ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ സീറ്റുവിഭജനം നേരത്തെ തന്നെ നടത്തി ആധിപത്യം നേടാനുള്ള എല്‍ഡിഎഫ് നീക്കം പൊളിഞ്ഞു. ഘടകകക്ഷികളെ ഒതുക്കി പുറത്തുനിന്നുള്ള പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള സിപിഎം, സിപിഐ നീക്കമാണ് സീറ്റുവിഭജനം അവതാളത്തിലാക്കിയത്. പതിവിന് വിരുദ്ധമായി എല്‍ഡിഎഫ് വിളിച്ചു ചേര്‍ക്കാതെ സിപിഎം, സിപിഐ നേതാക്കള്‍ മാത്രം പങ്കെടുത്ത് ഓരോ ഘടകകക്ഷി നേതാക്കളെയും വിളിച്ചു വരുത്തി തീരുമാനം അറിയിക്കുകയായിരുന്നു.
സിപിഎമ്മും സിപിഐയും ബഹുഭൂരിപക്ഷം സീറ്റുകള്‍ പങ്കിട്ടെടുത്ത് മുന്നണിക്ക് പുറത്തുള്ള ജെഎസ്എസ്, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് സ്‌കറിയാതോമസ് വിഭാഗം തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഏതാനും സീറ്റുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ ജെഎസ്സ്എസ്സിന് നഗരത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നായിരുന്നു സിപിഎം നിലപാട്.
ഭാവിയില്‍ ലയനമുണ്ടാകുന്ന സാഹചര്യത്തില്‍ ജെഎസ്എസ്സിന്റെ പേരില്‍ വിജയിക്കുന്നവര്‍ തങ്ങളുടെ സ്വന്തം കൗണ്‍സിലര്‍മാരാകുമെന്ന സിപിഎം കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. 2010ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി മൂന്ന്, എന്‍സിപി ഒന്ന്, ജനതാദള്‍ ഒന്ന് എന്നിങ്ങനെയാണ് ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയിരുന്നത്. ഇത്തവണ എന്‍സിപി മൂന്നും ജനതാദള്‍ എസ് അഞ്ചും കോണ്‍ഗ്രസ് എസ് ഒന്നും സീറ്റുകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സിപിഎമ്മും സിപിഐയും ഏകപക്ഷീയമായി ഈ ആവശ്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കുറുമുന്നണി രൂപീകരിച്ച് യോജിക്കാവുന്ന പാര്‍ട്ടികളുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഈ പാര്‍ട്ടികളുടെ തീരുമാനം. ഒക്‌ടോബര്‍ രണ്ടിന് ജനതാദള്‍ എസ് സ്വന്തം നിലയില്‍ ആലപ്പുഴ നഗരസഭയുമായി ബന്ധപ്പെട്ട പ്രകടനപത്രിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതോടെ യുഡിഎഫിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധി എല്‍ഡിഎഫിലായിരിക്കും ഇക്കുറി ഉണ്ടാകുകയെന്ന് വ്യക്തമായി.
















