മീനങ്ങാടി : ഗോത്രപഴമകളാലും ഐതീഹങ്ങളാലും സമ്പന്നമായ വയനാടിന്റെ പൗരാണിക ചരിത്രത്തിലിടംനേടിയ മാനികാവ് സ്വയംഭൂ മഹാദേവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത ദ്വാദശാഹ മഹായജ്ഞം സമാപനത്തിലേക്ക്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന മഹായജ്ഞത്തില്‍ ഇതിനോടകം പതിനായിരങ്ങള്‍ പങ്കാളികളായി.
യോഗാചാര്യന് പാലക്കാട് എ.കെ.ബാലകൃഷ്ണ പിഷാരടി നയിക്കുന്ന മഹായജ്ഞം ഒക്ടോബര്‍ ഏഴിന് നടക്കുന്ന ലക്ഷദീപ സമര്‍പ്പണത്തോടെ സമാപനത്തിലേക്ക് നീങ്ങുകയാണ്. ലക്ഷദീപ സമര്‍പ്പണത്തില്‍ പങ്കാളിയാകുന്നതിനായി പ്രശസ്ത പിന്നണി ഗായകന് എം.ജി.ശ്രീകുമാറും സുപ്രീകോടതി ജഡ്ജി വിനോദ്കുമാര്‍ ഉള്പ്പെടെയുള്ളപ്രമുഖരും ഇന്നുത ന്നെ ക്ഷേത്രത്തിലെത്തിച്ചേരും. എം.ജി.ശ്രീകുമാര്‍ ആദ്യ ദീപസമര്‍പ്പണം നടത്തും.
മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവന് പശ്ചിമഘട്ടത്തിലെ ഈ കാനനമദ്ധ്യത്തില്‍ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹം. മഹാമുനികാവായി അറിയപ്പെട്ട ഈ സ്ഥലം കാലാന്തരത്തില്‍ മാനികാവായി അടയാളപ്പെടുത്തുകയായിരുന്നു. ശൈവ – വൈഷ്ണവ ചൈതന്യത്തിന്റെ അക്ഷയശ്രോതസും ആര്യ – ദ്രാവിഡ സംഗമ സ്ഥാനങ്ങളിലൊന്നുമാണ് മാനികാവ് മഹാദേവക്ഷേത്രം. പടിഞ്ഞാറെ ദിക്കിന് അഭിമുഖമായി ഉഗ്രമൂര്‍ത്തിയായി നിലകൊള്ളുന്ന ഭഗവാന് ഗോത്രസമൂഹങ്ങളുടെ ആശ്രിത വല്സലന്കൂടിയാണ്. ക്ഷേത്രപരിസരത്തെ പുരാതനമായ 17 വനവാസി ഊരുകളും അതില്‍ പ്രത്യേകിച്ച് അയനിപ്പുര കുറുമക്കുടിയുമായി ബന്ധപ്പെട്ട നിരവധികഥകളും ഈ കാനനക്ഷേത്രത്തിന് പറയാനുണ്ട്. രാരോത്ത് ചെട്ടിമാരും വനവാസി വിഭാഗങ്ങളായ പണിയര്‍, കാട്ടുനായ്ക്കര്‍, ഊരാളിമാര്‍, കുണ്ടുവാഡിയര് എന്നിവരും ഈ ക്ഷേത്രത്തിലെ സ്ഥാനിയരാണ്.
കണ്ണൂര്‍, കോട്ടയം രാജാക്കന്മാരുടെ ഭരണകാലത്ത് ഈ ക്ഷേത്രത്തിന്റെ ഊരായ്മ കൂത്താളി നായര്‍ തറവാടിനും പിന്നീട് കുപ്പത്തോട് നായന്മാര്ക്കുമായിരുന്നു. ഇന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വയനാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നുമാണ് മാനികാവ് സ്വയംഭൂ മഹാദേവ ക്ഷേത്രം. ഒക്ടോബര്‍ എട്ടിന് ഭാഗവത സംഗ്രഹ പ്രഭാഷണ സമര്‍പ്പണത്തോടെ 12 ദിവസം നീണ്ടുനിന്ന മഹായജ്ഞം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: