ക്ഷേത്രമതില്‍ക്കകത്ത് പണ്ട് കൊത്തും കിളയും പതിവില്ല. ശിവന്റെ ജട പരന്നുകിടക്കുന്നുണ്ടെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് കിണറുകള്‍ മൂന്നും മതിലിനു പുറത്താണ്. പടിഞ്ഞാറ് കുണ്ടന്‍കുളം, കിഴക്ക് തൊടുകുളം, വടക്ക് വടക്കേച്ചിറ എന്നിങ്ങനെ അമ്പലത്തോടു ബന്ധപ്പെട്ട് മൂന്ന് കുളങ്ങളുമുണ്ട്.
തൊടുകുളത്തിനെക്കുറിച്ചും ഐതിഹ്യമുണ്ട്. പെരുവനത്ത് തപം ചെയ്തുകൊണ്ടിരിക്കെ ആചമനത്തിന് ജലം കിട്ടാതെ വന്ന പൂരുമഹര്‍ഷി മൂന്നുവിരല്‍കൊണ്ട് തോണ്ടിയപ്പോള്‍ ഉണ്ടായതാണത്രെ തൊടുകുളം.
നാലുലക്ഷത്തിലധികം പറ നെല്ല് വരുമാനം ലഭിച്ചിരുന്ന വിപുലമായ ഭൂസ്വത്ത് ക്ഷേത്രത്തിനുണ്ടായിരുന്നു. 18 ചേരികളിലായി ഇത് വ്യാപിച്ചികിടന്നു. ചിറ്റൂരവണാവ്, വല്ലച്ചിറ അവണാവ്, കൂറൂട്ടവണാവ് എന്നീ മനക്കാരാണ് ക്ഷേത്രത്തിന്റെ ഊരാളര്‍.
പണ്ട് ഗ്രാമത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയചലനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഈ കേന്ദ്രത്തില്‍ നിന്നായിരുന്നു. ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നും പിന്നീട് കോഴിക്കോടു സാമൂതിരിയുടെ ഭരണം എട്ട് വര്‍ഷത്തോളം നടന്ന കാലത്താണ് ജീര്‍ണോദ്ധാരണം സാധിച്ചതെന്നും വ്യക്തമാക്കുന്ന രേഖകളുണ്ട്. ”ശൈലാബ്ധീശ്വര സോദരോ നരപതി:” എന്നാരംഭിക്കുന്ന ശ്ലോകമനുസരിച്ച് കൊല്ലവര്‍ഷം 933 ല്‍ ജീര്‍ണോദ്ധാരണം നടന്നതായി വിശ്വസിക്കാം. ക്ഷേത്രത്തില്‍ ഈ ശ്ലോകം കരിങ്കല്ലില്‍ കൊത്തിയിട്ടുണ്ട്.
സാമൂതിരി കൊച്ചി രാജ്യത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കിയ കൂട്ടത്തില്‍ മാപ്രാണം വരെയുള്ള ഭാഗങ്ങള്‍ സാമൂതിരിയുടേതായി. പിന്നീട് പറവൂര്‍ രാജാവിന്റെ സഹായത്തോടെ കൊച്ചി രാജാവ് അതു തിരിച്ചുപിടിച്ചു. നന്ദിസൂചകമായി പഴയ കൊച്ചിയുടെ ഏതാനും ഭാഗം പറവൂര്‍ രാജാവിനു സമ്മാനിച്ചു. പറവൂര്‍ രാജാവ് തിരുവിതാംകൂറിന് കീഴ്‌പ്പെട്ടപ്പോള്‍ ആ ഭാഗങ്ങള്‍ തിരുവിതാംകൂറിന്റേതായി. അവ ഉച്ചപ്പൂജയ്‌ക്കായി നീക്കിവെച്ച വസ്തുക്കളായിരുന്നു. അങ്ങനെ ഈ ക്ഷേത്രത്തില്‍ ഉച്ചപ്പൂജ നടത്താനുള്ള ബാധ്യതയും അവകാശവും തിരുവിതാംകൂറിനായി. രാജവാഴ്ച അവസാനിച്ചപ്പോള്‍ രണ്ടുദേവസ്വം ബോര്‍ഡുകളിലായി ഈ ക്ഷേത്രഭരണം.
കുന്നത്തൂര്‍ പടിഞ്ഞാറേടത്തു മനക്കാരാണ് ഈ ക്ഷേത്രത്തിലെ തന്ത്രിമാര്‍. ഏതാണ്ട് അമ്പതോളം കൊല്ലമായി ക്ഷേത്രത്തിന്റെ താന്ത്രികച്ചുമതല വഹിക്കുന്നത് കുന്നത്തൂര്‍ പടിഞ്ഞാറേടത്തു മനയ്‌ക്കല്‍ വിഷ്ണു ഭട്ടതിരിപ്പാടാണ്.
പെരുവനത്തപ്പന് പണ്ട് 28 ദിവസത്തെ ഉത്സവം നടന്നിരുന്നുവത്രെ. അതില്‍ 108 ദേവീദേവന്മാര്‍ പങ്കെടുത്തിരുന്നു. അവ്യക്തമായ കാരണങ്ങളാല്‍ ഏതാണ്ട് 1550 കൊല്ലം മുമ്പ് ഉത്സവം നിന്നുപോയി. പിന്നീട് അതിന്റെ സ്മരണ നിലനിര്‍ത്താന്‍ ആരംഭിച്ചതാണ് ഇന്നത്തെ പെരുവനം-ആറാട്ടുപുഴ പൂരങ്ങള്‍. ‘ആയാതു ശിവലോകം’ എന്ന കലിദിന സംഖ്യയനുസരിച്ച് 1434 പൂരങ്ങള്‍ ഇന്നത്തെ ചിട്ടയില്‍ നടന്നിരിക്കുന്നു.
പെരുവനം പൂരത്തിന്റെ മനോഹാരിത ഒരുപക്ഷേ മറ്റൊരു പൂരത്തിനുമില്ല. മേടമാസത്തിലെ പൂയത്തിന്‍നാള്‍ വൈകുന്നേരം ഏതാണ്ട് ആറുമണിയോടെ തുടങ്ങി പിറ്റേന്ന് കാലത്ത് എട്ടുമണിയോടടുക്കുംവരെ പൂരപ്പൊലിമതന്നെ. പെരുവനം നടവഴിയില്‍ കൊട്ടാന്‍ കഴിയുക എന്നത് മാരാന്മാരുടെ സ്വപ്‌നമാണ്. പെരുവനം നടവഴിയിലിറക്കാറായാല്‍ ആനകള്‍ ഒത്തതായി കണക്കാക്കാം. പെരുവനം നടവഴിയിലെ മേളം ആസ്വദിക്കാന്‍ അവസരം ലഭിയ്‌ക്കലാണ് മേള പ്രേമികളുടെ ലക്ഷ്യം. നടവഴി തിങ്ങി നില്‍ക്കുന്ന ഗജവീരന്മാര്‍. തീവെട്ടികളുടെ ഉജ്വലപ്രഭയില്‍ തിളങ്ങുന്ന കോലങ്ങളും തലേക്കെട്ടുകളും. എല്ലാറ്റിന്റേയും മേല്‍നോട്ടം വഹിച്ച് ശ്രീകോവിലിനുള്ളില്‍ ഇരട്ടയപ്പന്‍. പെരുവനം ഗ്രാമത്തോളം പഴക്കമുണ്ട് ഇവിടുത്തെ വാദ്യവിദഗ്‌ദ്ധരുടെ തലമുറയ്‌ക്കും. ഇന്നത്തെ വാദ്യപ്രമാണിയായ പത്മശ്രീ നേടിയ പെരുവനം കുട്ടന്മാരാര്‍ ഈ സോപാനത്തിലെ വാദ്യോപാസകനാണ്.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: