ആറ്റം നിര്‍മ്മാണംപോലും മനസ്സാണ് കണ്ടുപിടിച്ചത്. അതിനാല്‍ മനസ്സ് ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്. മനസ്സിന്നാധാരമായിരിക്കുന്ന ജീവന്‍ മനസ്സിനെക്കാളും ചെറുതാണ്. അറിയുന്നവനായ ജീവന്റെയും ഉത്ഭവസ്ഥാനമായ ആത്മാവ് എല്ലാത്തിനെക്കാളും സൂക്ഷ്മമാണ്. വലുതാണെന്ന ഭൂതാകാശം മാനസാകാശത്തില്‍ ഒടുങ്ങുന്നു. മാനസാകാശം ചിദാകാശമായ ആത്മാവില്‍ ഒടുങ്ങി നില്‍ക്കുന്നു. അതുകൊണ്ട് ആത്മാവ് ഏത് വലുതിനും വലുതാണ് (മഹതോമഹിയാന്‍).
മാണിക്കവാചകര്‍ തിരുവാചകത്തിലെ തിരുവണ്ഡ അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്, അനന്തരം ബ്രഹ്മാണ്ഡങ്ങളും മേല്‍ക്കൂരവഴി വീട്ടിനുള്ളില്‍ പ്രവേശിക്കുന്ന സൂര്യരശ്മികളില്‍ കളിയാടുന്ന രേണുജാലങ്ങളെപ്പോലെയാണെന്ന്. അണ്ഡങ്ങളെല്ലാം കേവലം അണു മാത്രം വലിപ്പമുള്ളതെന്നു പറയത്തക്കവണ്ണം അത്ര വലിയവനാണ് സൂര്യരശ്മിയുടെ സ്ഥാനമുള്ള ബ്രഹ്മസ്വരൂപിയായ ഈശ്വരന്‍ എന്നും.
















