ബത്തേരി : ആധുനിക കേരളത്തിന്റെ സാമൂഹിക മണ്ഡലം രൂപപ്പെടുത്തിയ വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും ചരിത്രം പുതിയകാലം പുനര്‍വായന നടത്തുമ്പോള്‍ കപടമതേതരവാദികളും കമ്മ്യൂണിസ്റ്റ് കാപാലികരും ഉറഞ്ഞുതുളളുകയാണ്. ഇതിന്റെ വിഭ്രാന്തിയാണ് ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ ശബ്ദമുഖരിതമാക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭ.സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി ഒരുക്കിയ കാലഹരണപ്പെട്ട കമ്മ്യൂണിസവും കാലാതിവര്‍ത്തിയായ ഹിന്ദുത്വവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിന്റെ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയത് ഹൈന്ദവ ആത്മീയ ആചാര്യന്മാരാണ്. അതുകൊണ്ടാണ് ഒരു തുളളി ചോരപോലും ചിന്താതെ കേരളത്തില്‍ സാമൂഹികമാറ്റങ്ങള്‍ സാധ്യമായത്. ജാതിശ്രേണിയിലെ താഴെതട്ടിലുണ്ടായിരുന്ന പുലയര്‍ക്കും പറയര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് വാദിച്ചതും ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടതും മഹാനായ അയ്യങ്കാളിയാണ്. സംഘടനകൊണ്ട് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ശ്രീനാരായണഗുരുദേവന്‍ നല്കിയ ആഹ്വാനം ഒരു നൂറ്റാണ്ടുമുമ്പുണ്ടാക്കിയ ഉണര്‍വാണ് സ്വതന്ത്രഭാരതത്തില്‍ സാക്ഷരതയില്‍ ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയിലേറെ മുന്നിലെത്താന്‍ കേരളത്തിന് കഴിഞ്ഞത്. ചട്ടമ്പിസ്വാമികളും തൈക്കാട്ട് അയ്യാവുസ്വാമികളും വൈകുണ്ഡസ്വാമികളും തുടങ്ങി ഹൈന്ദവ ആത്മീയ ആചാര്യന്മാര് നല്കിയ വിലപ്പെട്ടസംഭാവനകള്‍ തമസ്ക്കരിച്ചുകൊണ്ട് കേരളീയ നവോത്ഥാനത്തിന്റെ പിത്യത്വം തങ്ങള്ക്കാണെന്നവകാശപ്പെടുന്ന കമ്മ്യൂണിസറ്റുകാരെ പുതിയകാലം പുച്ഛത്തോടെ തിരസ്ക്കരിക്കുകയാണിന്ന്.
മതേതരത്വം, നവോത്ഥാനം എന്ന പദങ്ങള്‍ ഏറെ ദുര്‍വ്യാഖ്യാനിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. മതേതരമായ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഭരണഘടനാവിരുദ്ധമായി മതന്യൂനപക്ഷങ്ങള്‍ക്കായി എന്തും ചെയ്തുകൊടുക്കുന്ന ഇടത്-കോണ്‍ഗ്രസ് ഭരണ നയങ്ങള്‍ക്കെതിരെ ഹൈന്ദവകേരളം ഉണരുന്നതിന്റെ അലയൊലികള്‍ ഇന്ന് എങ്ങും ദൃശൃമാണ്. അമ്പത്തിയൊന്ന് ശതമാനം മുസ്ലീം കുട്ടികള്‍ പഠിക്കുന്ന ഗവ. വിദ്യാലയങ്ങളെ മലബാറില്‍ ഗവ.മാപ്പിള വിദ്യാലയം എന്ന് നാമകരണം ചെയ്യുന്നതിനെ മതേതര ഭരണഘടനുളള ഒരു രാജ്യത്ത് എങ്ങനെ ന്യായീകരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെ ഇടതനും വലതനും ഒരുപോലെ ന്യായീകരിക്കുമ്പോള്‍ മതേതരത്വം എന്നവാക്കിനെപോലും അവര്‍ ബലാല്ക്കാരം ചെയ്യുകയാണ്. പരിപാടിയില്‍ ബാബു കട്ടയാട് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.സുരേഷ്, സി.പി.വിജയന്, ബത്തേരി സഹകരണ കോളേജ് അദ്ധ്യാപകന് കെ.ടി.ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: