കണ്ണൂര്‍: കുട്ടമത്ത് ശ്രീധരന് മാസ്റ്ററുടെ വിയോഗം നമ്മുടെ ദേശീയ സംസ്കാരത്തിന് സംഭവിച്ച നികത്താനാവാത്ത നഷ്ടമാണെന്ന് തപസ്യ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മേലത്ത് ചന്ദ്രശേഖരന് പ്രസ്താവനയില്‍ പറഞ്ഞു. വടക്കേ മലബാറിലെ പാരിസ്ഥിതിക മാലിന്യങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ ഒരു വീരഭടനായിരുന്നു കുട്ടമത്ത് ശ്രീധരന്. നമ്മുടെ നാടന്‍ കലകളുടെ ആധികാരികമായ ശബ്ദം കുട്ടമത്ത് മാഷുടെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സജീവമായി മുഴങ്ങിക്കേള്‍ക്കുകയുണ്ടായി. അദ്ദേഹം എഴുതിയ ചിലമ്പിട്ട ഓര്‍മ്മകള്‍ എന്ന പുസ്തകം ഒരു മാസ്റ്റര്‍ പീസ് കൃതിയാണ്. അത് കൊടക്കാട്ട് കണ്ണന് പെരുവണ്ണാന്റെ ജീവചരിത്രം മാത്രമല്ല, നമ്മുടെ നഷ്ടപ്പെട്ടുപോയ ദേശീയ സംസ്കാരത്തിന്റെയും നാടോടി പാരമ്പര്യത്തിന്റെയും ഒരു പ്രതിരോധ ശക്തി കൂടിയായിരുന്നു. ഭാഷയുടെ പഴമ തേടി അദ്ദേഹം എപ്പോഴും സഞ്ചരിച്ചു. പയസ്വിനി നദിയുടെ തീരത്തും നേത്രാവതി നദിയുടെ തീരത്തും സംവത്സരങ്ങള്‍ക്ക് മുമ്പ് ജീവിച്ച ആദിവാസികളുടെ ഭാഷ വെച്ചുകൊണ്ട് കുട്ടമത്ത് ശ്രീധരന് മാസ്റ്റര്‍ നടത്തിയ ഗവേഷണം ചരിത്രത്തിന്റെ ആധികാരിക രേഖ കൂടിയാണ്. തപസ്യ കലാസാഹിത്യവേദിയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. തപസ്യയുടെ പ്രത്യേക ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: