തുറവൂര്‍: നഗരപ്രദേശങ്ങള്‍ക്കു പിന്നാലെ ഗ്രാമീണ റോഡുകളും തെരുവുനായ്‌ക്കള്‍ കൈയടക്കുന്നു. പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളിലെ റോഡുകളിലാണ് നായ്‌ക്കള്‍ രാപകലില്ലാതെ വിഹരിക്കുന്നത്.
വീടുകളിലും ഹോട്ടലുകളില്‍ നിന്നും മറ്റുമുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും റോഡിലും റോഡരികിലുമായി തള്ളുന്നതു മൂലം രൂപപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങളാണ് തെരുവുനായക്കളെ കൂട്ടത്തോടെആകര്‍ഷിക്കുന്നത്. മാലിന്യക്കൂമ്പാരങ്ങള്‍ക്കു വേണ്ടി കടിപിടികൂടുന്ന നായ്‌ക്കള്‍ റോഡില്‍ തലങ്ങും വിലങ്ങും ഓടുന്നതും വഴിയാത്രക്കാരേയും മറ്റും ആക്രമിക്കുന്നതും പതിവാണ്.
ഇരുചക്ര വാഹന യാത്രികരടക്കമുള്ളവരെ അപകടങ്ങളില്‍പ്പെടുന്നതിനും ഇത് കാരണമാകുന്നുണ്ട്. സാധാരണക്കാരായവര്‍ തങ്ങളുടെ വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും അവരവരുടെ വീട്ടുവളപ്പില്‍ത്തന്നെ കുഴിയെടുത്ത് മൂടിയോ തീയിട്ടോ സംസ്‌ക്കരിക്കുമ്പോള്‍ കാറും ഇരുചക്ര വാഹനങ്ങളുമൊക്കെ സ്വന്തമായുള്ള ചിലര്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റു ഗാര്‍ഹിക മാലിന്യങ്ങളും പ്ലാസ്റ്റിക്ക് കിറ്റുകളിലാക്കി റോഡിലും റോഡരികിലും വലിച്ചെറിഞ്ഞ് കടന്നുകളയുകയാണ്.
ഈമാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ഇടങ്ങളിലാണ് തെരുവു നായ്‌ക്കള്‍ കൂട്ടത്തോടെയെത്തുന്നത്. മാലിന്യങ്ങളില്‍ നിന്ന് പാചകവാതകവും വൈദ്യുതിയും മറ്റും ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഈ ആധുനിക കാലഘട്ടത്തിലും ഗാര്‍ഹിക മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളിലും റോഡുകളിലും ജലാശയങ്ങളിലും തള്ളുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
















