തിരുവനന്തപുരം: ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ അനധികൃത നിയമനനീക്കം സാസ്കാരിക വകുപ്പ് തടഞ്ഞു. നടനഗ്രാമം ഭരണസമിതി ചെയര്മാന് കൂടിയായ സാംസ്കാരിക മന്ത്രിയാണ് നിയമന നീക്കം തടഞ്ഞത്. എംപ്ലോയ്മെന്റ് എക്സേഞ്ചിനെ നോക്കുകുത്തിയാക്കി നടനഗ്രാമത്തിലെ അനധികൃത നിയമനത്തെ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാനം രാജിവച്ച് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടനഗ്രാമത്തിലെ വൈസ്ചെയര്‍മാന്‍ സുദര്‍ശനന്റെ ഗൂഢനീക്കമാണ് ഇതോടെ പൊളിഞ്ഞത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നടനഗ്രാമത്തില്‍ നിയമനം നടത്തേണ്ടത് എംപ്ലോയ്മെന്റ് എക്സേഞ്ചു വഴിയാണ്. എന്നാല്‍ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ച് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇഷ്ടക്കാരെ തിരുകിക്കയറ്റാനായിരുന്നു നീക്കം. ലക്ഷങ്ങളുടെ കോഴ ഇടപാടും ഇതിനുപിന്നിലുണ്ടെന്ന് അറിയുന്നു. അഴിമതിക്കെതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് നടത്തിയ സൈക്കിള്‍ റാലിയിലും നടനഗ്രാമത്തിലെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.
നടനഗ്രാമത്തിലെ അഴിമതിയെക്കുറിച്ച് സമരം നടത്തേണ്ട പ്രതിപക്ഷം മൗനം പാലിച്ചത് വിവാദമായിരുന്നു. യുവമോര്‍ച്ച സമരപരിപാടിയുമായി രംഗത്ത് വന്നതോടെ മുഖംരക്ഷിക്കാന്‍ 29ന് സിപിഎം ഉപരോധസമരം നടത്തുകയാണ്. നടനഗ്രാമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നു വ്യതിചലിച്ചുള്ള ഭരണസമിതിയുടെ അഴിമതിക്കെതിരെ മാനേജിംഗ് കമ്മറ്റി അംഗം പ്രൊഫ. സുന്ദരേശ്വരിഅമ്മ ചെയര്മാന് പരാതി നല്‍കിയിട്ടുണ്ട്.
ഗുരുഗോപിനാഥിന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയായ രാമായണം ബാലെ പുനരാവിഷക്കരിച്ച് വികലമാക്കിയത് വിവാദമായിരുന്നു. എറണാകുളത്ത് വച്ച് ബാലെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അരങ്ങില്‍ വച്ച് ഗുരുഗോപിനാഥിന്റെ മരണവും. തന്റെ ശ്വാസമായി കൊണ്ടുനടന്ന രാമായണം ബാലെ ഓണാഘോഷസമയത്തായിരുന്നുപുനരാവിഷ്ക്കരിച്ചത്. ബാലെ പുനരാവിഷ്ക്കരിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: