കണ്ണൂര്‍: സമയബന്ധിതമായി ജോലി തീര്‍ക്കാത്ത കരാറുകാരെ കരിമ്പട്ടികയില്പ്പെടുത്തുന്നതുള്പ്പെടെയുളള നടപടികളെടുക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. കാരറുകാരുടെ യോഗം ഒരാഴ്ചക്കകം വിളിച്ചുചേര്‍ക്കും.
ടെണ്ടര്‍ ചെയ്ത് എഗ്രിമെന്റ് വെച്ചിട്ടും പല റോഡുകളുടെയും ജോലി തുടങ്ങാത്ത സ്ഥിതിയാണ്. റോഡ് വിഷയത്തില്‍ ജനങ്ങളുടെ മുന്നില്‍ ഇറങ്ങാന്‍പറ്റാത്ത അവസ്ഥയാണെന്നും കഴിഞ്ഞ ദിവസം നാട്ടുകാര്‍ തന്റെ വീടിനു മുന്നില്‍ സമരംവരെ നടത്തിയെന്നും ജില്ലാ പഞ്ചായത്ത് അംഗം കെ.രവീന്ദ്രന്മാസ്റ്റര് പറഞ്ഞു. ഇ-ടെണ്ടര്‍ നടപടി സുതാര്യമാവുന്നില്ലെന്നും കരാറുകാര്‍ തമ്മില്‍ പരസ്പര ധാരണയുണ്ടാക്കുകയാണെന്നും പി.മാധവന്‍മാസ്റ്റര്‍ പറഞ്ഞു. പണി പൂര്‍ത്തീകരിക്കാത്ത കരാറുകാരെ വിളിച്ചുവരുത്തി കരാര്‍ അവസാനിപ്പിക്കണമെന്ന് പി.പി. മഹമൂദ് ആവശ്യപ്പെട്ടു. പി.പി.ദിവ്യ, ഡെയ്സിമാണി തുടങ്ങിയവരും ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത പദ്ധതികളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് പകരം എക്സി.എഞ്ചിനീയര്‍മാരെ നിര്‍വ്വഹണ ഉദേ്യാഗസ്ഥരാക്കും. ഏഴോം ഗ്രാമ പഞ്ചായത്തില്‍ 2010 ല്‍ ആരംഭിച്ച പോപ്പ് കോളനി, 2012 ലെ പഞ്ചാരക്കളം കുടിവെളള പദ്ധതികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാനാവാത്തത് സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന് ഉദേ്യാഗസ്ഥരുടെ അനാസ്ഥ കാരണമാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും എം.വി.രാജീവന് ആവശ്യപ്പെട്ടു.
മന്ത്രി കെ.സി.ജോസഫിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് കണിയഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുവദിച്ച് നിലവില്‍ ഹൈസ്കൂള്‍ വിഭാഗം കൈവശംവെക്കുന്ന 4 ക്ലാസ് മുറികളില്‍ 2 എണ്ണം അടിയന്തിരമായി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള ഹെഡ്മാസ്റ്റര്‍ക്ക് നിര്‍ദ്ദേശം നല്കി.
കരിമ്പം ഫാമിലെ തൊഴിലാളികളുടെ സ്റ്റാഫ് പാറ്റേണ്‍ 15 വര്‍ഷം മുമ്പുളളതാണെന്നും ഇത് പുനര്‍നിര്‍ണ്ണയിക്കണമെന്നും ആവശ്യമുയര്‍ന്നു. അവിടെ നടക്കുന്ന തൊഴിലാളി സമരം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് പ്രസിഡണ്ട് മറുപടി നല്കി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ നാരായണന്, വികസന സ്ഥിരം സമിതി അധ്യക്ഷ എ.പി.സുജാത എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: