നെയ്യാറ്റിന്‍കര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം തകര്‍ന്നടിയുന്നത് കോടിയേരിക്ക് കാണേണ്ടിവരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി ബിജെപിയോട് അടുക്കാന്‍ ശ്രമിക്കുന്നത് രണ്ടുപേരുടെയും നാശത്തിനാണെന്ന കോടിയേരിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര എസ്എന്‍ഡിപി യൂണിയന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു വെള്ളാപ്പള്ളി.
കേരളത്തിലെ സാംസ്കാരിക പരിഷ്കര്‍ത്താക്കളെന്ന് സ്വയം അഹങ്കരിക്കുന്ന സിപിഎമ്മും ഭരണപക്ഷമായ കോണ്‍ഗ്രസും തന്നെ വേട്ടയാടുകയാണ്. ഇതിന്റെപരിണിത ഫലം തെരഞ്ഞെടുപ്പോടെ ഇവര്‍ക്ക് എസ്എന്‍ഡിപി കാണിച്ചു കൊടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാംമുന്നണി ഉടന്‍ ഉണ്ടാകില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞെങ്കിലും ഉദ്ഘാടന പ്രസംഗത്തിനിടെ വെള്ളാപ്പള്ളി പരോക്ഷമായി സൂചിപ്പിച്ചത് പുതിയ മുന്നണിയില്‍ അണിചേരണമെന്നും മുന്നണി രൂപം കൊണ്ടതിനു ശേഷം മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് ചിന്തിക്കാമെന്നുമാണ്.
രാഷ്ട്രീയ മുതലാളിമാര്‍ക്ക് താന്‍ ഈഴവ സമൂഹത്തോട് അനുകമ്പ കാണിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. ഈഴവര്‍ ജാതി പറയാന്‍ പാടില്ലാത്തവരാണെന്നു പറഞ്ഞ് ഇടതു പക്ഷം, പ്രത്യേകിച്ച് സിപിഎം ധാര്‍ഷ്ട്യം കാട്ടുന്നു. മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ ന്യൂനപക്ഷ സമൂഹത്തിന് വാരിക്കോരിനല്കിയിട്ടും പട്ടിണി കിടന്ന ഭൂരിപക്ഷ സമൂത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. ദല്‍ഹിയിലെ എകെജി സെന്ററില്‍ ചെന്ന്സംവരണത്തെ ക്കുറിച്ച് ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാലാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ സമീപിച്ചത്. അദ്ദേഹം എല്ലാ പിന്തുണയും നല്കിയ ശേഷവും സി.പി.എം സംവരണത്തിന്റെ പേരുപറഞ്ഞാണ് വോട്ട് പിടിക്കാന്‍ നടക്കുന്നത്. 25 കൊല്ലക്കാലം കേരളം ഭരിച്ചിട്ടും അവരെ കൊണ്ട് അതിനു സാധിക്കാത്തത് കഴിവുകേടാണ്. ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നാണ് ഗുരുദേവന് പറഞ്ഞതെന്നും അല്ലാതെ വിഎസ് പറയുന്നതു പോലെ നമ്മുടെ ശിവനെ അല്ലെന്നും തെളിവുകള്‍ നിരത്തി വെള്ളാപ്പള്ളി വിഎസ്സിനു മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: