തൊടുപുഴയ്ക്കടുത്ത് കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം ഹൃദയാവര്‍ജകമായ പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമാണ്. എല്ലാകാലത്തും വെള്ളം നിറഞ്ഞുനില്ക്കുന്ന അമ്പലക്കുളവും പച്ചത്തഴപ്പും അന്തരീക്ഷത്തെ സദാ പവിത്രമാക്കിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളുടെ പ്രായമുള്ള മരമുത്തച്ഛന്മാര് തിങ്ങിനിറഞ്ഞുനില്‍ക്കുന്ന അച്ഛംകാവ് എന്ന ദേവീക്ഷേത്രവും സമീപത്തുണ്ട്. അമരംകാവ് മരമില്ലാത്ത കാവല്ല ഒരിക്കലും മരണമില്ലാത്ത കാവാകുന്നു. ഈ മനോഹരമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന കെ.വൈദ്യനാഥന് പുനരധിവാസകേന്ദ്രം അനേകം സേവാപ്രവര്ത്തനങ്ങള്ക്കു രംഗമാകുന്നു.
സപ്തംബര്‍ 12 ന് പ്രവര്‍ത്തനമാരംഭിച്ച സുദര്‍ശനം സ്പെഷ്യല്‍ സ്കൂള്‍ എന്ന വിശിഷ്ടവിദ്യാലയമാണ് ഈ സേവാ പ്രകല്പങ്ങള്ക്കെല്ലാം ആധാരമായ ദീനദയാ സേവാ ട്രസ്റ്റിന്റെ ഏറ്റവും പുതിയ സംരംഭം.
2000-ാമാണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രസ്റ്റിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ നാനാമുഖങ്ങളാണ്. അതിന്റെ ഗുണഭോക്താക്കളാകട്ടെ നൂറുകണക്കിനുവരും. അനാഥരും ആലംബഹീനരുമായ ബാലന്മാര്ക്കായുള്ള ഗോകുലം ബാലഭവന് ഇപ്പോള്‍ കേരളത്തിലെ തന്നെ മികച്ച സ്ഥാപനങ്ങളില്‍ പെടുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിശിഷ്യാ ഗോത്രവര്‍ഗ മേഖലകളില്‍ നിന്ന് എത്തിച്ചേരുന്ന കുട്ടികള്‍ക്ക് നമ്മുടെ ധര്‍മത്തെയും സംസ്കാരത്തെയും ജീവിതരീതിയെയും പറ്റി അനുഭവജ്ഞാനം നല്കി ഉത്തമപൗരന്മാരായി വളരാനുള്ള സാഹചര്യം അവിടെയുണ്ട്. തങ്ങള്‍ സനാഥരാണെന്നും മഹത്തായ ഈ സമാജത്തിന്റെ അവകാശികളാണ് എന്നും അവര്‍ക്ക് ബോധമുണ്ടാകുന്ന തരത്തിലാണ്, ട്രസ്റ്റ് അംഗങ്ങളും ചുറ്റുമുള്ള സമൂഹവും അവരോടു പെരുമാറുന്നത്. വനിതാശാക്തീകരണം ലക്ഷ്യമാക്കിയുള്ള സോഷ്യല്‍ ഡവലപ്മെന്റ് സൊസൈറ്റി, ഗുരുതരമായി രോഗപീഡിതരായവര്ക്കുവേണ്ടിയുള്ള പാലിയേറ്റീവ് ഹോം കെയര്‍ സര്‍വീസ്, ഫാമിലി കൗണ്‍സലിങ് സെന്റര്‍, ആംബുലന്‍സ് സര്‍വീസ്, ചികിത്സാ സഹായം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. സുനാമി, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ദീനദയാ ട്രസ്റ്റിന്റെ ആംബുലന്‍സുകളും മറ്റു വാഹനങ്ങളുമായി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പാഞ്ഞെത്തിയിട്ടുണ്ട്. തൊടുപുഴയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഈ സംരംഭത്തിന്റെ മുന്നിലും പിന്നിലുമെന്നു പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമെന്യേ ധാരാളം സജ്ജനങ്ങള്‍ ഉദാരമായ സഹായസഹകരണങ്ങള്‍ നല്കിവരുന്നു. തൊടുപുഴക്കാരനായ മന്ത്രി പി.ജെ.ജോസഫും നഗരസഭാധ്യക്ഷന്മാരും അക്കൂട്ടത്തില്‍പ്പെടുന്നു.
തൊടുപുഴയിലെ ആദ്യകാല സംഘ സ്വയംസേവകരായ പി.എന്‍.എസ്.പിള്ള, പി.ജി.ഹരിദാസ് (തപസ്യയുടെ അധ്യക്ഷന്‍), കെ.പി.വേണുഗോപാല്‍ തുടങ്ങി ട്രസ്റ്റിന്റെ പ്രവര്‍ത്തകരുടെ എണ്ണം നിരവധിയായതിനാല്‍ മുഴുവന്‍ എഴുതുന്നില്ല. അര്‍ഹമായ ഇടത്താണ് ദാനം ചെന്നെത്തുന്നത് എന്നുറപ്പുള്ളതിനാല്‍ ദീനദയാട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദാതാക്കളെ കിട്ടാന്‍ പ്രയാസമുണ്ടായിട്ടില്ല. സമീപിക്കാനുള്ള പ്രശ്നങ്ങളെയുള്ളൂ.
12-ാം തീയതി സമാരംഭിച്ച സുദര്‍ശനം വിശിഷ്ട വിദ്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം സിദ്ധിച്ചതുകൊണ്ടാണ് ഇതിവിടെ കുറിക്കാന്‍ ഇടയായത്. ജനനപൂര്‍വ നാഡീവ്യൂഹ വൈകല്യങ്ങള്‍ മൂലം വിഷമമനുഭവിക്കുന്ന ധാരാളം കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഗര്‍ഭാശയത്തില്‍ കിടക്കുമ്പോള്‍ സംഭവിക്കുന്ന ക്ഷതങ്ങള്‍ മൂലമോ, മറ്റെന്തെങ്കിലും കാരണങ്ങള്ക്കൊണ്ടൊ ആവാം കുട്ടികള്‍ക്ക് ഈ അവസ്ഥാവിശേഷമുണ്ടാകുക. അതുപൂര്‍ണമായും സുഖപ്പെടണമെന്നില്ല. അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത കാണപ്പെടുന്നുവെന്നേയുള്ളൂ. മറ്റ് അവയവങ്ങളും ബൗദ്ധിക നിലയും നല്ല നിലയിലോ, ചില അവസരങ്ങളില്‍ സാധാരണയില്‍ കവിഞ്ഞോ മികച്ചതാകാം. ഓട്ടിസമെന്ന ഈ അവസ്ഥയ്ക്കും സെറിബ്രല്‍ പാള്‍സി (മസ്തിഷ്ക മരവിപ്പ് എന്നുപറയാം) എന്ന സ്ഥിതിക്കുമുള്ള പരിചരണമാണ് സുദര്‍ശനം വിശിഷ്ടവിദ്യാലയത്തില് ചെയ്യുന്നത്. അതിനാവശ്യമായ പരിശീലനം സിദ്ധിച്ച അധ്യാപകരെയും സുദര്‍ശനത്തില്‍ നിയോഗിച്ചിട്ടുണ്ട്. വിശിഷ്ടവിദ്യാലയത്തിന്റെ സെക്രട്ടറി സജിത് കുമാര്‍ സ്വന്തം അനുഭവസാക്ഷ്യത്തിലൂടെ ഇതൊരു ദൗത്യമായിത്തന്നെ ഏറ്റെടുത്തിരിക്കുന്നു.
ഇടുക്കി ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വിദ്യാലയമാണ് സുദര്‍ശനം എന്നുകൂടി പറയേണ്ടതുണ്ട്.
ഈ സംരംഭത്തിന് ആശീര്‍വാദവും മാര്‍ഗദര്‍ശനവും നല്‍കാനായി തൃപ്പൂണിത്തുറയിലെ ആദര്‍ശ സ്പെഷ്യല്‍ സ്കൂളിന്റെ സെക്രട്ടറി പി.ആര്.മഹാദേവനും എത്തിയിരുന്നു. ദീനദയാ ട്രസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത് ആദര്‍ശിന്റെ നടത്തിപ്പും അന്തരീക്ഷവുമാണ്. ഈ അവസ്ഥാ വിശേഷത്തെ തന്റെ സ്ഥാപനം എങ്ങനെ വിജയകരമായി കൈകാര്യം ചെയ്തുവരുന്നുവെന്നതിന്റെ വിജ്ഞാനപ്രദവും ഹൃദയംഗമവുമായ വിവരണം അദ്ദേഹത്തില്‍നിന്നുണ്ടായി.
ഉദ്ഘാടനസഭയില്ത്തന്നെ മൂന്നു പ്രമുഖ വ്യക്തികള്‍ സ്കൂളിന്റെ പ്രവര്ത്തനനിധിയിലേക്കു സംഭാവനകള്‍ നല്കുകയുണ്ടായി. ആര്.ജയശങ്കര്‍ ഒരുലക്ഷം രൂപയും എന്‍.എന്‍.രാജുവും പി.വേണുവും അരലക്ഷം രൂപാ വീതവും ട്രസ്റ്റിനെ ഏല്‍പ്പിച്ചു. രാജു ഗോകുലം ബാലഭവന്റെ നിര്‍മാണഘട്ടത്തിന്റെ തുടക്കത്തില്‍ തന്റെ പിതാവ് പി.ബി.നാരായണന്‍നായരുടെ സ്മരണയ്ക്കായി അരലക്ഷം രൂപ നല്‍കിയിരുന്നു.
തൃപ്പൂണിത്തുറയിലെ ആദര്‍ശ് വിദ്യാലയം അതിപ്രശസ്തമായ വിധത്തിലാണ് നടന്നുവരുന്നത്. ആദര്‍ശ് എന്ന പേര് അത് അന്വര്‍ത്ഥമാക്കുന്നു. തൊടുപുഴയില്‍ സുദര്‍ശനം സ്കൂളാണ്. ശ്രീകൃഷ്ണസ്വാമിയുടെ ആയുധമാണല്ലോ സുദര്‍ശനം. നല്ല ദര്‍ശനം നല്കുന്നതെന്നു പറയാം. പൂന്താനത്തിന്റെ സന്താനഗോപാലം പാനയിലെ ഏതാനും വരികള്‍ സുദര്ശനമെന്തെന്നു കാട്ടിത്തരുന്നു. ജനിച്ച മക്കളെല്ലാം നഷ്ടപ്പെട്ട ബ്രാഹ്മണനോട് ചെയ്ത ശപഥം പാലിക്കാനായി അര്ജുനനെയുംകൊണ്ട് ശ്രീകൃഷ്ണന് വിഷ്ണുപദത്തിലേക്കു പോകുന്നതാണ് ആ കാവ്യത്തിലെ ഏറ്റവും മനോഹരമായ ഭാഗം. ഭൂമിയില്നിന്നുയര്ന്ന രഥം, ചന്ദ്രമണ്ഡലവും സൂര്യമണ്ഡലവും കടന്ന് തമോവൃതമായ മേഖലയിലേക്കു കടന്നു. ചന്ദ്രന്റെ മറുപുറത്തെത്തിയ ചന്ദ്രയാന്റെയും ചൊവ്വയ്ക്കപ്പുറം പോയപ്പോഴത്തെ മംഗള്‍യാനിന്റെയും അവസ്ഥ മാധ്യമങ്ങളില്‍ വായിക്കുന്നതുപോലയായിരുന്നു അത്. ആ സമയത്തു ഇരുട്ടിനെ അകറ്റാന്‍ ഭഗവാന് തന്റെ സുദര്‍ശനത്തെ സ്മരിച്ചുവത്രെ.
”ഉച്ചനേരത്തെയാദിത്യമണ്ഡലം
പത്തുനൂറു സഹസ്രമൊരുമിച്ച്
വിശ്വവ്യാപ്തമായ് വന്ന കണക്കിനെ
ഉച്ചത്തില്‍ വന്നുദിച്ചു സുദര്‍ശനം
……………………………………………….
പാണ്ഡവന്നുപ്രകാശവുമുണ്ടാക്കി
ദൂരെ ദൂരെ നടന്നു സുദര്‍ശനം.”
ദീനദയാ ട്രസ്റ്റിന്റെ സുദര്‍ശനം വിശിഷ്ട വിദ്യാലയം പ്രത്യേക ശാരീരിക, നാഡീവ്യൂഹവ്യസ്ഥയില്പ്പെട്ടവര്ക്ക് പ്രകാശം നല്കി, അനുഗ്രഹമായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: