പയാട്: നാടൊന്നടങ്കം ഗാന്ധിജയന്തി ആഘോഷിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനാചരണം നടത്തി പുലിവാലു പിടിച്ചു. വിളപ്പില്‍ പഞ്ചായത്തിലെ കുണ്ടമണ്കടവിലാണു കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും പ്രാദേശിക നേതാക്കളും ചേര്‍ന്ന് ഗാന്ധിജിയുടെ ചരമദിനാചരണം സംഘടിപ്പിച്ചത്. കുണ്ടമണ്‍കടവിലെ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് ചുവട്ടില്‍ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം ചാരിവച്ച് ഹാരാര്‍പ്പണം നടത്തി. വാര്‍ഡ് മെമ്പര്‍ പങ്കജാക്ഷി അമ്മ എത്തി ചിത്രത്തിനരികില്‍ ദീപവും തെളിച്ചു. എന്നാല്‍ ഗാന്ധി ചിത്രത്തില്‍ രക്തസാക്ഷിത്വ ദിനമെന്ന് വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയാണു സ്ഥാപിച്ചതെന്നു മാത്രം.
ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിനിന്ദ നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ ജനം പ്രതിക്ഷേധവുമായി രംഗത്തെത്തിയതോടെയാണു വാര്‍ഡ് മെമ്പര്‍ക്കും കൂട്ടര്‍ക്കും അക്കിടി മനസിലായത്. ഉച്ചയോടെ ചിലരെത്തി ഗാന്ധി ചിത്രം എടുത്തുകൊണ്ടുപോയി. സംഭവമറിഞ്ഞ് ജനക്കൂട്ടവും പോലീസും സ്ഥലത്തെത്തി. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തിയെങ്കിലും ഗാന്ധിജിയെ അപമാനിച്ചത് പൊറുക്കാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. വാര്‍ഡ് മെമ്പര്‍ക്കും കോണ്‍ഗ്രസ് പ്രാദേശിക ഘടകത്തിനുമെതിരെ പോലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണു നാട്ടുകാര്‍. ഗാന്ധിജിയുടെ ജന്മദിനവും ചരമദിനവും തിരിച്ചറിയാന്‍ കഴിയാത്ത ജനപ്രതിനിധിക്കെതിരെ പ്രദേശത്ത് പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: