കല്‍പ്പറ്റ : ജില്ലയിലെ 14 ആര്‍എംഎസ്എ സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന് സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടാകാത്തതിനെതുടര്ന്ന് ജില്ലയിലെ 14 ആര്‍എംഎസ്എ സ്കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ചും സത്യാഗ്രഹവും നടത്തി. രാവിലെ 11 മണിയോടെ ജൈത്ര തിയേറ്ററിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് ആര്‍എംഎസ്എ സ്കൂള്‍ സംരക്ഷണസമിതി കണ്‍വീനര്‍ ബെന്നി ആന്റണി, കെ.യു.മമ്മൂട്ടി, കെ.റഫീഖ്, ആലി കുഞ്ഞോം തുടങ്ങിയവര്‍ നേതൃത്വം നല്കി. കടുത്ത ചൂടിനെയും ഉച്ചയോടെ പെയ്ത കനത്ത മഴയെയും അവഗണിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. ഇവരുടെ ന്യായമായ ആവശ്യത്തിന് മുന്പില് മുട്ടുമടക്കിയ ജില്ലാ ഭരണകൂടം സംരക്ഷണ സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. തുടര്‍ന്ന് മൂന്ന് മണിയോടെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി.
ജില്ലാകളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സമരത്തിന് പരിഹാരമുണ്ടാക്കിയത്. ഇംഗ്ലീഷ് ,ബയോളജി അധ്യാപകരെ നിയമിക്കാമെന്നും ക്ലാര്‍ക്കുമാരുടെ മുടങ്ങിയ ശമ്പളം നല്‍കാമെന്നും അധ്യാപകര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. ആര്‍എംഎസ്എ സ്കൂള്‍ സംരക്ഷണസമിതി കണ്‍വീനര്‍ ബെന്നി ആന്റണി സമരം ഉദ്ഘാടനം ചെയ്തു. പി.എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബിജെ പി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്, ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്, വേണു മുള്ളാട്ട്, ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഓരോ വിദ്യാലയത്തിലും 14 അധ്യാപകര്‍ വീതം വേണം. എന്നാല്‍ അഞ്ചുപേര്‍ വീതം മാത്രമാണ് നിലവിലുള്ളത്. നിലവിലുള്ള ബയോളജി ടീച്ചര്‍ക്കും ക്ലാര്‍ക്കിനും ശമ്പളമില്ല. അധ്യാപകരെ നിയമിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന മനുഷ്യാവകാശ കമ്മീഷന് ഉത്തരവും നടപ്പിലായിട്ടില്ല. 14 സ്കൂളുകളിലെ 28 അറ്റന്‍ഡര്‍മാര്‍ക്ക് ഒന്‍പത് മാസമായി ശമ്പളമില്ല. മുഖ്യമന്ത്രിയെ നേരില്‍കണ്ട് ഗൗരവം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് കുഞ്ഞോത്തെ ആര്‍എംഎസ്എ(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്) ഹയര്‍സെക്കണ്ടറി സ്കൂള്‍ പൂട്ടി. 110 കുട്ടികളാണ് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇവിടെയുള്ളത്. ഹൈസ്കൂള്‍ വിഭാഗം ആര്‍എംഎസ്എ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം അപ്ഗ്രേഡ് ചെയ്യുകയായിരുന്നു. 2010ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ജില്ലയില്‍ 14 ആര്‍എംഎസ്എ വിദ്യാലയങ്ങള്‍ ആരംഭിച്ചത്. പ്രവര്‍ത്തനചിലവിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമുണ്ടായിട്ടും സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒന്നും ചെയ്തില്ല. നിയമിച്ച അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതെയും നിരവധി തസ്തികകളില്‍ നിയമനം നടത്താതെയും സംസ്ഥാന സര്‍ക്കാര്‍ ആര്‍എംഎസ്എ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. പല വിദ്യാലയങ്ങളും പൂട്ടുമെന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ആര്‍എംഎസ്എ സ്കൂള്‍ സംരക്ഷണസമിതി സമരത്തിനിറങ്ങാന്‍ ഇടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: