ഇരിട്ടി: ഇടത് വലത് മുന്നണികള്‍ക്ക് ബദലായി കേരളത്തില്‍ ബിജെപി വളര്‍ന്നുകഴിഞ്ഞുവെന്നും വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറുമെന്നും യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജു ഏളക്കുഴി അഭിപ്രായപ്പെട്ടു. ബിജെപി പടിയൂര്‍ പഞ്ചായത്ത് കണ്വെന്ഷന് കുയിലൂരില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്തുനിന്നുതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സാകട്ടെ രാജ്യത്തുനിന്നും തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബിജെപി ലക്ഷ്യം വെക്കുന്ന കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ പ്രീണനത്തിനായി മത്സരിക്കുന്ന കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഭൂരിപക്ഷ സമുദായങ്ങളെ ദ്രോഹിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. അഴിമതികാര്യങ്ങളിലും മറ്റും ഇരുമുന്നണികളും ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടത്തുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ആവേശമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിപിഎം നേതാക്കളുടെ മക്കളുമടക്കമുള്ള യുവസമൂഹം വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വോട്ടുചെയ്യുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. ഇതില്‍ വിറളിപൂണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികള്‍ നുണപ്രചരണങ്ങളും അക്രമങ്ങളും നടത്തുന്നത്. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള എട്ടിന ക്ഷേമ പദ്ധതികളും മുദ്ര ബേങ്കിംഗ് സംവിധാനവും സാധാരണക്കാര്‍ക്ക് സഹായകരമാകുന്നതാണെന്നും ബിജു ചൂണ്ടിക്കാട്ടി.
യോഗത്തില്‍ വികെജി ഊരത്തൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍മാസ്റ്റര്‍, സി.വി.നാരായണന്, എ.എം.പുഷ്പജന്‍, എം.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. കെ.ഉദേഷ് സ്വാഗതം പറഞ്ഞു. ബിജെപി പടിയൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി എ.എം.പുഷ്പജന്‍ (ചെയര്മാന്) കെ.ശശീന്ദ്രന് (കണ്‍വീനര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയെ തെരഞ്ഞെടുത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: