അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മേല്‍പ്പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് യുവമോര്‍ച്ച മങ്കട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായ അങ്ങാടിപ്പുറത്ത് കൂടിയുള്ള യാത്ര ദുസഹമായിരിക്കുകയാണ്. ഇഴഞ്ഞു നീങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തി ശരിക്കും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. പലതവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലേക്ക് രോഗികളെയും കൊണ്ട് നിരവധി ആംബുലന്‍സുകള്‍ ഈ റോഡിലൂടെ വരാറുണ്ട്. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യവും ഇതുവഴി കടന്നുപോകുന്നത്. നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതം മന്ദഗതിയിലായതുകൊണ്ട് തന്നെ പ്രദേശത്ത് പൊടി ശല്ല്യം രൂക്ഷമായിട്ടുണ്ട്. യാത്രക്കാരും സമീപവാസികളും പൊടിശല്ല്യത്താല് ബുദ്ധിമുട്ടുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി ഇടക്കിടെ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പറയുന്നതല്ലാതെ യാതൊരു പുരോഗതിയും പാലത്തിന്റെ കാര്യത്തിലില്ല. മന്ത്രിയുടെ വികസന സന്ദേശയാത്രയും അടുത്തിടെ കടന്നുപോയത് ഈ തകര്‍ന്ന റോഡിലൂടെ തന്നെയാണ്. ചെറിയൊരു പദ്ധതി പോലും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകാത്ത മന്ത്രി എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന് യുവമോര്‍ച്ച ചോദിക്കുന്നു.എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒാനാടം പാലം, മാന്നത്ത്മംഗലം ബൈപ്പാസ് നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ എന്നിവ ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം മിഥുന് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി. രതീഷ്, കെ.ടി. അനില്‍കുമാര്‍, ജില്ലാ ട്രഷറര്‍ ഷിനോജ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: