പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് പിരിച്ചിവിടപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റുകാര് നീതിയും കാത്ത് അഞ്ചുവര്‍ഷമായി നിയമപോരാട്ടത്തില്‍. കരാര്‍ വ്യവസ്ഥയില്‍ എട്ടുവര്‍ഷം ജോലി ചെയ്തു വന്നിരുന്ന 20 നെഴ്സിംഗ് അസിസ്റ്റന്റുമാരാണ് രാഷ്ട്രീയ ചരടുവലികളില്‍ പുറത്താക്കപ്പെട്ട് വര്‍ഷങ്ങളായി പെരുവഴിയിലായത്.
2002ല്‍ സഹകരണ ചട്ടപ്രകാരം അപേക്ഷ നല്കി ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പട്ട് ഒരു വര്‍ഷത്തെ ട്രെയ്നിംഗിന് ശേഷം 2003ല്‍ നിയമിതരായ 54 പേരില്‍24 പേരെയാണ് 2010ല്‍ പിരിച്ചുവിട്ടത്. ട്രെയ്നിംഗ് ഉള്‍പ്പെടെ എട്ടുവര്‍ഷം ജോലിചെയ്തുവന്ന ഇവര്‍ക്ക് സഹകരണ ചട്ടങ്ങളും സര്‍ക്കാര്‍ നടപടികളും അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കിയിരുന്നു. മാനേജ്മെന്റ് പിഎഫ് വിഹിതം അടക്കം ഇവരില്‍ നിന്നും പിടിക്കുകയും ചെയ്തിരുന്നു.
2010ല്‍ യാതൊരു മുന്നറിയിപ്പും നോട്ടീസും ഇല്ലാതെ പിരിച്ചുവിടപ്പെട്ട ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കടുത്ത ജീവിത പ്രയാസം അനുഭവിക്കുന്ന ഇവരില്‍ പലരും പിഎഫ് പിന്‍വലിച്ചും പണ്ടം പണയം വെച്ചുമാണ് ജോലിചെയ്യുമ്പോഴുണ്ടായ ബേങ്ക് ലോണ്‍ അടച്ച് തീര്‍ത്തത്. മനപ്രയാസത്തില്‍ ഒരു ജീവനക്കാരി ആത്മഹത്യയും ചെയ്തു.
മുഖ്യമന്ത്രി, സഹകരണ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഭരണ സമിതിയുടെ പിടിവാശിയില്‍ ഇവര്‍ക്ക് ജോലിയിലെത്താന്‍ കഴിഞ്ഞില്ല. കോടതിയില്‍ കേസ് നല്കി നീതിലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: