തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും കേരളകൗമുദി ഫോട്ടോ എഡിറ്ററുമായിരുന്ന എസ്.എസ്. റാമിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരള കൗമുദി സംഘടിപ്പിക്കുന്ന ‘മുള്ളുകളില്ലാത്ത സൂര്യകാന്തി’ ഫോട്ടോപ്രദര്‍ശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ജയിംസ്, ബ്യൂറോചീഫ് എം.എം. സുബൈര്‍, രാഷ്ട്രീയ ലേഖകന്‍ ബി.വി. പവനന്, റാമിന്റെ ഭാര്യ ജയലക്ഷമി, മറ്റ് കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ പങ്കെടുത്തു. റാമിന്റെ 150 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ചരിത്രരഥം എന്ന എല്‍.കെ. അദ്വാനിയുടെ രഥയാത്ര, എബി വാജ്പേയി പ്രധാനമന്ത്രയായിരുന്നപ്പോള് വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി എ.കെ. ആന്റണി, കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ ഇടതുപക്ഷം നിയമസഭയിലുണ്ടാക്കിയ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍, കാര്‍ഗില്‍ സന്ദര്‍ശനത്തില്‍ എടുത്ത ചിത്രങ്ങള്‍, മൊറോക്കോയിലെ ബഌ സിറ്റി, കാസാ ബാങ്കയിലെ ഹസന്പള്ളി, ഹെല്ക്കുലീസ് കേവിലൂടെയുള്ള സൂര്യാസ്തമയം, വിശാഖപട്ടണത്തിനടുത്തുള്ള അരാക്ക് വാലി, ലെഡാക്കിലെ ശാന്തിസ്തൂപം തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തും വച്ച് റാം എടുത്ത നിരവധിചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കൃഷ്ണാഷ്ടമിക്ക് കോട്ടയ്ക്കകത്തെ അഗ്രഹാരത്തില്‍ ശ്രീകൃഷ്ണനെ വരവേല്‍ക്കാന്‍ ഒരുക്കിയ ദീപക്കാഴ്ചയുടെ ചിത്രം എസ്.എസ്. റാമിന്റെ അപൂര്‍വ ഫ്രെയിമുകളിലൊന്നാണ്. ദീപങ്ങള്ക്കിടയിലൊരുക്കിയ കാല്പ്പാടുകളില് പാദം പതിപ്പിച്ച് ചെരാതില്‍ എണ്ണപകരാന്‍ ശ്രീകൃഷ്ണനെത്തുമെന്ന വിശ്വാസത്തിലാണ് അഗ്രഹാരവാസികള്‍ ഈ ചടങ്ങ് നടത്തുന്നത്.
പ്രസ് ക്ലബില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴുവരെ നടക്കുന്ന പ്രദര്‍ശനം 27ന് സമാപിക്കും. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബര്‍ മൂന്നിനാണ് എസ്.എസ്. റാം വിടവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: