മണ്മറഞ്ഞത് കണ്ടല്‍ സംരക്ഷണത്തിനായി ഒരു പുരുഷായുസ്സ് മുഴുവന്‍ മാറ്റിവെച്ച പരിസ്ഥിതി സ്നേഹി. കണ്ടല്‍ എന്ന ചെടിയുടെ ശക്തി എന്തെന്ന് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പൊക്കുടന് ആറു പതിറ്റാണ്ടു മുമ്പാണ് ആരുടെയും നിര്‍ദ്ദേശമില്ലാതെ കണ്ടല്‍ സംരക്ഷമെന്ന ദൗത്യത്തിനിറങ്ങിയത്. വീടിനു സമീപത്ത് കണ്ടല്‍ച്ചെടികള്‍ വെച്ചു പിടിപ്പിച്ചായിരുന്നു പൊക്കുടന്റെ കണ്ടല്‍ ദൗത്യത്തിന്റെ തുടക്കം. ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് വെച്ചുപിടിപ്പിച്ച കണ്ടലുകള്‍ പലതും വന്‍ വൃക്ഷങ്ങളായി മാറിക്കഴിഞ്ഞു. പഴയങ്ങാടി പുഴയുടെ തീരത്ത് നൂറു കണക്കിനു കണ്ടല്‍ വൃക്ഷങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ഇദ്ദേഹം നട്ടുപിടിപ്പിച്ചത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കക്കിനു കണ്ടല്‍ച്ചെടികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
650 ഓളം വിദ്യാലയങ്ങളില്‍ കണ്ടല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ക്ലാസെടുത്തിട്ടുണ്ട്. കാല് നൂറ്റാണ്ടു മുമ്പ് പഴയങ്ങാടിയില്‍ റോഡരികില്‍ കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചപ്പോള്‍ പൊക്കുടനെ പലരും ഭ്രാന്തനെന്നു വിളിക്കുകയും തളളിപറയുകയും ചെയ്തു. ആദ്യ കാലങ്ങളില്‍ സിപിഎമ്മുകാര്‍ എതിര്‍പ്പുമായി വരികയും പൊക്കുടന് നട്ടുപിടിപ്പിച്ച കണ്ടല്‍ ച്ചെടികള്‍ പിഴുതു നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വഴിയാണ് ശരിയെന്ന തിരിച്ചറിവിലൂടെ കണ്ടല്‍ ദൗത്യവുമായി പ്രയാണം തുടരുകയായിരുന്നു പൊക്കുടനെന്ന മഹാമനീഷി. പരിസ്ഥിതിയെ ആവാസവ്യവസ്ഥയില്‍ പരിപാലിക്കുക മാത്രമേ സാധിക്കൂവെന്ന് സ്വന്തം അനുഭവങ്ങളിലൂടെ അദ്ദേഹം തെളിയിക്കുകയായിരുന്നു. ജീവിതാവസാനം വരെ പ്രകൃതിയുടെ ഉപാസകനായി കണ്ടല്‍ എന്ന ചെടിയുടെ ശക്തി എന്തെന്ന് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പൊക്കുടന്റെ വേര്‍പാട് കേരളത്തിലെ കണ്ടല്‍-പരിസ്ഥിതി സംരക്ഷണം രംഗത്ത് നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കേരള സര്‍ക്കാറിന്റെ വനമിത്ര പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പരിസ്ഥിതി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം ആത്മകഥയുള്‍പ്പെടെ പരിസ്ഥിതി സംബന്ധിയായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന കണ്ടല്‍ ഇനങ്ങളെക്കുറിച്ച് പൊക്കുടന് തയ്യാറാക്കിയ ‘കണ്ടല്‍ ഇനങ്ങള്‍’’എന്ന പുസ്തകം ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പുറത്തിറങ്ങിയത്.
രണ്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞ പൊക്കുടന് ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടു. പിന്നീട് സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വഴിപിരിഞ്ഞ് കണ്ടലാണ് തന്റെ വഴിയെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ തന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോഴും ഏറെ പ്രലോഭനങ്ങളുണ്ടായിട്ടും അവക്കൊന്നും വശംവദനാകാതെ ഹൈന്ദവ ആദര്‍ശങ്ങളിലും ദര്‍ശനങ്ങളിലും അവസാനകാലം വരെ അടിയുറച്ചുനിന്നു.
ആറു പതിറ്റാണ്ടായി കണ്ടല്‍ സംരക്ഷണം ജീവിത വ്രതമാക്കിയ കല്ലേന്‍ പൊക്കുടന് കണ്ടലിനെക്കുറിച്ച് പുതുതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും കണ്ടല്‍ സംരക്ഷണത്തിനുമായി കണ്ടല്‍ പഠന ഗവേഷണസ്കൂള് ആരംഭിക്കാനുളള തയ്യാറെടുപ്പിലായിരുന്നു. തന്റെ സ്വപ്നം യാഥാര്‍ഥ്യമാകും മുമ്പാണ് ഇന്നലെ പൊക്കുടനെ മരണം തട്ടിയെടുത്തത്. ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ സംരംഭമെന്ന നിലയില്‍ ഗവേഷണകേന്ദ്രം ആരംഭിക്കാനുളള പൊക്കുടന്റെ ശ്രമം ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ പഴയ വീട് പൊളിച്ചാണ് രണ്ടു സെന്റ് സ്ഥലത്ത് ഗവേഷണ കേന്ദ്രത്തിന്റെ കെട്ടിടം പണി ആരംഭിച്ചിരുന്നത്. പ്രകൃതിയുടെ ശ്വാസകോശങ്ങള്‍ എന്നറിയപ്പെടുന്ന കണ്ടല്‍വനങ്ങള്‍ സംരക്ഷിക്കുകയും അവ നശിപ്പിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്ത പൊക്കുടനെത്തേടി നിരവധി വിദ്യാര്‍ഥികളും ഗവേഷകരും കണ്ടലിനെക്കുറിച്ചറിയാന്‍ ഏതാനും ദിവസം മുമ്പു വരെ പഴയങ്ങാടി ഏഴോം മുട്ടുകണ്ടിയിലെ വീട്ടിലെത്താറുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: