മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവനും ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചാണല്ലോ ചര്‍ച്ച ചെയ്യുന്നത്. അതെ, മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നെറ്റിനും അതിന്റെ ഭാഗഭാക്കായ യന്ത്രസംവിധാനങ്ങള്‍ക്കും സവിശേഷ പ്രാധാന്യം ഉണ്ട് എന്നത് സമ്മതിക്കാതെ തരമില്ല. ഇവിടെയാണ് ഡിജിറ്റല്‍ അന്തരം അഥവാ ഡിജിറ്റല്‍ ഡിവൈഡ് എന്ന് വിളിക്കപ്പെടുന്ന അസമത്വ പ്രശ്നം ഉള്ളത്. അതായത് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രാപ്യമായവരും (digital have’s) ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവരും (digital have nots) തമ്മിലുള്ള അകലം. ഈ അകലം ഇല്ലാതാക്കാന്‍ പലവിധ പ്രതിബന്ധങ്ങളും ഉണ്ട്. ഉപകരണത്തിന്റെ വില, അത് ഉപയോഗിക്കാനുള്ള സാങ്കേതിക അറിവ് എന്നിവ മാത്രമല്ല ഇതില്‍ ഉള്‍പ്പെടുന്നത്.
മാധ്യമങ്ങളിലെ വാര്ത്താപൂരത്തിനിടെ ശ്രദ്ധിച്ച ഒരു ചെറുവാര്‍ത്തയുണ്ട്. ഭാരതത്തിലെ 50,000 ത്തോളം ഗ്രാമങ്ങളില്‍ മൊബൈല്‍ ശൃംഖല എത്തിക്കാനായി സാര്‍വത്രിക സേവന നിധി അഥവാ യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നും പണം എടുത്ത് കമ്പനികളെക്കൊണ്ട് ഈ അവസാന കണക്ടിവിറ്റി (ലാസ്റ്റ് മൈല്‍) ലഭ്യമാക്കാന്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പദ്ധതിയിടുന്നു എന്ന വാര്‍ത്ത.
അതെ ഡിജിറ്റല്‍ ഇന്ത്യയെ നിര്‍മിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ഇതുകൊണ്ട് പട്ടിണി മാറുമോ എന്നൊക്കെ ചോദിച്ചു കൊണ്ടുള്ള പല എഴുത്തുകളും കണ്ടു. അതെ പട്ടിണി മാറ്റാനാകും എന്നുതന്നെയാണ് ഉത്തരം. രാജ്യത്ത് ഉപഗ്രഹ സംവിധാനം കൊണ്ടുവരാന്‍ പദ്ധതിയിട്ടപ്പോഴും, ടെലിവിഷന്‍ ശൃംഖലയ്ക്ക് വിത്ത് പാകിയപ്പോഴും അന്നത്തെ ഭരണാധികാരികളും ഈ ചോദ്യത്തെ അഭിമുഖീകരിച്ചിരുന്നു.
ഇന്ദിരാഗാന്ധിയും വിക്രം സാരാഭായിയും പടുത്തുയര്‍ത്തിയ അടിത്തറയില്‍ നല്ല ബലിഷ്ഠമായ ടെലികോം അടിത്തറ ഉണ്ടാക്കാന്‍ രാജീവ് ഗാന്ധിക്ക് സാം പിട്രോദ എന്ന ദീര്‍ഘദര്‍ശിയായ എഞ്ചിനീയറെക്കൊണ്ട് സാധിച്ചു എന്നത് ചരിത്രമാണ്, ആ ചരിത്രം അങ്ങനെ മായുകയും ഇല്ല. അന്ന് രൂപസംവിധാനം ചെയ്ത CDOT ടെലിഫോണ്‍ എക്സ്ചേഞ്ച് ആണ് ശരിക്കും ഡിജിറ്റല്‍ ഇന്ത്യയുടെ ആണിക്കല്ല്. തുടര്‍ന്ന് നാടൊട്ടുക്ക് വന്ന STD/ISD ടെലിഫോണ്‍ ബൂത്തുകള്‍ ടെലകോം സാക്ഷരതയില്‍ അല്ലെങ്കില്‍ എത്തപ്പെടലില് കാര്യമായ പങ്കുണ്ടാക്കി.
ഈ ഡിജിറ്റല്‍ ബാക്ക്ബോണ്‍ സ്വാഭാവികമായും ദക്ഷിണേന്ത്യയില്‍ IT/ITeS കമ്പനികളുടെ വരവിനു വഴിവൊരുക്കി. പിന്നീടുള്ളത് സമീപകാല ചരിത്രം. ഇന്ന് ഏതാനും സംസ്ഥാനങ്ങളുടെ നടവരവും തൊഴില്‍ അവസര ലഭ്യതയും അതിന്റെ പരോക്ഷ തൊഴില്‍ ദിനങ്ങളും എല്ലാം കടപ്പെട്ടിരിക്കുന്നത് ഡിജിറ്റല്‍ വ്യൂഹങ്ങളോടാണ്.
ഇന്ന് മാനുഫാക്ചറിങ് വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് ചോദിച്ചാല്‍ അറിയാം പാക്കേജിങ്ങിനു എന്തു പ്രാധാന്യമാണ് ഉത്പന്നത്തിന്റെ വില്‍പ്പനയില്‍ എന്ന്. അതുപോലെ Digital India എന്ന പാക്കിങ് നടത്തുന്നു, മിശ്രണം കൂടി നന്നായാല്‍ നേട്ടം സമൂഹത്തിന്റെ എല്ലാ തട്ടിലും ആകും.
പക്ഷെ ഈ പാക്കേജിങ്ങിലെ ഒരു അപകടം, പൂര്‍വസൂരികളെ മറക്കുന്നു എന്നാണ്. വിക്രം സാരാഭായ്, സാം പിട്രോദ, നന്ദന് നിലേകാനി എന്നീ ടെക്നോക്രാറ്റുകള്‍ക്ക് പോയകാല പ്രധാനമന്ത്രിമാരില്‍ ഉണ്ടായിരുന്ന സ്വാധീനം ഇന്നിന്റെ ഡിജിറ്റല്‍ യാഥാര്‍ത്ഥ്യത്തില്‍ മറക്കുവതെങ്ങനെ. ഇവരോട് ഇണങ്ങാവുന്നതും പിണങ്ങാവുന്നതുമായ പല വിഷയങ്ങളുമുണ്ട്, അതല്ല ഇവിടെ പ്രതിപാദ്യം. മോദിയും വളരെ മെച്ചമായി പ്രൊഫഷണല്‍ തികവോടെ ഭാരതത്തെ ഡിജിറ്റല്‍ രാജ്യമാക്കാനുള്ള ജോലി ചെയ്യുന്നു, അതും നല്ലത് തന്നെ.
അതുപോലെ തന്നെ ഇപ്പോഴത്തെ ഡിജിറ്റല്‍ ഇന്ത്യ നേരിടുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ ഭാരതത്തിലെ എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക എന്നതാണ്, അതിനുള്ള യത്നത്തില്‍ ഗൂഗിളും ഫേസ്ബുക്കും മൈക്രോസോഫ്ടും വരെ പലതരത്തില്‍ പങ്കാളികള്‍ ആകുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് ഒരു അവസരമാക്കി നെറ്റ് ന്യൂട്രാലിറ്റി പൊലെയുള്ളതില് പിന്‍വാതില്‍ അജണ്ട കയറ്റുമെങ്കില്‍ അത് നമുക്ക് എതിര്‍ക്കാം, ഉറപ്പായും.
ഡിജിറ്റല്‍ ഇന്‍വസ്റ്റ്മെന്റ് അനിവാര്യതയാണ്, അതിന്റെ തിരിച്ചുലാഭം ഡിജിറ്റല്‍ ഡിവിഡന്റായി കിട്ടുന്നത് ഇനിയും ഇന്റര്‍നെറ്റ് സേവനം എത്താനിരിക്കുന്ന ലക്ഷോപലക്ഷം ആളുകള്‍ക്ക് കൂടിയാണ്. ഇവിടെ സര്‍ക്കാര്‍ ഒരു നിയന്ത്രണാധികാരി (റഗുലേറ്റര്‍) യുടെ ജോലി ഈ പരസ്യകോലാഹലങ്ങള്ക്കപ്പുറം ഫലപ്രദമായി നിര്‍വഹിക്കേണ്ടതുണ്ട്. അത് എങ്ങനെ എന്നത് ചോദ്യം, കാത്തിരുന്ന് കാണേണ്ടതും.
വിരാമതിലകം: പാടത്തെ കര്‍ഷകര്‍ക്ക് വിപണിയിലെ വില എത്രയെന്ന് അറിയുന്നത് ശാക്തീകരിക്കലാണ്, പല തട്ടിലെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നുള്ള വിടുതലാണ്, ഗ്രാമ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെച്ചപ്പെട്ട ടെലിമെഡിസിന്‍ കിട്ടുന്നതും ഡിജിറ്റല്‍ ഡിവിഡന്റ് തന്നെ. അതെ ഇന്റര്‍നെറ്റ് അക്കൗണ്ട് വേണമെന്നില്ല, ഫേസ്ബുക്കോ ട്വിറ്ററോ കാണണമെന്ന് പോലുമില്ല. എന്തിനധികം ‘ഗൂഗോളവല്‍ക്കരണം’ അനുഭവിക്കപോലും ചെയ്യാത്തവരുടെ ജീവിതത്തിലും ഡിജിറ്റല്‍ ഇന്ത്യ അനുഭവവേദ്യമാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: