പുലര്‍ച്ചെയുള്ള ഫ്ളൈയിറ്റിന് എത്തിയതേയുള്ളൂ. അവള് നല്ല ഉറക്കം പിടിച്ചിരിക്കുന്നു. എനിക്കാണങ്കില്‍ കിടന്നിട്ട്, കണ്ണമര്‍ത്തി അടയ്ക്കാന്‍ പോലും പറ്റുന്നില്ല. കുറ്റബോധം വല്ലാതെ ശ്വസംമുട്ടിക്കുന്നു. നെഞ്ചില്‍ ആരോ ഒരു പാറക്കഷ്ണം കൊണ്ടിട്ടിരിക്കുന്നു. ഇതിപ്പോള്‍ രണ്ടാമത്തെ തവണയാ ഇങ്ങനെ ഒരു മടക്കം. ഇനി ഇതിനുവേണ്ടി ലീവുതരാന് പറ്റില്ലെന്ന് ബോസ് തീര്‍ത്തുപറഞ്ഞു. ഇനി ഈ ആഴ്ചയെങ്ങാനും ആ വിവരം വന്നാല്‍…
ഈ കിടക്കുന്നത് എനിക്ക് എല്ലാം തരുന്ന ഭാര്യയായിട്ടും അവളും തീര്‍ത്തു പറഞ്ഞിരിക്കുന്നു ഇനിയെന്തങ്കിലും വിവരം വന്നിട്ട് എഴുന്നള്ളിയാമതീന്ന്. ആ വിവരം വല്ല വെള്ളിയാഴ്ചയും ആയാമയിയെന്ന് അവള് പല സുഹൃത്തുക്കളോടും, ഞാന്‍ കേള്‍ക്കുന്നില്ല എന്നമട്ടില്‍ പറയുന്നത് പലതവണ ഈ ചെവികൊണ്ട് കേട്ടിരിക്കുന്നു. പല കാര്യങ്ങളിലും ബധിരനും മൂകനുമായ ഞാന്‍ ഈ കാര്യത്തിലും എന്റെ പതിവ് തുടര്‍ന്നു. ആദ്യം അവളുടെ സംസാരത്തില്‍ ഇത്തിരി നീരസം തോന്നിയെങ്കിലും ഒന്നോര്‍ത്താല്‍ അവളു പറയുന്നതിലും കാര്യമുണ്ടയിരുന്നു.
വെള്ളിയാഴ്ച കഴിഞ്ഞാല്‍ രണ്ടുദിവസം അവധി. അതുകഴിഞ്ഞ് ഒരു ദിവസം ലീവെടുത്ത് ചൊവാഴ്ച രാവിലെ ഓഫീസില്‍ പോകാം. അവളെയും കുറ്റപ്പെടുത്താന്‍ വയ്യ. ഈ കാണുന്ന ഫഌറ്റും കാറും അവളുടെ കൂടി പേരിലാ… പാവം ഈ വര്‍ഷത്തെ ടാര്‍ഗറ്റ് അതാണവളുടെ തലനിറയെ…
ഏതു നിമിഷവും ആ വിവരം എസ്ടിഡി കോളായി എത്തുന്ന ഞെട്ടലിലും ആകാംക്ഷയിലുമായിരുന്നു പിന്നെയുള്ള കുറേ ദിവസങ്ങള്‍. ഹോം നേഴ്സിനു കൊടുക്കുന്ന മാസ ശമ്പളം ബാങ്കിലെ ഇഎംഐയില്‍ വരുത്തിയ കുറവ് അവള്‍ക്ക് എന്നോടുള്ള മെക്കിട്ട് കേറല് കൂടുതല്‍ എളുപ്പമാക്കി…
കുറ്റബോധത്തിന്റെ ശ്വാസംമുട്ടല്‍ ഇത്തിരി കുറയുന്നതയി അയാള്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആയിടയ്ക്കാണ് മോനുവിന് ഒരു പനി പ്രത്യക്ഷപ്പെട്ടത്. പനി ന്യൂമോണിയയായി മാറാന്‍ ഏറെ താമസമുണ്ടായില്ല. ഇല്ലാത്ത സമയവും ലീവും കണ്ടെത്തിയുള്ള അയാളുടെയും ഭാര്യയുടെയും ഹോസ്പിറ്റല്‍ യാത്രകള്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതായി. കാശും ലീവും സമയവും ഏറെ നഷ്ടപ്പെടുത്തിയെങ്കിലും മോനു ഒരുവിധം സുഖം പ്രാപിച്ചു.
മോനുവിനൊത്തുള്ള രോഗയാത്രകള് ആ വിവരത്തെക്കുറിച്ചുള്ള ഭാര്യയുടെയും എന്റെയും ആകാംക്ഷ നേര്‍ത്ത്നേര്‍ത്ത് തീരെ ഇല്ലാതാക്കി. അസുഖത്തിനുശേഷം ആദ്യമായി അയാളും ഭാര്യയും മോനുവിനെയും കൊണ്ട് നഗരം ചുറ്റാന്‍ ഇറങ്ങി.
ഏറെ ദിവസങ്ങള്‍ക്കുശേഷം ഭാര്യയും മോനുമൊത്തുള്ള നിമിഷങ്ങള്‍ എറെ ആസ്വാദ്യകരമായി തോന്നി. ന്യൂമോണിയ പിടിപെട്ടതിനുശേഷം തണുത്ത ഭക്ഷണങ്ങളൊന്നും മോനുവിനേ വിഷമിപ്പിക്കാതിരിക്കാന്‍ താനും ഭാര്യയും കഴിച്ചില്ലെന്ന് അയാളോര്‍ത്തു. ഭാര്യയുടെ ആഗ്രഹം അപ്പോഴാണ് ഒരു ഐസ്ക്രീം ആയി രൂപം പ്രാപിച്ചത്. ഐസ്ക്രീം വില്‍പ്പനക്കാരനേയും തിരഞ്ഞുള്ള യാത്രയില്‍ തന്റെ ഫോണ്‍ ഒന്നു ചിലച്ചതായി അയാള്‍ക്ക് തോന്നി. അയാള്‍ തന്റെ ടച്ച് സ്ക്രീനില്‍ പാറ്റേണ്‍ വരച്ചപ്പോള്‍ അയാള്‍ക്ക് കുറച്ച് ദിവസങ്ങളായി ചിന്തയില്‍ നിന്നു പോലും അപ്രത്യക്ഷമായ ഒരു നമ്പറായിരുന്നു തെളിഞ്ഞുവന്നത് . മോനുവിന് സുഖമില്ലാതായതിനുശേഷം ഇങ്ങനെ ഒരു നമ്പര്‍ തന്റെ റീസന്റ് കോള്‍ ലിസ്റ്റില്‍ തീരെ ഇല്ലാതായിരിക്കുന്നു.
ആ വിവരത്തേക്കുറിച്ചുള്ള ആകാംക്ഷ കുറഞ്ഞുവന്നതിനാല്‍ അയാള്‍ ഐസ്ക്രിം കച്ചവടക്കാരനെത്തേടിയുളള തന്റെ തിരച്ചില്‍ തുടര്‍ന്നു. അങ്ങനെ മൂന്ന് അമൂല്‍ ഐസ്ക്രിം വാങ്ങിയുള്ള തന്റെ മടക്കയാത്രയില്‍ നേരത്തെ തെളിഞ്ഞ നമ്പറിലേക്കൊന്നു തിരിച്ചു വിളിച്ചപ്പോള്‍ അങ്ങേത്തലയ്ക്കല്‍ കുമാരനേട്ടനായിരുന്നു രാജേന്ദ്രാ… നിന്റമ്മ പോയെടാ, എന്നാലും എങ്ങനേ തോന്നി നിനക്ക് ഈ കിടത്തം കണ്ട്…പോകാന്‍, കുമാരേട്ടന് ഒന്നു കഴീന്നില്ല, നി എപ്പോഴെത്തും?
കൈയിലേ ഐസ്ക്രീമാണോ താനാണോ ഒലിച്ചു പോയത്, അവസാനം ആ വിവരം വന്നിരിക്കുന്നു, കാത്തിരുന്ന ആ വിവരം. പക്ഷെ അമ്മയുടെ രൂപത്തിനു പകരം അയാള്‍ക്ക് മനസ്സില്‍ എത്തിയത് ഭാര്യയുടെ രൂപമായിരുന്നു. ഇന്ന് ഞായറാഴ്ച അവളോടിത് എങ്ങനെ പറയും , പറഞ്ഞാല്‍ അവള്…
എവിടുന്നോ ധൈര്യം വരുത്തി അയാള്‍ ഒഴിഞ്ഞ ഐസ്ക്രീം കപ്പുമായി നടന്നു നീങ്ങി. ആ അവസാന വിവരം കേട്ട് അവള് ഇങ്ങനെ പ്രതികരിച്ചു. നാശം ഈ നേരത്താണോ? ലീവും സമയവും ഇല്ലാത്ത ഈ നേരത്ത്, അവള് എന്റെ എല്ലാം തരുന്ന ഭാര്യ അങ്ങനെ പലതും പറയുന്നുണ്ടായിരിന്നു. അയാള്‍ അന്നും പതിവുപോലെ മൂക-ബധിരനായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: