തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ മണല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിമര്‍ശനത്തിനിടയാക്കിയ കാര്യങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷിക്കേണ്ട ഗുരുതരമായ അഴിമതിയാണ് തളിപ്പറമ്പ് നഗരസഭയില്‍ മണല്‍ ഇടപാടില്‍ നടന്നിട്ടുള്ളത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് നഗരസഭാ മാര്‍ച്ച് നടത്തും. മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യു.
ഇ-മണല്‍ മ്പ്രദായം നിലവില്‍ വന്നതിന് ശേഷം 2012-13ല്‍ തൊഴില്‍ കൂലിയിനത്തില്‍ കടവ് കണ്‍വീനര്‍മാര്‍ക്ക് നല്കിയ കോടികള്‍ക്ക് വ്യക്തമായ കണക്കില്ലെന്ന ഗുരുതരമായ പ്രശ്നങ്ങളാണ് ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ച നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്ക് വന്ന 2011-12, 12-13 കാലയളവിലെ ഓഡിറ്റിംഗ് റിപ്പോര്‍ട്ടിലാണ് ഈ കാര്യമുള്ളത്. ഇ-മണല്‍ സമ്പ്രദായം ആരംഭിച്ചതുമുതല്‍ മണല്‍പാസിന്റെ വിലയില്‍ നിന്നും റോയല്‍റ്റി, സ്ഥാപന വിഹിതം, നികുതികള്‍, തൊഴില്‍കൂലി എന്നീ ഇനങ്ങളിലുള്ള തുക ഓരോ അലോട്ട്മെന്റിലെയും കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റവന്യൂ വകുപ്പ് മുഖേന കൈമാറുകയാണ് ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍ തൊഴില്‍ കൂലി ഇനത്തില്‍ ലഭിക്കുന്ന തുക ഓരോ മണല്‍ കടവുകളിലെയും കണ്‍വീനര്‍മാര്‍ക്ക് ചെക്ക് മുഖേന കൈമാറും. തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ കുപ്പം, നണിച്ചേരി, കമ്പില്‍, തുണ്ടിയില്‍ എന്നീ നാലു കടവുകളാണുള്ളത്. 2012 ഓഗസ്റ്റില്‍ 14,67,900 രൂപയും 35,49,200 രൂപയും ഒക്ടോബറില്‍ 53,76,400 രൂപയും നവംബറില്‍ 70.79,600 രൂപയും ഡിസംബറില്‍ 30,69,600 രൂപയും തൊഴിലാളി കൂലിയിനത്തില്‍ കടവ് കണ്‍വീനര്‍മാര്‍ക്ക് കൈമാറിയിരുന്നു.
2013 ജനുവരിയില്‍ 50,32,000 രൂപയും ഫെബ്രുവരിയില്‍ 63,17,600 രൂപയും മാര്‍ച്ചില്‍ 47,36,800 രൂപയും ഇങ്ങനെ കൈമാറിയിട്ടുണ്ട്. ആകെ 3,66,29,100 രൂപയാണ് വ്യക്തമായ കണക്കില്ലാതെ തൊഴില്‍ കൂലിക്ക് കടവ് കണ്‍വീനര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ കടവ് കണ്‍വീനര്‍മാര്‍ക്ക് ഓരോ തവണയും നല്കുന്ന തുകയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പ്രത്യേക രജിസ്റ്ററുകളൊന്നും നഗരസഭയില്‍ തയ്യാറാക്കിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നും ഗംഗാധരന് ചൂണ്ടിക്കാട്ടി. ഇത്രയും ഭീമമായ തുക വ്യക്തികള്‍ക്ക് കൈമാറുമ്പോഴും തുകയുടെ വിനിയോഗ വിവരങ്ങള്‍ ലഭ്യമാക്കുകയോ, തുകകള്‍ പൂര്‍ണ്ണമായും കൂലിയിനത്തില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഗംഗാധരന് ആരോപിച്ചു. ആവശ്യമായ മസ്റ്ററോളില്ല, മണല്‍ക്കടവുകളിലെ കണ്‍വീനര്‍മാരില്‍ ഭൂരിഭാഗവും താല്കാലിക തൊഴിലാളികളാണ്. ഇത്രയും ഭീമമായ തുക കൈകാര്യം ചെയ്യുന്ന കടവ് കണ്‍വീനര്‍മാര്‍ 50 രൂപ മുദ്രപത്രത്തില്‍ ഒരു എഗ്രിമെന്റ് വെക്കുന്നുണ്ട് എന്നത് മാത്രമാണ് ആകെയുള്ള സുരക്ഷാ നടപടിയെന്നും ഇത് പര്യാപ്തമല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ കടവുകളില്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ അര്‍ഹതപ്പെട്ട കൂലി തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം ഓരോ കടവിലെയും സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൂലിയിനത്തിലെ തുക മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തോണി വാടക ഉള്‍പ്പെടെയുള്ളചെലവുകളുടെ വൗച്ചറുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈകാര്യങ്ങളെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം വേണമെന്നും ഗംഗാധരന് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് എം.രാഘവന്, ജനറല്‍ സെക്രട്ടറിമാരായ പി.ഗംഗാധരന്, ബേബി സുനാഗര്‍, മറ്റുഭാരവാഹികളായ കെ.രവീന്ദ്രന്, പി.സുദര്ശനന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: