ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും താഴേതട്ടിലുളള ഭരണ സംവിധാനമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സാരഥ്യം ആര് വഹിക്കണമെന്ന് തീരുമാനിക്കാനുളള കേരളത്തിലെ ജനങ്ങളുടെ അവകാശം വിനിയോഗിക്കാനുള്ള സമയം ആസന്നമായിരിക്കുകയാണല്ലോ. വര്‍ഷങ്ങളായി കണ്ണൂരിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണം സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ട് പ്രബല മുന്നണികളായ ഇടതരും-വലതരും നടത്തി കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തില്‍ പ്രാദേശിക ഭരണ കൂടങ്ങളിലേക്ക് ജന പ്രതിനിധികളെ തെരഞ്ഞെടുത്തയക്കാന്‍ വീണ്ടും ഒരു അവസരം കൈവന്നിരിക്കുന്ന ഈ വേളയില്‍ നാട്ടാര് ഇത്തവണയെങ്കിലും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കേണമേയെന്ന് ഈ എളിയവന് ഓര്‍മ്മിപ്പിക്കട്ടെ. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി ഭരണം നടത്തി ഇന്നും ഓണംകേറാമൂലകളായി ജില്ലയുടെ പല പ്രദേശങ്ങളും നിലകൊളളുകയാണ്. ആറളംഫാം ഉള്‍പ്പെടെയുളള ആദിവാസി മേഖലകളില്‍ ഇന്നും ജനങ്ങള്‍ നിത്യദുരിതംപേറി ജീവിക്കുകയാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വീടുകളും ഒരുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം കയ്യാളിയ മുന്നണികള്‍ അമ്പേ പരാജയപ്പെട്ടുവെന്ന് പ്രദേശങ്ങളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ മനസ്സിലാകുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. മലയോര മേഖലയുള്‍പ്പെടെയുളള ഗ്രാമീണ പ്രദേശങ്ങളില്‍ ഗതാഗത സൗകര്യവും കുടിവെളള സൗകര്യവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇന്നും അന്യംനില്‍ക്കുന്ന അവസ്ഥയിലാണ്. മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കും മണല്‍ മാഫിയകളുള്പ്പെടെയുളളവര്ക്കും വേണ്ടി പൊതുമുതലുകള്‍ ധൂര്ടിച്ച തഴച്ചുവളരുകയായിരുന്നു കഴിഞ്ഞ കുറേ കാലങ്ങളായി തുടര്‍ന്നുവരുന്ന ഈ അന്യായത്തിനൊരു മാറ്റം അനിവാര്യമായിരിക്കുകയാണ്. അതിനാവണം നമ്മുടെ സമ്മതിദാനം ഇത്തവണ വിനിയോഗിക്കപ്പെടേണ്ടത്. ജനാധിപത്യത്തിന്റെ അടിസ്ഥാനം പൗരന്മാരാണെന്ന തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പിലൂടെ ഇടത്-വലത് മുന്നണികള്‍ക്ക് പാഠമാക്കണം. ഭാരതത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ മുന്നേറ്റത്തിലൂടെ രാജ്യത്താകമാനം പ്രത്യേകിച്ച് കേരളത്തിലും കണ്ണൂരിലുമുണ്ടായിക്കൊണ്ടിരിക്കുന്ന വികസനമുന്നേറ്റങ്ങളില്‍ ഭാഗഭാക്കാവാനും അതുവഴി പുതിയൊരു പരീക്ഷണത്തിന് തയ്യാറെടുക്കാനുമുളള അസുലഭ സന്ദര്‍ഭമാണ് ഉരിത്തിരിഞ്ഞിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ജില്ലയിലെ പല പ്രദേശങ്ങളിലും നിലവിലെ പഞ്ചായത്ത് ഭരണ സമിതികളുടെ പിന്തുണയോടെ മണല്‍മാഫിയ സമാന്തര ഭരണം നടത്തുന്ന സാഹചര്യമാണ് നിലവിലുളളത്. ഇവയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. നാട്ടില്‍ വികസനവും ശാന്തിയും സമാധാനവും കൈവരണം.
10ഉം 20ഉം വര്‍ഷം ഭരണം നടത്തിയിട്ടും നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവാത്ത സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ് മുന്നണിയെ വീണ്ടും ഭരിക്കാന്‍ ഏല്‍പ്പിച്ചാല്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രകടന പത്രിക തയ്യാറാക്കാനായി നാടുനീളെ പരാതി പെട്ടിസ്ഥാപിച്ച് സ്വയം പരിഹാസ്യരാവുന്ന കാഴ്ച നമ്മുടെ മുന്നിലുണ്ട്. ഇത്രയും കാലം ഭരിച്ചിട്ട് നടപ്പാക്കാനാവാത്ത കാര്യങ്ങള്‍ ഇനിയങ്ങോട്ട് നടത്തുമെന്നുളള വാഗ്ദാനം വിശ്വസിക്കണോ വേണ്ടയോയെന്ന് പഴയ കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാം തന്നെ സ്വയം തീരമാനിക്കുക. യുഡിഎഫാകട്ടെ അഴിമിതിയുടേയും സ്വജന പക്ഷപാതത്തിന്റെയും തമ്മിലടിയുടേയും മറ്റൊരു വികൃത മുഖമാണ് കഴിഞ്ഞകാലങ്ങളില്‍ പഞ്ചായത്തുകളുടെ ഭരണത്തിലൂടെ നമുക്ക് കാട്ടിതന്നത്. ജില്ലയിലെ 20 പഞ്ചായത്തുകളിലെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പില്‍ അഴിമതി മുഖ്യവിഷയമാവാന് പോവുകയാണ്. സിപിഎം ഭരിക്കുന്ന മലപ്പട്ടം,കുറുമാത്തൂര്‍,തളിപ്പറമ്പ് നഗരസഭ, പയ്യന്നൂര്‍ നഗരസഭ,അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭരണ സമിതികള്‍ക്കെതിരെ അഴിമതി സര്‍വ്വത്ര ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും അഴിമതിക്കഥകള്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നത് ഭരണകക്ഷിയായ സിപിഎമ്മിന് തലവേദനയായി മാറികഴിഞ്ഞിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭയില്‍ കുടിവെളള വിതരണത്തിന്റെ പേരില്‍ പോലും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. യുഡിഎഫ് മുന്നണിക്കാവട്ടെ ചെറുപുഴ, അയ്യന്‍കുന്ന് കണ്ണൂര്‍ ഉള്‍പ്പെടെയുളള തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ കീറാമുട്ടിയായിരിക്കുകയാണ്. ഇത്തരക്കാരെ പാഠം പഠിപ്പിക്കാനും സുതാര്യവും സമത്വസുന്ദരവുമായ ഒരു പുതിയ ദേശസ്നേഹത്തിലധിഷ്ടിതമായ, ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ ഉയര്‍ന്നുവരാന്‍ വേണ്ടിയുളള വിധിയെഴുത്തിനായി വിവേക പൂര്‍വ്വം നാം ഓരോരുത്തരും നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടിയിരിക്കുന്നു എന്നുമാത്രമേ ഇത്തരുണത്തില്‍ കണ്ണൂരാന്‍ പറയാനുള്ളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: