തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയ്ക്ക് ബാങ്കുകള്‍ അമിത പലിശ ഈടാക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ ഭൂരിപക്ഷം പേരും കടക്കെണിയിലായി. നെഴ്സിംഗ് പഠനത്തിനു വായ്പയെടുത്ത വിദ്യാര്‍ത്ഥിനികളാണു തിരിച്ചടവു മുടങ്ങി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്ന് ബിഎസ്സി നെഴ്സിംഗ് ബിരുദം നേടിയവരാണു കടക്കെണിയില്പെട്ടവരില് ഏറെയും. പഠനം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ക്ക് നല്ല വരുമാനമുള്ള ജോലി കിട്ടാത്തതും ഈ മേഖലയില്‍ തൊഴിലവസരം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി.
വിദ്യാഭ്യാസ വായ്പയ്ക്ക് നിലവില്‍ മറ്റേതു വായ്പകളെക്കാളും ഉയര്‍ന്ന പലിശയാണു ദേശസാല്‍കൃത ബാങ്കുകളും ചില ന്യൂ ജനറേഷന് ബാങ്കുകളും ഈടാക്കുന്നത്. ദേശസാല്‍കൃത ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് 12 മുതല്‍ 13.75 ശതമാനം വരെ പലിശ ഈടാക്കുമ്പോള്‍ ന്യൂ ജനറേഷന് ബാങ്കുകള്‍ 18 ശതമാനം പലിശയ്ക്കാണു വായ്പ നല്‍കുന്നത്.
2014 ല്‍ ആരംഭിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതി ചെലവേറിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സാധാരണക്കാരനും കടന്നു ചെല്ലാവുന്ന സാഹചര്യം സൃഷ്ടിച്ചു. വായ്പയുടെ ചതിക്കുഴി മനസിലാക്കാതെ സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളാണു വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചത്. നാലു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടൊന്നും ഇല്ലാതെ നല്‍കിയതോടെ വായ്പയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചെത്തി.
കേരളത്തില്‍ കര്‍ഷക ആത്മഹത്യയ്ക്ക് തുടക്കമിട്ട വയനാട് ജില്ലയില്‍ നിന്നു തന്നെ ആദ്യമായി വിദ്യാഭ്യാസ വായ്പ തിരിച്ചടവു മുടങ്ങിയ യുവതിയുടെ ആത്മഹത്യാ വാര്‍ത്തയുമെത്തി. വിദ്യാഭ്യാസ വായ്പാ പദ്ധതി അവതരിപ്പിച്ച് എട്ടു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. നിരവധി ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും ഉണ്ടായെങ്കിലും നാള്‍ക്കുനാള്‍ വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്ക് ഉയര്‍ന്നതല്ലാതെ ഒരു ശതമാനം പോലും കുറഞ്ഞില്ല. നാലും അഞ്ചും വര്‍ഷത്തെ പഠനം കഴിഞ്ഞ് തുച്ഛമായ ശമ്പളത്തില്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ജോലി കിട്ടുന്നവര്‍ വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കിലെത്തുമ്പോഴാണു അപകടം മനസ്സിലാകുന്നത്. ഇതോടെ വായ്പയെടുത്തു നേടിയ ബിരുദവും കൈയില്‍ വച്ച് ബാങ്കുകളുടെ ഭീഷണിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ആത്മഹത്യയുടെ വക്കിലെത്തുകയാണു പലരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: