തുഞ്ചന്റെ ശേഷമെന്‍
നാടിന്റെ നെഞ്ചിലൊരു
പഞ്ചവര്‍ണക്കിളി പാറി
അന്നോളമറിയാത്തൊ-
രനുഭൂതിതന്‍ തിരയി-
ലൊന്നോടെ കൈരളിമുങ്ങി!
കവിത ഹൃദയത്തിന്റെ
താളത്തിലുണരുന്ന
കവിത-ഹൃദയത്തിലേക്കൊഴുകി
ചുടുചോര തൂലിക
ത്തുമ്പിലേക്കൂറിവ-
ന്നഴകുവിരിയിച്ചൊരക്കാലം
യുഗചലനഭംഗികള്
സമ്മിശ്രജീവിത-
ത്വരകള്‍ പരിവര്‍ത്തന ധ്വനികള്‍
ഇടിനാദമായുയരു
മടിമതന് ഗര്‍ജനം
നെടുവീര്‍പ്പിലമരുന്ന സ്വപ്നം
ഇടചേര്‍ന്നു കവിതയുടെ
സ്വരതാളഭംഗികളി-
ലിടയനൊരുവന് നിന്നുപാടി
അഴകാല്‍ നീന്തിത്തുടി-
ച്ചറിയാതെ കവനകല
ലഹരിയായ് ജനതകൊണ്ടാടി
നിമിഷ സത്യങ്ങള്‍ക്കു
നിറമാരിവില്ലിന്റെ
രുചിയേറ്റി വാങ്മയംതുള്ളി
ധനുമാസ ചന്ദ്രികയി-
ലേഴിലം പാലയുടെ
ധവള സുമസൗരഭ്യമൂറി
മലയമന്ദാനിലന്
മലയാള മണ്ണിന്റെ
മണവും ചുരത്തിവന്നെത്തി
മധുരാക്ഷരങ്ങളെ
പുല്കവേ ഭാഷയ്ക്കു
മഹനീയ നക്ഷത്രകാന്തി!
അസ്ഥിയുടെ പൂക്കളായി
വാക്കുവിരിയുന്നൊരാ
ശക്തിസൗന്ദര്യ പ്രവാഹം;
പ്രണയത്തിനും വ്രണിത
ഹൃദയത്തിനും നടുവി-
ലണയാത്ത കൈത്തിരികൊളുത്തി
അഴലിന്റെ ചൂളകളി
ലാറാതെ നീറുമൊരു
ഹൃദയം പറിച്ചിളയ്ക്കേകി
യുഗ സങ്കടത്തിന്റെ
കവിയായ് പൊലിഞ്ഞ നിന്
തുടികൊട്ടുമസ്ഥിമാടത്തില്
തിലബിന്ദു വാലല്ല
ഹൃദയരക്തത്തിനാല്‍
ബലി നല്കുവാന് ഞങ്ങളെത്തി
ഇടരാര്ന്നൊരായുഗ-
സ്പന്ദങ്ങളോരോന്നു-
മിടിനാദമായ് ഞങ്ങള്‍ കേള്‍ക്കെ
അറിയാതെ കോരി-
ത്തരിപ്പൂ കടമ്പുപോ-
ലുടലാകെ മുട്ടുന്നൂഹര്ഷം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: