തിരുവനന്തപുരം: വഴുതയ്ക്കാട് കണ്‍സ്യൂമര്‍ഫെഡ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഹാളിന്റെ ഉദ്ഘാടന വേദിയില്‍ അഭിഭാഷകര്‍ അതിക്രമിച്ച് കയറിയത് നാടകീയ രംഗങ്ങള്‍ക്കും സംഘര്‍ഷത്തിനുമിടയാക്കി. അഭിഭാഷക സമൂഹത്തെ പൂര്‍ണമായി അവഗണിച്ചതായി ആരോപിച്ച് അഭിഭാഷകര്‍ വേദിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.പി. ജയചന്ദ്രന് മൈക്കിലൂടെ പ്രതിഷേധം അറിയിച്ചു. ചടങ്ങ് നടത്തുന്നതിലൂടെ ആര്‍ഭാടവും അഹങ്കാരവും ധാര്‍ഷ്ട്യവും കാണിക്കുകയാണെങ്കില്‍ അഭിഭാഷക സമൂഹം അത് അനുവദിക്കില്ലെന്ന് ജയചന്ദ്രന് പറഞ്ഞു. ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് ഇവര്‍ വേദിയിലേക്ക് എത്തിയത്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് പി.ക്യു. ബര്‍ക്കത്തലിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നു ബോധപൂര്‍വം അഭിഭാഷകരെ അകറ്റിനിര്‍ത്തുകയാണെന്ന് അഭിഭാഷകര്‍ ആരോപിച്ചു. പ്രതിഷേധത്തിന് ശേഷം മടങ്ങിപ്പോയ അഭിഭാഷകര്‍ വീണ്ടുമെത്തി ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്ഘാടനം നടത്തിയ മന്ത്രി അനൂപ് ജേക്കബ് അഭിഭാഷകരെ ഉള്‍പ്പെടുത്താതെ പരിപാടി സംഘടിപ്പിച്ചത് ശരിയായില്ലെന്നും അസോസിയേഷന് പ്രതിനിധികളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നും പറഞ്ഞു. പ്രശ്നങ്ങളെ തുടര്‍ന്ന് വളരെപെട്ടെന്ന് തന്നെ സംഘാടകര്‍ പരിപാടി അവസാനിപ്പിച്ചു. മാര്‍ച്ചില്‍ ബാര്‍ അസോസിയേഷന് സെക്രട്ടറി സനോജ് ആര് നായര്‍, ഭാരവാഹികളായ ഷിഹാബുദീന്‍ കാര്യത്ത്, പള്ളിച്ചല്‍ എസ്.കെ. പ്രമോദ്, പുഞ്ചക്കരി രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: