1926- ജനുവരി 23ന് മഹാകവി മുതുകുളം ശ്രീധരന്, മുതുകുളം വില്ലേജില്‍ മാലിമേല്‍ കിഴക്കേതില്‍ വീട്ടില്‍ ഗൗരിയമ്മയുടേയും വാസുദേവന്‍ പിള്ളയുടേയും മകനായി ജനിച്ചു. മലയാള സാഹിത്യരംഗത്ത് ജാഡകള്‍ ഒന്നും തന്നെയില്ലാതെയും ഒരു ലോബിയുടെയും ആളാകാതെയും സ്വന്തസിദ്ധമായ കഴിവിലൂടെ സാധാരണക്കാരനായ മുതുകുളം ശ്രീധരന് മഹാകവിയായിത്തീര്ന്നുവെങ്കില് അതിനുപിന്നിലെ പ്രയത്നം ചെറുതല്ലെന്ന് കവിതന്നെ പറയുന്നു.
ആരുടെ മുന്നിലും തന്റേതായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിക്കാണിക്കുവാന്‍ ഇദ്ദേഹത്തിന് മടിയുമില്ല. അതുകൊണ്ടുതന്നെപലരുടെയും വിമര്‍ശനത്തിനും ഒറ്റപ്പെടുത്തലിനും വിധേയനാകുകയും ചെയ്തിട്ടുണ്ട്. ബാല്യത്തില്‍ തന്നെ അസാധാരണ ധീഷണാശക്തി കാട്ടിയിരുന്നതാണ് ഈ എതിര്‍പ്പിന്റെ മൂലകാരണമെന്നാണ് ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അസൂയയോ അസഹിഷ്ണുതയോ ഏതായാലും ഒരു കാര്യം വാസ്തവം തന്നെ. വാളിന്റെ വായ്ത്തലയിലൂടെയുള്ള സഞ്ചാരം പോലെയായിരുന്ന ബാലനായ ശ്രീധരന്റെ ജീവിതം ഒരു പരിധിവരെ.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശ്രീധരന്, പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മയുടെ ശിഷ്യനും പ്രസിദ്ധനുമായ മുതുകുളം നാരായണന് നായര്‍ ആശാനില്‍നിന്നും സംസ്കൃതം പഠിക്കാന്‍ തുടങ്ങി. തുടര്‍ന്നു മുതുകുളം കെ.വി. സംസ്കൃതസ്കൂളില്‍ ചേര്‍ന്നുപഠിച്ചു. ശാസ്ത്രി പരീക്ഷ ജയിച്ചശേഷം സാമ്പത്തിക ബുദ്ധിമുട്ടുകാരണം മദ്രാസ് യൂണിവേഴ്സിറ്റിയുടെ ശിരോമണി പരീക്ഷയ്ക്ക് പ്രൈവറ്റായി പഠിച്ചു. പക്ഷേ പരീക്ഷയ്ക്കു ചേരാന്‍ സമയമായപ്പോഴേക്കും യൂണിവേഴ്സിറ്റി പ്രൈവറ്റ് പരീക്ഷ നിര്‍ത്തലാക്കി. ആയിടെ തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി ആരംഭിച്ച സാഹിത്യ വിശാരദ് പരീക്ഷ പ്രൈവറ്റായി പഠിച്ചു ജയിച്ചു. എന്നിട്ടും കാലയാപനത്തിനു വഴിയില്ലാതെ വിഷമിച്ചു. മെട്രിക്കുലേഷന്‍ പരീക്ഷ പ്രൈവറ്റായി പഠിച്ചു വിജയിച്ചു. ഏതെങ്കിലും ജോലി തരപ്പെടുത്താനായി ബോംബേയ്ക്കു തിരിച്ചു. മിലിട്ടറിയില്‍ ചേര്‍ന്നു. സൈനികനായി ഒമ്പതുകൊല്ലത്തോളം ജോലി നോക്കി.
ബോംബേയ്ക്കു തിരിക്കുന്നതിനുമുമ്പുതന്നെ മലയാള രാജ്യം, കേരള കലാനിധി എന്നീ ആനുകാലികങ്ങളില്‍ കഥകളും കവിതകളും പ്രസിദ്ധപ്പെടുത്തിയിരുന്നു. പലപ്പോഴും പരിഹാസ ശരങ്ങള്ളേറ്റുവെങ്കിലും തളരാതെ സാഹിത്യത്തെയും കവിതയെയും ഉള്ളില്‍ ഒതുക്കിയും നിരവധി സൃഷ്ടികള്‍ക്ക് രൂപം കൊടുത്തും ഭാരതപര്യടനം നടത്തി ജീവിതം തള്ളിനീക്കി.
ആദ്യമായി പ്രസിദ്ധീകരിച്ച കവിതയാണ് പുലരി. ആ കലാസൃഷ്ടിക്ക് അര്‍ഹിക്കുന്ന അംഗീകാരവും ലഭിക്കാതിരുന്നില്ല. നാട്ടില്‍ ഒരു ജോലി ലഭിക്കാന്‍ അവസരം ഉണ്ടായപ്പോള്‍ മിലിട്ടറി വിട്ടുപോരാന്‍ ശ്രമിച്ചു. ശ്രീധരനെതിരെ നാട്ടില്‍ത്തന്നെ പലരും പിന്നില്‍ നിന്നും കുത്താന്‍ തുടങ്ങി. നിസ്സാരനായ മുതുകുളം ശ്രീധരനെ തുണയ്ക്കാന്‍ കരുണാനിധിയായ അമ്മ മാത്രം. മലയാളത്തില്‍ ബിഎയും സംസ്കൃതത്തില്‍ എംഎയും ജയിച്ച മുതുകുളം ശ്രീധരന്, മുതുകുളം ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെ, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് സംസ്കൃതത്തിന്റെയും മലയാളത്തിന്റെയും റിസോഴ്സ് പേഴ്സണായി നിയമിച്ചു.
മുതുകുളം ഹൈസ്കൂളില്‍നിന്നു റിട്ടയര്‍ ചെയ്ത ശേഷം തിരുവനന്തപുരം വിദ്യാധിരാജ സ്കൂളുകളിലും പോസ്റ്റുഗ്രാജുവേറ്റ് സെന്ററിലും ഏറെനാള്‍ അധ്യാപകനായിരുന്നു.
കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ റിസര്‍ച്ച് അസോസിയേറ്റായി മൂന്നുകൊല്ലത്തോളം പ്രവര്‍ത്തിച്ച് വാത്മീകി രാമായണത്തിനു ഒരു ധാതുപാനം രചിച്ച് സര്‍വകലാശാലയെ ഏല്‍പ്പിച്ചിരുന്നു. അതു വലിയ അംഗീകാരമായി കവി ഇന്നും കാണുന്നു.
അക്കാലത്ത് ശൃംഗേരി മഠത്തിലെ ശങ്കരാചാര്യ സ്വാമികള്‍ ഭാരതീ തീര്‍ത്ഥസ്വാമികള്‍, കവിതയിലൂടെ സ്വാഗതമാശംസിച്ച മുതുകുളം ശ്രീധരനെ ‘സുകവിഃഖല്വേഷ:’ എന്നുപറഞ്ഞ് അനുഗ്രഹിക്കയുണ്ടായി.
നായര്‍ സര്‍വീസ് സൊസൈറ്റി ചങ്ങനാശ്ശേരിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സര്‍വീസ് ദൈ്വവാരികയില്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പ്രയോജനകരമായ നിരവധി ഗുണപാഠ കഥകളും യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളും കവിതകളും നവതിയിലെത്തി നില്‍ക്കുമ്പോഴും കവി പ്രസിദ്ധീകരിക്കാറുണ്ട്.
തൊണ്ണൂറിലെത്തിയ ശ്രീധരനെ മുതുകുളം സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആദരിക്കുകയുണ്ടായി. ആ ചടങ്ങിലെ ഉദ്ഘാടകന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആയിരുന്നു. ബിജെപി കലാ സാംസ്കാരിക വിഭാഗം ഉണര്‍വിന്റെ നേതൃത്വത്തില്‍ കലാ സാംസ്കാരിക-സാഹിത്യരംഗത്തെ പ്രതിഭകളെ പങ്കെടുപ്പിച്ച് മഹാകവിയുടെ നവതി ആഘോഷം ചെന്നിത്തലയില്‍ ഒരു ഗ്രാമോത്സവമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അമൃതകീര്‍ത്തി പുരസ്കാര പ്രഖ്യാപനം.
കവിയുടെ രചനകളില്‍ ഊര്‍മിള(ഖണ്ഡകാവ്യം), അനുഭവങ്ങള്‍(ചെറുകഥ) , ബാല കഥകള്‍, വ്യാകരണം, ഖണ്ഡകവിതകള്‍ ഉള്‍പ്പെടെ കേരള പാണിനി എ.ആര്.രാജരാജവര്‍മയുടെ കേരള പാണിനീയത്തിന് ചര്‍ച്ചയും തിരുത്തും പൂരണവും രചിച്ചു. ഭാഷാഭൂഷണത്തിന് ചര്‍ച്ചയും തിരുത്തും പൂരണവും രചിച്ചു. ചട്ടമ്പിസ്വാമികളെ സ്മരിച്ചുകൊണ്ട് ശ്രീവിദ്യാധിരാജ ചരിതാമൃതം, ശ്രീനാരായണ ഗുരുദേവനെ പ്രകീര്‍ത്തിച്ചുകൊണ്ട് ശ്രീനാരായണ ഗുരുദേവ ചരിതാമൃതം, ഗുരുദേവ ശിഷ്യന് ശ്രീഗുരുധര്മാനന്ദ സ്വാമികളെക്കുറിച്ചുള്ള ശ്രീധര്മാനന്ദ ചരിതാമൃതം, നിരവധി സുഭാഷിതങ്ങള്‍, അമൃതാവതാരം നാടകം, അമൃത ഗിരഃ (തര്‍ജമ), അമൃതാംബിക ചരിതം ഗദ്യം, ശ്രീ നീലകണ്ഠഗുരുപാദ ചരിതം, ശ്രീ ശുഭാനന്ദ ഗുരുദേവനെക്കുറിച്ചുള്ള ശ്രീശുഭാനന്ദ ഗുരുദേവ ചരിതം, മാതാ അമൃതാനന്ദമയിദേവിയെക്കുറിച്ചുളള അമൃതായനം എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്.
പണ്ഡിത രത്നം, കവിരാജന്, മഹാകവി വള്ളത്തോള്‍ സ്പെഷ്യല്‍ പുരസ്കാരം, വളളത്തോള്‍ സാഹിത്യസമിതി ആദികവി പുരസ്കാരം, ഭാഷാ പാണിനി പുരസ്കാരം, ശ്രീവിദ്യാധിരാജ ദര്‍ശന പുരസ്കാരം, കാട്ടുവള്ളില്‍ അമ്മന്‍കോവില്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പരേതയായ എല്‍.വി. പൊന്നമ്മയാണ് ഭാര്യ. മക്കള്‍: ശ്രീകുമാരി, ശ്രീലേഖ, ശ്രീകല.
(ബിജെപി കലാസാംസ്കാരിക വിഭാഗം സെല്‍
‘ഉണര്‍വ്’ സംസ്ഥാന കണ്‍വീനറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: