ജില്ലാ ആശുപത്രി ചെറുതോണിയില്‍ നിന്ന് തൊടുപുഴയ്ക്ക് മാറ്റി എന്ന പ്രചരണമാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായത്.
ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെട്ടത്. ഇടുക്കി ജില്ലാ ആശുപത്രി ചെറുതോണിയില്‍ നിന്ന് തൊടുപുഴയ്ക്ക് മാറ്റുന്നു എന്ന പ്രചരണമാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായത്. പ്രതിദിനം 500 മുതല്‍ 700 വരെയാണ് ഒ പി വിഭാഗത്തില്‍ ചികിത്സ തേടി എത്തുന്നത്. ഇതില്‍ നൂറിലധികം പേരെ കിടത്തി ചികിത്സയ്ക്കായി നിര്‍ദ്ദേശിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി 150 ല്‍ താഴെ പേര് മാത്രമാണ് ചികിത്സ തേടി എത്തിയത്. ജില്ലാ ആശുപത്രി ഇവിടെ നിന്നും മാറ്റി എന്നും, പതിനഞ്ച് ഡോക്ടര്‍മാരെ തൊടുപുഴയിലേക്ക് മാറ്റി നിയമിച്ചു എന്നുമുള്ള വാര്‍ത്തകള്‍ ജില്ലാ ഒട്ടാകെ പരന്നത് സാധാരണക്കാരായ രോഗികളെ ആശങ്കയിലാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് ശുപാര്‍ശ ചെയ്ത രോഗികള്‍ക്കു മാത്രമേ ജില്ലാ ആശുപത്രി മാറ്റിയതോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭ്യമാകൂ എന്ന ചില തെറ്റായ ധാരണയും ഒരു വിഭാഗം രോഗികള്‍ക്കുണ്ട്. വിദഗ്ധ ഡോക്ടര്‍മാരെയാണ് ഇവിടെ നിന്നും മാറ്റിയിരിക്കുന്നതെന്നും ഉപകരണങ്ങള്‍ അടക്കം ജില്ലാ ആശുപത്രിയുടെ മുഴുവന്‍ സംവിധാനങ്ങളും ജില്ലാ ആസ്ഥാനത്തു നിന്നും തൊടുപുഴയിലേക്ക് നീക്കിയെന്നുമാണ് ചില കേന്ദ്രങ്ങളില്‍ നിന്നും പ്രചരിപ്പിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്രി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് ബോധ്യപ്പെട്ട സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ ആശുപത്രിക്ക് സമാനമായ നിലവാരത്തിലേക്ക് തൊടുപുഴ താലൂക്ക് ആശുപത്രിയും ഉയര്‍ത്തുവാന്‍ തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരം ഉള്‍പ്പടെ മറ്റ് ചില ജില്ലകളില്‍ ജില്ലാ ആശുപത്രി നിലവാരത്തിലുള്ള ഒന്നിലധികം ആശുപത്രികള്‍ പ്രവര്‍ത്തിച്ചു വരുന്നത് മാതൃകയാക്കിയാണ് തൊടുപുഴ താലൂക്ക് ആശുപത്രിയും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന അവസരം കണക്കിലെടുത്ത് വസ്തുതാ വിരുദ്ധമായ പ്രചരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള എല്‍ഡിഎഫിന്റെ ശ്രമമാണ് ഈ കുപ്രചരണത്തിനു കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: