ്പിച്ചതെന്ന് കരയ്ക്കെത്തിയ തൊഴിലാളികള്‍ പറഞ്ഞു.
10 പേര് അടങ്ങിയ തോണി കാണാതായ വിവരമറിഞ്ഞ് കാഞ്ഞങ്ങാട്, നീലേശ്വരം തീരങ്ങളില്‍ ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. രാത്രിയില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തീരദേശ പോലീസ് രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയിരുന്നു. രാവിലെ വീണ്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് 7 മണിയോടുകൂടി ഇവരെ കണ്ടെത്തിയത്. കരയ്ക്കെത്തിച്ച മത്സ്യത്തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരയില്‍ നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ അപ്പുറത്താണ് മറിഞ്ഞ തോണിയുടെ മുകളില്‍ അള്ളിപ്പിടിച്ച് ഇവര്‍ കഴിഞ്ഞത്. തോണി മറിഞ്ഞതോടെ എന്‍ജിനും തകറാറിലായി. മൊബൈലുകള്‍ നഷ്ടപ്പെട്ടതും തെരച്ചില്‍ നടത്തുന്നവര്‍ക്ക് അപകടത്തില്‍പ്പെട്ടവരുമായി ബന്ധപ്പെടാന്‍ തടസമായി. തങ്ങളെ അന്വേഷിച്ച് ബോട്ടുകളും തോണികളും പരിശോധന നടത്തുന്നത് തങ്ങള്‍ക്ക് കാണാമായിരുന്നു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിച്ചു. പക്ഷെ അവര്‍ കേട്ടില്ല. ആശുപത്രിയില്‍ കിടക്കുന്നവര്‍ പറഞ്ഞു.
ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പവിത്രന്, അഖില കേരള അരയ സമാജം ദുബായ് യൂണിറ്റ് പ്രസിഡണ്ട് സുരേഷ് കാസര്‍കോട്, ജില്ലാ ജോ.സെക്രട്ടറി രവീന്ദ്രന് കാഞ്ഞങ്ങാട് എന്നിവര്‍ അപകത്തില്‍പ്പെട്ടവരെ സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: