കാട്ടാക്കട: കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ കൂടുതല്‍ ബസ്സുകള്‍ കട്ടപ്പുറത്തായി. ആനവണ്ടികളില്‍ ഭൂരിഭാഗവും വര്‍ക്ക്ഷോപ്പുകളില്‍ വിശ്രമിക്കാന്‍ തുടങ്ങിയതോടെ മലയോരമേഖലയിലെ ജനങ്ങളാകട്ടെ യാത്രാദുരിതത്തിലും. ജില്ലയിലെ പ്രധാന ഡിപ്പോകളിലൊന്നായ കാട്ടാക്കടയെ ട്രാന്സ്പോര്ട്ട്വകുപ്പ് അവഗണിച്ചിരിക്കുകയാണ്.
സ്പെയര്‍ പാര്‍ട്ട്സ് കിട്ടാത്തതിനാല്‍ തകരാര്‍ പരിഹരിക്കാനാകാതെ നിരവധി ബസ്സുകളാണു ഡിപ്പോയിലെ വര്‍ക്ക്ഷോപ്പുകളില്‍ ഒതുക്കിയിട്ടിരിക്കുന്നത്. കൂടാതെ കാലപ്പഴക്കത്താല്‍ പൊളിച്ചുമാറ്റാന്‍ നിശ്ചയിച്ച പത്തോളം ബസ്സുകളുമുണ്ട്. എഞ്ചിന് തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ ഫാസ്റ്റ് പാസഞ്ചര്‍ അടക്കം മൂന്ന് ബസ്സുകള്‍ കാട്ടാക്കട ഡിപ്പോയിലെ കട്ടപ്പുറത്ത് വിശ്രമിക്കുകയാണ്. ദിവസേന സര്‍വീസിനിടയില്‍ യന്ത്രത്തകരാര്‍ സംഭവിച്ച് ഏഴ് ബസ്സുകള്‍ ഡിപ്പോയുടെ പല ഭാഗത്തായി നിര്‍ത്തിയിട്ടിരിക്കുന്നു. കൂടാതെ സിഎഫ് വര്‍ക്കിനായി സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിലേക്ക് കൊണ്ടുപോയ ജന്റം ബസ് ഇനിയും തിരിച്ചെത്തിയിട്ടുമില്ല.
87 സര്‍വീസുകള്‍ ഉണ്ടായിരുന്ന കാട്ടാക്കട ഡിപ്പോയില്‍ ഇപ്പോള്‍ പകുതിയില്‍ താഴെ സര്‍വീസുകളാണുള്ളത്. കാലപ്പഴക്കത്താല്‍ നിരത്തിലിറക്കാന്‍ സാധിക്കാതെ 11 ബസ്സുകളാണു കഴിഞ്ഞ മാസങ്ങളില്‍ പൊളിച്ചു മാറ്റിയത്. അടുത്ത ഒരു വര്‍ഷത്തിനിടയ്ക്ക് പൊളിക്കാന്‍ ഊഴം കാത്തുകിടക്കുന്നത് പത്തോളം ആനവണ്ടികളാണ്. ഈ ബസ്സുകള്‍ക്കു കൂടി ശവക്കുഴി തോണ്ടുന്നതോടെ കാട്ടാക്കട ഡിപ്പോയുടെ തകര്‍ച്ച പൂര്‍ണമാകും. പൊളിക്കുന്നവയ്ക്ക് പകരം വണ്ടികള്‍ അനുവദിക്കാത്തതാണു ഡിപ്പോ നേരിടുന്ന പ്രധാനപ്രതിസന്ധി. മുമ്പ് 11 വണ്ടികള്‍ പൊളിച്ചപ്പോള്‍ ഉടന്‍ നാലു ബസ്സുകള്‍ അനുവദിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. എന്നാല്‍ അനുവദിച്ചു കിട്ടിയത് ഒരു ബസ് മാത്രം.
ആവശ്യത്തിനു ബസ്സുകള്‍ ഇല്ലാത്തതിനാല്‍ പല പ്രധാന ട്രിപ്പുകളും വെട്ടിചുരുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ് കാട്ടാക്കട ഡിപ്പോയുടെ ഇപ്പോഴത്തെ രീതി. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ആര് എന്‍ ഇ 407 നമ്പര്‍ ബസ് ഇപ്പോള്‍ കാട്ടാക്കട നെയ്യാറ്റിന്‍കര റൂട്ടില്‍ ഓടുന്നത് ഇതിനു തെളിവാണ്.
സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ ഡിപ്പോയുടെ ദിവസ വരുമാനത്തിലും ഭീമമായ കുറവാണ് വന്നിട്ടുള്ളത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ഗണത്തില്‍ പെട്ട ഒരു ബസ്സുപോലും കാട്ടാക്കട ഡിപ്പോയ്ക്ക് പുതിയതായി നല്‍കിയിട്ടില്ല. എക്സിക്യുട്ടീവ് ഡയറക്ടര്‍, ടെക്നിക്കല്‍ ഓഫീസര്‍ തുടങ്ങിയവരോട് യാചിച്ച് മടുത്തുവെന്നാണു ഡിപ്പോ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: