പരപ്പനങ്ങാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പുകള്‍ പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഇനി ഉറക്കമില്ലാത്ത ദിനങ്ങളാണ്. പരപ്പനങ്ങാടിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം സ്ഥാനാര്‍ത്ഥികളെയാണ് കണ്ടെത്തേണ്ടത്. മൊത്തം 45 വാര്‍ഡുകളില്‍ 22 എണ്ണം വനിതകള്‍ക്കും 21 പൊതുവിഭാഗത്തിനും ഒരോ വാര്‍ഡുകള്‍ പട്ടികജാതി വനിതക്കും, പട്ടികജാതി പൊതുവിഭാഗത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്. 22 വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നേതാക്കള്‍. മുന്നണികളുടെ പടലപിണക്കത്തിന്റെ തലവേദന വേറെയും. സംവരണ വിവരം വന്നതോടെ സ്ഥാനാര്‍ത്ഥി കുപ്പായം നേരത്തെ തയിച്ചവരില് ഭൂരിഭാഗവും നിരാശയിലാണ്. അണികളില്‍ പലരും അസംതൃപ്തരാണ്. ജനങ്ങളോട് നിവര്‍ന്നുനിന്ന് വോട്ടു ചോദിക്കാന്‍ ആര്‍ക്കും ധൈര്യം പോരാ. കാരണം കഴിഞ്ഞ വര്‍ഷങ്ങളിലെ ചെയ്തികള്‍ തന്നെയാണ്.
മുന്നണികളിലെ പ്രധാനകക്ഷികള്‍ വല്ല്യേട്ടന്മാരായി മുന്നണി മര്യാദകള്‍ തെറ്റിക്കുന്നതിനാല്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ഒരുങ്ങുകയാണ് ഘടകകക്ഷികളില്‍ പലരും. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ലീഗിന്റെ ആധിപത്യം തകര്‍ക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളും സജീവമായിട്ടുണ്ട്. പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ വിഷയത്തില്‍ കൈകൊണ്ട നിലപാടില്‍ തീരദേശ എങ്ങനെ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന ആശങ്ക വലിയൊരു ചോദ്യചിഹ്നമായി ലീഗിന് മുന്നില്‍ ഉയരുന്നു. ഈ കാരണത്താല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തീരദേശ മേഖലയില്‍ ലീഗിന് കാലിടറിയിരുന്നു. പകുതിയും വനിതകളായതിനാല്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്നത് ദുഷ്കരമാണ്.
കുടുംബശ്രീയിലൂടെയും തൊഴില്‍ രംഗത്തും സംഘാടന മികവ് പ്രകടിപ്പിച്ച വ്യക്തിപ്രഭാവമുള്ള വനിതകള്കളെ കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്നെങ്കിലും സംവരണത്തില്‍ തട്ടി മാറി നില്‍ക്കേണ്ടി വന്ന നേതാക്കള്‍ സ്വന്തം ഭാര്യമാരെ ഗോദയിലിറക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. പരപ്പനങ്ങാടി പഞ്ചായത്ത് നഗരസഭയായതോടെ നിലവിലെ ഭരണകകക്ഷിയായ ലീഗിന് വീണ്ടും ഭരണത്തിലെത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: