ആലപ്പുഴ: രാജ്യത്ത് ക്രമസമാധാനപാലനത്തില്‍ കേരളം ഒന്നാംസ്ഥാനത്താണെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും കുറ്റം തെളിയിക്കുന്നതിലും കേരള പോലീസ് ഒന്നാംസ്ഥാനത്താണ്. ഓപ്പറേഷന്‍ സുരക്ഷയിലൂടെ മൂന്നുമാസംകൊണ്ട് ഒരു ലക്ഷം കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിലെത്തിക്കാന്‍ പോലീസിനായി. കുറ്റവാളികളോട് വീട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. കണ്‍ട്രോള്‍ റൂം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും നിലവില്‍ ബോട്ട് ജെട്ടിക്കു സമീപമുള്ള കണ്‍ട്രോള്‍ റൂമിലെ സൗകര്യങ്ങള്‍ നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ റബര്‍ ഫാക്ടറി ജങ്ഷനു സമീപം 97.46 ലക്ഷം രൂപ ചെലവില്‍ കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ഇരുനില കെട്ടിടം നിര്‍മിച്ചത്. സിസിടിവി കാമറ നിരീക്ഷണ സംവിധാനമടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദേശികള്‍ക്കുള്ള സഹായകേന്ദ്രം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവന ബ്യൂറോ, വനിതാ സെല്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കും.
















