അമ്പലപ്പുഴ: മാതാപിതാക്കളും കൂടപ്പിറപ്പും ഒരുനിമിഷംകൊണ്ട് നഷ്ടമായതോടെ നിധിന്‍ ഹൃദയംപൊട്ടിയ അവസ്ഥയിലായി. മണിക്കൂറുകള്‍ക്കുമുമ്പ് തന്നോടപ്പമുണ്ടായിരുന്ന സഹോദരന്‍ സുധിനും കൂടി മരിച്ചത് നിധിന് സഹിക്കാവുന്നതിലുമപ്പുറമായി. ചേര്‍ത്തല മായിത്തറയിലുണ്ടായ അപകടത്തിലാണ് നിധിനെ തനിച്ചാക്കി മാതാപിതാക്കളായ രാധാകൃഷ്ണനും (55) സതിയും (50) സഹോദരന്‍ സുധിന്‍ കൃഷ്ണനും (22) മരിച്ചത്.
ഹൈദ്രാബാദില്‍ കല്ലട സ്വകാര്യ ബസ് സര്‍വ്വീസ് യൂണിറ്റിലെ മെക്കാനിക്കായ നിധിന്‍ മേനോനൊപ്പം പരിശീലനത്തിനായാണ് സുധീര്‍മേനോനും ഹൈദ്രാബാദിലെത്തിയത്. പിതാവിന്റെ ചികിത്സാര്‍ത്ഥം ഞായറാഴ്ചയാണ് സുധിന്‍ ഹൈദ്രാബാദില്‍ നിന്ന് നാട്ടലെത്തിയത്. വൈകിട്ട് മൂവരും കൂടി എറണാകുളത്ത് ഏതാനും സാധനങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ച് അപകടമുണ്ടായത്.
മങ്കൊമ്പ് സ്വദേശിയായ രാധാകൃഷ്ണന്‍ വിമുക്തഭടനാണ്. പുന്നപ്ര മില്‍മയില്‍ സെക്യൂരിറ്റിയായും ഹരിപ്പാട്ട് ഹോംഗാര്‍ഡായും ജോലി നോക്കിയിരുന്ന ഇദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതംനയിച്ചുവരികയായിരുന്നു. നാലു വര്‍ഷം മുമ്പാണ് രാധാകൃഷ്ണനും കുടുംബവും പുന്നപ്രയില്‍ താമസമാക്കിയത്. ഒരു കുടുംബത്തലെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ചത് പുന്നപ്ര ഗ്രാമത്തെ ഞെട്ടിച്ചു.
മൂവരുടെയും ദാരുണമായ മരണവാര്‍ത്ത അറിഞ്ഞാണ് പുന്നപ്ര ഗ്രാമം ഉണരുന്നത്. മാതാപിതാക്കളും സഹോദരനും നഷ്ടപ്പെട്ട നിധിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
















