മമ്പറം: പോലീസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ അക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായി പരാതി. പാതിരിയാട് എംഒപി റോഡിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനീഷിന്റെ വീട്ടിലാണ് പോലീസ് കഴിഞ്ഞ ദിവസം അതിക്രമം കാട്ടിയത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് സംഘം വീട് വളഞ്ഞ് വാതില്‍ ചവിട്ടിത്തുറന്ന് ഉള്ളില്‍ കയറുകയും അമ്മ മണക്കാടന് കനക (52)യെ അക്രമിക്കുകയുമായിരുന്നു. യാതൊരു കാരണവുമില്ലാതെ വീട്ടില്‍ കയറി അതിക്രമം കാട്ടുന്നത് എന്തിനാണ് അന്വേഷിച്ചപ്പോഴാണ് പോലീസ് സംഘം വീട്ടമ്മയെ അക്രമിച്ചത്. അടുക്കളയിലും മറ്റുമുണ്ടായിരുന്ന വീട്ടുപുകരണങ്ങളും മറ്റു പാത്രങ്ങളും പോലീസ് സംഘം ലാത്തികൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ കനക ബോധരഹിതയായി വീണപ്പോഴാണ് പോലീസ് സംഘം അക്രമത്തില്‍ നിന്നും പിന്മാറിയത്. കൂത്തുപറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ ഇരച്ചുകയറി അതിക്രമം കാട്ടിയത്. സംഭവസമയത്ത് മനീഷ് വീട്ടിലുണ്ടായിരുന്നില്ല. കനക ഇന്ദിഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. യാതൊരു പ്രകോപനവുമില്ലാതെ സിപിഎം നേതാക്കളുടെ പ്രീതിനേടാനാണ് കൂത്തുപറമ്പ് പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പ്രവര്‍ത്തകരെയും വീട്ടുകാരുടെ അക്രമിക്കുന്നതെന്നും ഇതു തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റി മുന്നറിയിപ്പുനല്‍കി.
ആശുപത്രിയില്‍ കഴിയുന്ന കനകയെ മഹിളാ മോര്‍ച്ച-ബിജെപി നേതാക്കളായ യു.ഇന്ദിര, എന്‍.രതി, ചന്ദ്രിക, ആര്.കെ.ഗിരിധരന്, എ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. വീട്ടമ്മയെ വീട്ടില്‍ കയറി അക്രമിച്ച പോലീസ് നടപടിയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രതിഷേധിച്ചു. നിയമം നടപ്പിലാക്കുന്ന പോലീസ് ക്രിമിനലുകളായി മാറിയാല്‍ ജനങ്ങള്‍ക്ക് പ്രതികരിക്കേണ്ടിവരുമെന്നും സത്യപ്രകാശ് മുന്നറിയിപ്പു നല്കി.
സിപിഎം കേന്ദമായിരുന്ന ഈ മേഖലയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മക്കളുള്‍പ്പെടെയുള്ള യുവാക്കള്‍ സംഘപരിവാര്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ് ഇപ്പോള്‍. ഇതില്‍ വിറളിപൂണ്ട് സിപിഎം നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവാക്കളുടെ പേരില്‍ കള്ളക്കേസ് നല്കി പോലീസിനെ ഉപയോഗിച്ച് ഉപദ്രവിക്കുന്ന നടപടിയാണ് ഈ മേഖലയില്‍ നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: