ഗണേഷ് മോഹന്‍
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ കണ്ണൂര്ജില്ലയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തെരഞ്ഞെടുപ്പുകളില്‍ കടുത്ത പോരാട്ടത്തിന് എന്നും വേദിയായിട്ടുളള ജില്ലയില്‍ ഇത്തവണ തുടക്കംതൊട്ടെ ഇടത്-വലത് മുന്നണികള്‍ ഏറെ ആശങ്കയിലാണ്. ബിജെപിയാവട്ടെ കേന്ദ്ര ഭരണവും രാജ്യത്താകമാനവും കേരളത്തിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും പാര്‍ട്ടിക്കനുകൂലമായി ഉണ്ടായിരിക്കുന്ന ജനപിന്തുണയും കാരണം തെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജില്ലയിലെ പഞ്ചായത്തുകളുടെയും നഗരസഭകളുടേയും ഭരണം കാലങ്ങളായി നടത്തിവരുന്ന മുന്നണികളുടെ വികസന വിരുദ്ധതയ്ക്കും അഴിമതിക്കുമെതിരായ വിധിയെഴുത്താവും പുതിയ തെരഞ്ഞെടുപ്പില്‍ സംഭവിക്കുകയെന്ന സൂചനകളാണ് വിവിധ കോണുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുപ്പിന് ഇത്തവണ ഏറെ പ്രത്യേകതകളുണ്ട്. കണ്ണൂരിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്ന കണ്ണൂര്‍ കോര്പ്പറേഷന് യാഥാര്‍ഥ്യമായതിനു ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണ് നവംബര്‍ 2 ന് നടക്കാന്‍ പോവുന്നത്. കോര്പ്പറേഷന് ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും നിലവിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫും ശക്തമായ മുന്നേറ്റം നടത്താന്‍ മാസങ്ങള്‍ക്കു മുന്നേ ഒരുക്കങ്ങള്‍ ആരംഭിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കഴിഞ്ഞ ബിജെപിയും തമ്മില്‍ കടുത്ത ത്രികോണ മത്സരം തന്നെ കോര്‍പ്പറേഷനില്‍ നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
കോര്‍പ്പറേഷനു പുറമെ കണ്ണൂര്‍ നഗരസഭ ഇല്ലാതായതും ആന്തൂര്‍, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠപുരം എന്നീ നാല് പുതിയ നഗരസഭകള്‍ പുതുതായി രൂപംകൊളളുകയും ചെയ്തതും ഇത്തവണത്തെ ജില്ലയിലെ തെരഞ്ഞെടുപ്പിനെ വേറിട്ടു നിര്‍ത്തുന്നു. നിലവിലുള്ള തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നീ നഗരസഭകള്‍ ഉള്‍പ്പെടെ ജില്ലയിലെ നഗരസഭകളുടെ എണ്ണം ഒമ്പത് ആയി മാറിയിരിക്കുകയാണ്. ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ്്് നടക്കുന്നില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 26ല്‍ നിന്ന് 24 ആയി കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനും പുതിയ 4 നഗരസഭകളും നിലവില്‍ വന്നതോടെ പഞ്ചായത്തുകളുടെ എണ്ണം 81ല്‍ നിന്ന് 71 ആയി കുറഞ്ഞിരിക്കുകയാണ്.
കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനം വനിതാസംവരണമാണ്. നിലവിലുള്ള കണ്ണൂര്‍ നഗരസഭയ്ക്കുപുറമെ പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, ചേലോറ, എടക്കാട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കണ്ണൂര്‍ കോര്പ്പറേഷന്. ഇതില്‍ കണ്ണൂര്‍ നഗരസഭ ഇപ്പോള്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. പള്ളിക്കുന്ന്, പുഴാതി, എടക്കാട് എന്നീ പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പമാണ്. ചേലോറ, എളയാവൂര് എന്നിവ എല്‍.ഡി.എഫ്. ഭരണത്തിലാണ്. ഈ സ്ഥിതിവെച്ചുനോക്കുമ്പോള്‍ യു.ഡി.എഫിന് മേല്‍ക്കൈ ആണ് കോര്‍പ്പറേഷനില്‍ ഉള്ളത്. കോര്പ്പറേഷന് വാര്‍ഡുകളിലെ വിജയ സാധ്യത സംബന്ധിച്ച് മുന്നണികള്‍ ഏറെ ആശങ്കയിലാണ്. കാരണം സംസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി നിറഞ്ഞതും ജനദ്രോഹപരവുമായ ഭരണത്തിനെതിരെയും യുഡിഎഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പരാജയവും തങ്ങള്‍ക്ക് വിനയാകുമെന്ന് യുഡിഎഫ് ഭയപ്പെടുമ്പോള്‍ കോര്‍പ്പറേഷന്റെ ഭാഗമായി മാറിയിരിക്കുന്ന സിപിഎം ഭരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ വികസന പിന്നോക്കാവസ്ഥയും പാര്‍ട്ടി സഖാക്കളുടെ വഴിവിട്ട നടപടികളും കോര്പ്പറേഷന് തെരഞ്ഞെപ്പില്‍ തിരച്ചടിയാകുമെന്ന ഭയത്തിലാണ് എല്‍ഡിഎഫ്. ബിജെപിയാവട്ടെ കേന്ദ്രഗവണ്മെന്റ് കണ്ണൂരിനുവേണ്ടിയും രാജ്യത്തെ ജനങ്ങള്‍ക്കാകമാനവും നടപ്പിലാക്കി വരുന്ന സദ്ഭരണം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനുളള വോട്ടും സീറ്റും നേടാന്‍ സഹായകരമാകുമെന്ന ശുഭ പ്രതീക്ഷയിലാണ്. വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് സംഘപരിവാര്‍ സംഘടനകളിലേക്കും ബിജെപിയിലേക്കും ചേക്കേറുന്നത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ സിപിഎം നേതൃത്വത്തിന് കടുത്ത തലവേദനയായിരിക്കുകയാണ്.
2010ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 പഞ്ചായത്തുകളില്‍ യു.ഡി.എഫിന് 28 പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചു. 2005നെ അപേക്ഷിച്ച് ഏഴെണ്ണത്തിന്റെ വര്‍ധന. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 26ല്‍ ആറെണ്ണം യുഡിഎഫിനും ബാക്കി എല്‍ഡിഎഫിനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: