കണ്ണൂര്‍: കേരളത്തില്‍ ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 25,000 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര കപ്പല്‍ഗതാഗത വകുപ്പ് മന്ത്രി പൊന്രാധാകൃഷ്ണന് പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചെംബര്‍ ഓഫ് കോമേഴ്സ് നോര്‍ത്ത് മലബാറിലെ അഴീക്കല്‍ തുറമുഖവും ദേശീയപാതാ വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം സ്ഥലമേറ്റെടുക്കാനുള്ള നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നാല് വരിപ്പാതയാക്കാം. കണ്ണൂര്‍ തലശ്ശേരി ബൈപാസ് നിര്‍മിക്കുന്നത് കൂടുതല്‍ സ്ഥലമേറ്റെടുക്കുന്നതിന് വഴിവെക്കും. ഇത്തരം സാഹചര്യത്തില്‍ ബൈപാസ് സംവിധാനം മാറ്റി ഫ്ളൈ ഓവറിനെ കുറിച്ച് ചിന്തിക്കാം. എന്നാല്‍ ബൈപാസ് അത്യാവശ്യമാണെങ്കില്‍ സ്ഥലമേറ്റെടുക്കുന്ന നടപടി ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇരുനൂറോളം ചെറിയ തുറമുഖങ്ങളും 12 വന്‍കിട തുറമുഖങ്ങളുമുണ്ട്. സാഗര്‍മാലാ പദ്ധതിയില്‍ കണ്ണൂരിലെ അഴീക്കല്‍ പോര്ടിനെ ഉള്‍പ്പെടുത്തും. ഇന്ത്യയിലെ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ആരംഭിച്ച സാഗര്‍മാലാ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സമ്പൂര്‍ണ്ണ വികസനമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ അധ്യക്ഷത വഹിച്ചു. ബി.മഹേഷ് ചന്ദ്രബാലിഗ, ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു. പി.ഷനില്‍ സ്വാഗതവും സച്ചിന് സൂര്യകാന്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: