കണ്ണൂര്‍: ദേവസ്വം ക്ഷേത്രത്തില്‍ ശംബളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ നിരവധി ജീവനക്കാര്‍. സ്പെഷ്യല്‍ ഗ്രേഡോ എ ഗ്രേഡോ ആയ ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം തന്നെ മതിയാകും. എന്നാല്‍ താഴ്ന്ന ഗ്രേഡിലുള്ള ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ദേവസ്വം ബോര്‍ഡില്‍ നിന്ന് നല്‍കുകയാണ് പതിവ്. പത്ത് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കുക. കൃത്യമായി വരവ് ചെലവ് കണക്കുകള്‍ നല്കുന്ന ക്ഷേത്രങ്ങള്‍ക്ക് മാത്രമേ സാമ്പത്തിക സഹായം ലഭിക്കുകയുള്ളു എന്നതാണ് നിലവിലുള്ള വ്യവസ്ഥ. എന്നാല്‍ മിക്ക ക്ഷേത്രം ട്രസ്റ്റിമാരും വരവ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നതിനാലാണ് സഹായം ലഭിക്കാത്തത്. എന്ത് കാരണം കൊണ്ടാണ് കണക്ക് ബോധ്യപ്പെടുത്താത്തതെന്ന ചോദ്യമുയര്‍ന്നാല്‍ ക്ഷേത്രഭരണാധികാരികള്‍ കൃത്യമായ വിശദീകരണം നല്‍കാറില്ല.
ക്ഷേത്രം ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവിന് അടിസ്ഥാനമായി പരിഗണിക്കുന്ന ഗ്രേഡ് നിര്‍ണ്ണയത്തിലും ട്രസ്റ്റിമാര്‍ വീഴ്ച വരുത്തുകയാണ്. കൃത്യമായി റിപ്പോര്‍ട്ട് സമര്‍പിക്കാത്തതിനാല്‍ അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. വാര്‍ഷിക ഇന്‍ക്രിമെന്റിനുള്ള ശുപാര്‍ശയും സമയബന്ധിതമായി നല്‍കാറില്ല. മിക്ക ജീവനക്കാരും ഒരേ ശമ്പളത്തിന് ദീര്‍ഘകാലം ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. 2009 ന് ശേഷം ശംബളം ലഭിക്കാത്ത ക്ഷേത്രജീവനക്കാര്‍ നിരവധി ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ കൃത്യമായ കണക്കുകള്‍ ബോധിപ്പിച്ച് ആവശ്യമായ ഫണ്ട് നേടിയെടുക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നീക്കവുമുണ്ടാകുന്നില്ല എന്നതാണ് വസ്തുത.
ക്ഷേത്രജീവനക്കാര്‍ക്ക് ശംബളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടിയെടുക്കാത്ത ട്രസ്റ്റിമാരെ അയോഗ്യരാക്കണമെന്നാണ് തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെടുന്നത്. സ്ഥാനമാനങ്ങള്‍ അലങ്കാരമായിക്കണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാതെയിരിക്കുന്നവര് ക്ഷേത്രജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. വര്‍ഷങ്ങളായി ശംബളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ പ്രതീക്ഷയോടെ ക്ഷേത്രകാര്യങ്ങള്‍ ചെയ്യുന്ന ജീവനക്കരുടെ കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നതാണ് തൊഴിലാളി യൂനിയനുകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: