ചെമ്പഴന്തി: ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിനെതിരെയാണ് ശ്രീനാരായണ ഗുരു തന്റെ ജീവിതകാലത്തുടനീളം ഓരോ വാക്യങ്ങളും പ്രയോഗിച്ചിട്ടുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ സമാധി ദിനാചരണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു ഒരു യാഥാര്‍ഥ്യമായിരുന്നു, സങ്കല്പമല്ല. ഇവിടെ ജീവിച്ചിരുന്ന മനുഷ്യനായിരുന്നു ശ്രീനാരായണ ഗുരുവെന്നും കോടിയേരി പറഞ്ഞു. അതുകൊണ്ടാണ് നമ്മുടെ സമൂഹത്തെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ശ്രീനാരായണ ഗുരുവിന് സാധിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഗുരുതത്വങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയാണ്. സമൂഹത്തെ പിന്നോട്ടടിക്കാന്‍ ചില ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നു. നാട്ടില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സ്വന്തം മതത്തിനുനേരേ തിരിയുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, അധികാരത്തിനും സ്ഥാനങ്ങള്‍ക്കും വേണ്ടി ശ്രീനാരായണഗുരുവിനെ വലിച്ചിഴയ്ക്കുന്ന പ്രവണത അപകടകരമാണെന്ന് സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ഗുരു ആരാണെന്നും ഗുരുത്വം എന്താണെന്നും അറിയാത്തവരാണ് ഇത്തരം പ്രവണതകള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: