വിഴിഞ്ഞം: പണി തീരാത്ത കെട്ടിടത്തിന് ഉദ്ഘാടനം ചെയ്തെന്നു കാട്ടി ഫലകം. പ്രക്ഷോഭവുമായി ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തിയതോടെ അക്ഷരതെറ്റുപറ്റിയതെന്ന് പറഞ്ഞ് അധികൃതര്‍ തടിയൂരി. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തില്‍ മരുതൂര്ക്കോണത്തെ ആരോഗ്യകുടുംബക്ഷേമ ഉപ കേന്ദ്രത്തിന്റെ ശിലാ ഫലകമാണ് വിവാദമായത്. കോണ്‍ക്രീറ്റ് മാത്രം പൂര്‍ത്തിയായ കെട്ടിടത്തില്‍ ശിലാഫലകം ശ്രദ്ധയില്‍പ്പെട്ടതോടെ ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തുവരികയായിരുന്നു.
ഈ മാസം എട്ടിനു ഉദ്ഘാടനം നടന്നതായാണ് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ധ്യക്ഷയായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഏലിയാമ്മയും ഉദ്ഘാടകനായി പഞ്ചായത്ത് പ്രസിഡന്റ് ശിവകുമാറിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചുമാസം മുമ്പാണ് കെട്ടിടത്തിന്റെ പണി തുടങ്ങിയതെന്നു പറയുന്നു. എന്നാല്‍ കഴിഞ്ഞദിവസം കെട്ടിടം ഉദ്ഘാടനം ചെയ്തെന്നു കാണിച്ചു ഫലകം പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ പഞ്ചായത്ത് അധികൃതര്‍ ഫലകം തയ്യാറാക്കിയവരെ പഴിച്ച് തടിതപ്പി. കെട്ടിട നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും നിര്‍മാണത്തിലെ പിഴവുകള്‍ പരിഹരിക്കണമെന്നും അനാഥാവസ്ഥയില്‍ കിടക്കുന്ന കെട്ടിടത്തെ പ്രവര്‍ത്തന സജ്ജമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: