കണ്ണൂര്‍: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നാല് പുതിയ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ജെറിയാട്രിക് കെയര്‍, മാനസികരോഗ ഒപി, കരള്‍രോഗ മുക്തി, കോസ്മെറ്റോളജി യൂണിറ്റുകളുടെ ഉദ്ഘാടനം 1 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ.എ.സരള നിര്‍വഹിക്കും. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് വൃദ്ധജനങ്ങള്‍ക്ക് ആവശ്യമായ പരിചരണം നല്കുന്നതിനു വേണ്ടിയുള്ള ജെറിയാട്രിക് കെയര്‍ യൂണിറ്റ് ആരംഭിക്കുന്നത്. വയോജനങ്ങളുടെ പരിപാലനത്തിനാവശ്യമായ ഔഷധങ്ങളും ഫര്‍ണീച്ചറുകളും മറ്റ് ഉപകരണങ്ങളും അനുബന്ധസൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഒരു തെറാപിസ്റ്റിന്റെയും കെയര്‍ടേക്കറുടെയും സേവനവും ലഭ്യമാകും. മുതിര്‍ന്ന പൗരന്മാരുടെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാനും മാനസികാരോഗ്യം നിലനിര്‍ത്താനുമാണ് മാനസികം ഒപി യൂണിറ്റ് ആരംഭിക്കുന്നത്. ഇതിനായി 7 ലക്ഷം രൂപയാണ് വിനിയോഗിക്കുക. ഈ യൂണിറ്റില്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് വിദഗ്ദരായ മനോരോഗ ഡോക്ടര്‍മാരുടെ സേവനവും ഔഷധങ്ങളും കൗണ്‍സിലിങ്ങും യോഗാ പരിശീലനവും ലഭ്യമാക്കും. മനോരോഗചികിത്സയില്‍ എംഡി ബിരുദമുള്ള ഡോക്ടറെയും ഒരു അറ്റന്‍ഡറെയും ദിവസവേതനാടിസ്ഥാനത്തില്‍ ഇവിടെ നിയോഗിക്കും. മദ്യപാനം മൂലമോ അല്ലാതെയോ ഉണ്ടാവുന്ന ഫാറ്റി ലിവര്‍, സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്ന കരള്‍രോഗ മുക്തി യൂണിറ്റിനും ഇതോടൊപ്പം തുടക്കമാകും. കരളിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും സ്വാഭാവിക പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിനും സഹായിക്കുന്ന ആയുര്‍വേദ ഔഷധങ്ങളാണ് നല്‍കുക. രോഗികള്‍ക്ക് മരുന്നുകളും രക്തപരിശോധനയും സൗജന്യമായിരിക്കും. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി മദ്യപാനത്തിന്റെ വിപത്തുകളെയും കരള്‍രോഗങ്ങളെയും കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തും.
സംസ്ഥാനത്താദ്യമായാണ് ഒരു ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ കീഴില്‍ സൗന്ദര്യപരിചരണ വിഭാഗം തുടങ്ങുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കോസ്മെറ്റോളജി യൂണിറ്റില്‍ പൂര്‍ണമായും ശാസ്ത്രീയമായ രീതിയില്‍ ജൈവപദാര്‍ത്ഥങ്ങള്‍ മാത്രം ഉപയോഗിച്ചാണ് സൗന്ദര്യപരിചരണം നടത്തുക. രാസവസ്തുക്കള്‍ കലര്‍ന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കില്ല. ആയുര്‍വേദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നേത്ര, ദന്ത, ചര്‍മ പരിചരണം നടത്തുകയും പരിശീലനം നല്‍കുകയും ചെയ്യും. ന്യൂട്രീഷന്‍ ക്ലാസ്സ്, യോഗ, വ്യക്തിത്വവികസനം, കൗണ്‍സലിങ് തുടങ്ങിയവയിലും പരിശീലനം നല്‍കും. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ സൗന്ദര്യത്തിന് പ്രസക്തിയുള്ളൂ എന്ന തത്വമായിരിക്കും അടിസ്ഥാനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. എ വി സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: