കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയ ബാങ്ക് കൊളള ചെയ്യാനുണ്ടായ സംഭവത്തില്‍ ബാങ്ക് അധികൃതരുടെ വീഴ്ച അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സാധാരണ സ്ട്രോംഗ് റൂമിന്റെ അധികമുള്ള താക്കോല്‍ അതേ ബാങ്കിന്റെ തൊട്ടടുത്തുള്ള ശാഖയില്‍ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ കവര്‍ച്ച നടന്ന ദിവസം താക്കോല്‍ ബാങ്കില്‍ തന്നെ ഉണ്ടായത് ദുരൂഹതയുണ്ടാക്കുന്നു. കവര്‍ച്ചക്കാര്‍ അകത്ത് കടന്നത് സ്ട്രോംഗ് റൂം തകര്‍ക്കാനുള്ള യാതൊരു ഉപകരണങ്ങളുമില്ലാതെയാണ്. സാധാരണ ഗ്യാസ് കട്ടര്‍, കമ്പിപ്പാര എന്നിവ ഉപയോഗിച്ചാണ് ഇത്തരം മോഷണങ്ങള്‍ നടത്താറുള്ളത്. എന്നാല്‍ വിജയ ബാങ്ക് കവര്‍ച്ച നടത്താനെത്തിയവര്‍ ഇത്തരത്തിലുളള ഒരായുധവും കൈവശം സൂക്ഷിക്കാത്തത് താക്കോലിനെപ്പറ്റി നേരത്തെ കവര്‍ച്ചക്കാര്‍ക്ക് വിവരം ലഭിച്ചതിനാലാകാമെന്നും സൂചനയുണ്ട്. ഇത് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. പ്രതികള്‍ വിജയ ബാങ്കിനകത്തേക്ക് ഒരു ഉപകരണങ്ങളും ഇല്ലാതെ പോയി സ്ട്രോങ്ങ് റൂമിലെ ലോക്കറുകള്‍ താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ഉണ്ടായ സാഹചര്യം ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് പോലീസ് നോക്കിക്കാണുന്നത്. ബാങ്കിന്റെ സുരക്ഷയിലും അധികൃതര്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ബാങ്കിനകത്ത് സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ട്രോംഗ് റൂമിനകത്ത് ഇത്തരം സംവിധാനങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: