തുറവൂര്‍: തുറവൂരില്‍ ബസ്സ് സ്റ്റാന്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. പമ്പാപാത ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുകയും സാമൂഹികാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തുകയും ചെയ്തതോടെ തുറവൂരില്‍ നിന്ന് സര്‍വീസ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി.
പമ്പ, എറണാകുളം, മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, കാക്കനാട്, തൈക്കാട്ടുശ്ശരിപാലം, മാക്കേക്കടവ്,തവണക്കടവ് വഴി ചേര്‍ത്തല,വളമംഗലം വഴി കണിച്ചുകുളങ്ങര തുടങ്ങി നിരവധി ബസ്സുകളാണ് ഇവിടെനിന്നുള്ളത്.വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ബസ്സുകള്‍ പാര്‍ക്കു ചെയ്യാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ഇവ താലൂക്കാശുപത്രിയുടെ മുന്‍വശം മുതല്‍ ദേശീയപാതയുടെ ഇരുവശങ്ങളിലുമായാണ് പാര്‍ക്കു ചെയ്യുന്നത്.
ദേശീയപാതയോരത്ത് കെഎസ്ആര്‍ടിസി-സൗകാര്യബസ്സുകള്‍ വരിയായി പാര്‍ക്കുചെയ്യുന്നത് നൂറുകണക്കിന് വാഹനങ്ങള്‍ നിമിഷം പ്രതി കടന്നു പോകുന്ന പാതയിലെ അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ബസ്സ് സ്റ്റോപ്പിലും സമീപത്തുമായി ഇവിടെ നിന്ന് സര്‍വ്വീസ്ആരംഭിക്കുന്ന ബസ്സുകളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരന്നു കിടക്കുന്നത് വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ നിത്യേനയെത്തുന്ന കവലയെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിടുകയാണ്. പമ്പപാത തുറന്നപ്പോള്‍ത്തന്നെ ഇവിടെ ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.ദേശീയ പാതയ്‌ക്കരികില്‍ തുറവൂര്‍ വില്ലേജ് ഓഫീസിനു സമീപം ഇതിനനുയോജ്യമായ പുറമ്പോക്ക് ഭൂമിയും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ബസ്സ് സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതോടെ തുറവൂരിന്റെ പ്രധാന ആവശ്യമായ ശൗചാലയം സ്ഥാപിക്കുന്നതിനുള്ള സൗകര്യവും ഒരുക്കാന്‍കഴിയും. തുറവൂര്‍മഹാക്ഷേത്രം, പ്രൊഫഷണല്‍ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവകൂടാതെ ദീര്‍ഘദൂരവണ്ടികളടക്കമുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ള റെയില്‍വേ സ്റ്റേഷനും വിളിപ്പാടകലെയുണ്ട്. തീരദേശമേഖലയിലെ ജനങ്ങള്‍ വിവിധ സ്ഥലങ്ങളി ലേക്ക് പോകാനെത്തുന്ന പ്രധാന കേന്ദ്രവും ഇതാണ്.
















