പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് ജീവനക്കാര്‍ സത്യാഗ്രഹം നടത്തും. സ്ഥാപനം നിലവില്‍ വന്നതുമുതല്‍ സഹകരണ രജിസ്ട്രാറുടെയും മെഡിക്കല്‍ കൗണ്‍സിലുകളുടെയും മറ്റിതര അക്കാദമിക് ബോഡികളുടെയും നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ആവശ്യകതയ്ക്കും അനുസരിച്ച് നിയമിതരായവരാണ് വിവിധ തസ്തികകളിലെ ജീവനക്കാര്‍. മെഡിക്കല്‍ കോളേജ്, ദന്തല്‍ കോളേജ്, ഫാര്‍മസി കോളേജ്, നഴ്സിംഗ് കോളേജ്, പബ്ലിക് സ്കൂള്‍, സഹകരണ ഹൃദയാലയ, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 2330 തസ്തികകള്‍ ഐഎംസി നിര്‍ദ്ദേശിച്ചുവെങ്കിലും 1915പേര് മാത്രമേ നിലവിലുള്ളൂ. 415 തസ്തികള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. കെസിഎച്ച്സിയില് സഹകരണ രജിസ്ട്രാര്‍ അനുമതി നല്കിയ 1026 തസ്തികകളില്‍ 986 ജീവനക്കാര്‍ മാത്രമാണുള്ളത്.
സുതാര്യമായ നടപടി ക്രമങ്ങളിലൂടെ നിയമനം ലഭിച്ച ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയും ചികിത്സാ പഠന-പഠനേതര മേഖലയില്‍ നിലവിലുള്ള മുന്നേറ്റത്തിന് തകര്‍ച്ച നേരിടാതെയും ആകണം കോളേജ് ഏറ്റെടുക്കുലെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സത്യാഗ്രഹം ഇന്ന് പത്തുമണിക്ക് സി.കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് കെ.പത്മനാഭന്, സെക്രട്ടറി ടി.ബാലകൃഷ്ണന്, ഷീബ ബാലന്, അജിത്ത് മുണ്ടേരി, പി.ആര്.ജിജേഷ്, പി.വി.രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: