കണ്ണൂര്‍: അഖിലകേരള യാദവസഭ സംസ്ഥാന പ്രതിനിധിസമ്മേളനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു. കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ റാലിയും നടന്നു. കേന്ദ്രസര്‍ക്കാര്‍ യാദവ സമൂഹത്തിന് മതിയായ പരിഗണന നല്‍കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന സമുദായത്തിന്റെ മുന്നേറ്റത്തിനായി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും. സ്വന്തമായ ആചാരവും ജീവിതരീതിയും അനുഷ്ഠിച്ചുവരുന്ന യാദവസമൂഹം രാജ്യത്തിന് മഹത്തായ സംഭാവനകളാണ് ചെയ്തുവരുന്നത്. സമുദായത്തിന്റെ വളര്‍ച്ചക്ക് ഗവണ്മെന്റിന്റെയും ഭാരത സമൂഹത്തിന്റെയും പിന്തുണ ആവശ്യമായിട്ടുണ്ട്. എല്ലാ മേഖലകളിലും പ്രാതിനിധ്യമുണ്ടാകേണ്ടിയിരിക്കുന്നു. കര്‍ണാടകം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ യാദവ സമുദായത്തിന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഇവര്‍ക്ക് ശരിയായ പ്രാതിനിധ്യം നല്കാന് മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. ഇനിയെങ്കിലും ഇവര്‍ക്ക് മതിയായ പരിഗണന നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ യാദവ സമുദായാംഗത്തിന് പ്രാതിനിധ്യം നല്കാന് കേരള സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്. വ്യത്യസ്ത സമുദായങ്ങള്‍ക്ക് മതിയായ പരിഗണനയാണ് മോദി സര്‍ക്കാര്‍ നല്കി വരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ യാദവര്‍ക്ക് മതിയായ പ്രാതിനിധ്യവും സാമ്പത്തിക സഹായവും ഉള്‍പ്പെടെ നല്‍കുമെന്നും സര്‍ക്കാറിനെ എപ്പോള്‍ സമീപിച്ചാലും എന്തു സഹായങ്ങള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് അഡ്വ.സോമനാഥന് അധ്യക്ഷത വഹിച്ചു. യാദവസഭ സംസ്ഥാന പ്രസിഡണ്ട് ഗംഗാധരന് നെല്ലിത്തല, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, നഗരസഭാ വൈസ് ചെയര്മാന് ടി.ഒ.മോഹനന്, യാദവസഭ അഖിലേന്ത്യാ സെക്രട്ടറി വി.കൃഷ്ണന് മാസ്റ്റര്‍, യാദവസേവാ സമിതി പ്രസിഡണ്ട് അഡ്വ.ടി.മണി, യാദവ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡണ്ട് വളപ്പില്‍ ഗോപി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എം.രമേശ് സ്വാഗതവും കണ്ണൂര്‍ താലൂക്ക് സെക്രട്ടറി എന്‍.സദാനന്ദന് നന്ദിയും പറഞ്ഞു. നന്ദഗോപാല്‍ യാദവ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ റാലിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: