കഥകളി, ശാസ്ത്രീയ സംഗീതം, അനുഷ്ഠാനകലകള്‍, വാദ്യകലകള്‍, ചിത്രരചന, വാദ്യോപകരണ നിര്‍മ്മാണം തുടങ്ങി എഴുപതോളം മഹത്തായ കലാരൂപങ്ങളുടെ അവകാശിയാണ് പാലക്കാട്. കാല്ച്ചിലമ്പുകിലുക്കുന്ന നദീതീരങ്ങളും, നാട്ടുവഴികളും, വീശിയടിക്കുന്ന കാറ്റും, ഇലകളുടെ മര്‍മ്മരവും സംഗീതത്തെയും കലകളെയും കലാകാരന്മാരെയും ഓര്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാലത്തിന്റെ അമിതവേഗത്തില്‍ പരിഷ്കാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിനു വിരുദ്ധമായി ഇന്നും ഗ്രാമത്തിന്റെയും കലയുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്ന നിരവധി ഗ്രാമങ്ങളുണ്ടിവിടെ. അത്തരത്തില്‍ പ്രസിദ്ധമായൊരു ഗ്രാമമാണ് പെരുവെമ്പ് . വാദ്യോപകരണ നിര്‍മ്മാണത്തില്‍ പ്രസിദ്ധി നേടിയ ഗ്രാമം.
നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ മാറി കരിമ്പനകളുടെ കഥപറഞ്ഞ ഖസാക്കു കഴിഞ്ഞാല്‍ പെരുവെമ്പ് ഗ്രാമം. പാലക്കാടന്‍ ഗ്രാമങ്ങളുടെ മുഖമുദ്രയായ ഇടവഴികള്‍, പാടവരമ്പുകളും കരിമ്പനകളും നിറഞ്ഞ സ്ഥലം. വീട്ടുമുറ്റത്തു ഉണങ്ങാനിട്ടിരിക്കുന്ന തോലുകള്‍, വീടിനോടുചേര്‍ന്നുള്ള പണിശാലകള്‍…. മദ്ദളം, ചെണ്ട, ഇടയ്ക്ക, തിമില, മൃദംഗം, തബല തുടങ്ങി തുകല്‍ വാദ്യോപകരണങ്ങള്‍ നിര്‍മിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍… കുടില്‍വ്യവസായമെന്ന നിലയില്‍ തുകല്‍ വാദ്യോപകരണങ്ങള്‍ നിര്‍മിക്കുന്ന ഗ്രാമമാണ് പെരുവെമ്പ്.
കൊല്ലന്, കടയ സമുദായത്തില്‍പ്പെട്ടവരാണ് പെരുവെമ്പിലെ വാദ്യോപകരണ നിര്മാണക്കാര്. ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന വാദ്യോപകരണങ്ങളുടെ നിര്‍മാണം ഏറെ ശ്രമകരമാണ്. ആഴ്ചകളോളം കഷ്ടപ്പെട്ടാണ് ഇവ പൂര്‍ണ്ണരൂപത്തിലെത്തിക്കുന്നത്. താളം കൃത്യമാകുന്നതുവരെ അധ്വാനിക്കണം. വിദ്വാന്മാര്ക്ക് അറിയാത്ത അപശ്രുതിപോലും പെരുവെമ്പുകാര്ക്കറിയാം. തലമുറയായി പകര്‍ന്നുകിട്ടുന്ന അറിവാണിതെല്ലാം.
ആട്, പശു, പോത്ത് എന്നിവയുടെ തോല് ഉപയോഗിച്ചാണ് വാദ്യോപകരണങ്ങള്‍ നിര്‍മിക്കുന്നത്. കട്ടക്കായി പ്ലാവും കണിക്കൊന്നയും ഉപയോഗിക്കുന്നു. അറവുശാലയില്‍ നിന്ന് ഉപ്പിടാത്ത തോലുകൊണ്ടുവന്ന് രണ്ടുദിവസം വെയിലത്തിട്ട് ഉണക്കും. വൃത്തിയാക്കിയ തോല് നിലത്തു ആണിയടിച്ച് വലിച്ചാണ് ഉണക്കാന്‍ വയ്ക്കുന്നത്. മൃദംഗത്തിന് എരുമ, പശു, ആട് എന്നിവുടെയും മദ്ദളത്തിന് എരുമ, പശു എന്നിവയുടെയും, തബലയക്ക് ആട്, എരുമ എന്നിവയുടെയും തോലാണ് ഉപയോഗിക്കുന്നത്.
കഴുകി വൃത്തിയാക്കി വെയിലത്തിട്ടുണക്കിയ തോല് ആവശ്യാനുസരണം മുറിച്ച് രണ്ടുമണിക്കൂര്‍ വെള്ളത്തിലിടും. മൃദംഗത്തിന്റെ ഇരുവശങ്ങളിലും (ഇടംതലയും വലംതലയും) അളവനുസരിച്ച് തോല് മുറിച്ചെടുക്കും. തുടര്‍ന്ന് നാദം മുഴങ്ങുന്ന വിധത്തില്‍ വരിഞ്ഞുമുറുക്കും. അടിഭാഗത്തുനിന്ന് അസുരവാദ്യവും മുകള്‍ഭാഗത്തുനിന്നു ദേവനാദവുമുയരണം. എല്ലാ ഭാഗത്തു നിന്നും കൃത്യമായ നാദം കിട്ടുന്നതുവരെ വളരെ അധ്വാനിക്കേണ്ടതായുണ്ട്. പോത്തിന്റെ തൊലി നീളത്തില്‍ മുറിച്ചാണ് വാറുണ്ടാക്കുന്നത്. മൃദംഗം നിര്‍മ്മിക്കാന്‍ ചുരുങ്ങിയത് പത്തുദിവസമെങ്കിലുമെടുക്കും. മൃദംഗ നിര്‍മാണത്തിന് പ്ലാവിന്റെ തടി ചെത്തി മിനുക്കി അകം ഭാഗം തുരന്ന് ആഴ്ചകളോളം ഉണക്കിയെടുക്കും.
അറവു ശാലയില്‍ വേര്‍തിരിച്ചെടുക്കുന്ന മാട്ടിന്തോലില് നിന്നാരംഭിച്ച് മദ്ദളത്തില്‍ നിന്നുയരുന്ന സംഗീതം വരെയുള്ള നിര്‍മാണത്തിന് വിവിധ ഘട്ടങ്ങളുണ്ട്. ഒരു സമുദായത്തിന്റെ ജീവസ്പന്ദനമാണിത്. മദ്ദളത്തിന്റെ വലംതല പശുവിന്തോലുകൊണ്ടും ഇടംതല പോത്തിന്തോലുകൊണ്ടുമാണ് ഉണ്ടാക്കുന്നത്. 25 കിലോയോളം ഭാരമുള്ള മദ്ദളങ്ങള്‍ വരെയുണ്ട്. മദ്ദളത്തിന്റെ നാട(വാറ്) കെട്ടുന്നത് ഏറെ ശ്രമകരമാണ്. അരയില്‍ തുണിയിട്ടുകെട്ടി നാടയില്‍ ഇരുമ്പ് കൊളുത്തിട്ട് കുടുക്കി നാടവലിച്ചു മുറുക്കി ചുറ്റികയും കട്ടയും വച്ച് ആഞ്ഞടിക്കുന്നു. ശ്രുതി ശരിയാകുന്നതു വരെ ഇങ്ങനെ ചെയ്യും.
ചെണ്ടനിര്മ്മിക്കുവാന് പശുവിന്‍തോലാണ് ഉപയോഗിക്കുക. ചെണ്ടക്കുറ്റിയുണ്ടാക്കുന്നത് പ്ലാവു കൊണ്ടാണ്. പ്ലാവിന്റെ കമ്പ് നെല്ലിനോടൊപ്പം പുഴുങ്ങാന്‍ വെയ്ക്കും. 20 ദിവസമാണ് ചെണ്ടനിര്മ്മാണത്തിനെടുക്കുക. വാദ്യോപകരണങ്ങളുടെ മധ്യഭാഗത്തെ മഷിയിടുന്നതിനായി പുരാണകീടമെന്ന പ്രത്യേകതരം കല്ലാണ് ഉപയോഗിക്കുന്നത്. ഇരുമ്പിന്റെ അംശമുള്ള കാലപ്പഴക്കംചെന്ന കല്ലാണിവ. ഇത് ഉരലില്‍ ഇടിച്ചും അമ്മിയില്‍ അരച്ചും അരിച്ചെടുത്തും ഒട്ടും തരിയില്ലാതെ പരുവപ്പെടുത്തും.
ഇതു ചോറുമായി കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി പലതവണയായി തേച്ചുപിടിപ്പിക്കും. നടുവില്‍ മഷിക്കുട്ടിട്ടു തയ്യാറാക്കി കഴിയുമ്പോഴേക്കും ആഴ്ചകള്‍ നീളുന്ന അധ്വാനമുണ്ട്. ഒരു നല്ല വാദ്യോപകരണ നിര്മാതാവാന് കഠിനാധ്വാനവും മനസ്സും വേണം. മനസിരുത്തി വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെ മാത്രമെ നല്ലൊരു ഉപകരണം ഉണ്ടാക്കാന്‍ കഴിയു. ഓര്‍ഡര്‍ നല്‍കുന്നയാള്‍ക്ക് കൊട്ടി നോക്കുമ്പോള്‍ തൃപ്തിയായാല് മാത്രമേ പറഞ്ഞ തുക ലഭിക്കുകയുള്ളു.
ഇവര്‍ക്ക് മഴക്കാലം വറുതിയുടെ കാലമാണ്. മഴക്കാലത്ത് തുകലും കട്ടയും ആവശ്യത്തിനനുസരിച്ച് ഉണങ്ങാറില്ല. അതുകാരണം ഓര്‍ഡര്‍ ലഭിച്ചാല്‍പ്പോലും കൃത്യ സമയത്ത് നല്കാന് കഴിയില്ല. ഉത്സവ സീസണുകളില്‍ തരക്കേടില്ലാത്ത ലാഭവും കിട്ടാറുണ്ട്. വാദ്യോപകരണ നിര്‍മാണമല്ലാതെ മറ്റുജോലികളൊന്നും ഇവര്‍ക്കറിയുകയുമില്ല. ചിലര്‍ അന്യ സംസ്ഥാനങ്ങളില്‍ പോയി കുലത്തൊഴില്‍ ചെയ്യുന്നുണ്ട്. ഇന്നത്തെ തലമുറയ്ക്ക് വാദ്യോപകരണ നിര്‍മാണമെന്ന കുലത്തൊഴില്‍ ചെയ്യാന്‍ താല്പര്യമില്ല. കാരണം വര്‍ഷത്തില്‍ പകുതിയും പണിയില്ലാതെ ഇരിക്കേണ്ടി വരുമെന്നതിനാല്‍ മറ്റു ജോലികളെ ആശ്രയിച്ചു പോവുകയാണ്.
ഒരു സെറ്റ് തബലക്ക് ആറായിരം രൂപയും, മൃദംഗത്തിന് 12,000 രൂപയും, മദ്ദളത്തിന് 20,000 രൂപയും, ചെണ്ടക്ക് 15,000 രൂപയുമാണ് ഏകദേശ വില. എന്നാല്‍ ഇവ നിര്‍മിക്കുന്നതിന് തന്നെ ഇത്രയധികം രൂപ ചെലവുണ്ടെന്ന് പെരുവെമ്പുകാര്‍ പറയുന്നു. നിര്മാതാക്കളെന്നതിനേക്കാള് നല്ല കലാകാരന്മാര്കൂടിയാണ് പെരുവെമ്പുകാര്‍ അതുകൊണ്ട് വലിയ ലാഭമില്ലെങ്കിലും കുലത്തൊഴില്‍ വിടാന്‍ മടിയുള്ളതുകൊണ്ട് പലരും ഈ രംഗത്തു തുടരുന്നു.
പ്രസിദ്ധരായ പല കലാകാരന്മാരും പെരുവെമ്പിലെ വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ ഉപയോഗിക്കുന്നതും. പാലക്കാട് മണി അയ്യര്‍ മൃദംഗം വാങ്ങാന്‍ വന്നിരുന്നത് പഴയ തലമുറ ഓര്‍ക്കുന്നു. മാവേലിക്കര വേലുക്കുട്ടിനായര്‍, ചെര്‍പ്പുളശ്ശേരി ശിവന്, മാള അരവിന്ദന്, കുഴല്‍മന്ദം രാമകൃഷ്ണന് തുടങ്ങിയവരും ഇവിടെ വരാറുണ്ടായിരുന്നു.
ഇപ്പോള്‍ നല്ലയിനം തോലുകള്‍ ലഭിക്കാറില്ലെന്നും, തോലുകളില് കൊഴുപ്പ് ധാരാളം ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും കാരണവന്മാര് പറയുന്നു. കൃത്യ അളവില്‍ മുറിക്കുമ്പോഴേക്കും മുറിഞ്ഞു പോകും. അഞ്ഞൂറു രൂപയ്ക്ക് ലഭിച്ചിരുന്ന തോലിനിപ്പോള് മൂവായിരത്തോളം രൂപ വില നല്‍കേണ്ട സ്ഥിതിയുമാണ്. വാദ്യോപകരണ നിര്‍മാണത്തിനു ചെലവാകുന്ന തുകയുടെ കണക്കുനോക്കിയാല്‍ ലാഭമില്ലെന്നു തന്നെ പറയാം. ഏല്‍പ്പിച്ചതു ചെയ്തു കൊടുക്കന്നതല്ലാതെ വില്‍പ്പനക്കുള്ള മറ്റു സൗകര്യങ്ങളൊന്നും ഇപ്പോഴും ഇല്ല. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യവും ലഭിക്കുന്നില്ല.
ക്ലസ്റ്റര്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സഹായത്തോടെ തുകല്‍ വാദ്യോപകരണ നിര്‍മാണ സംഘം എന്നപേരില്‍ ക്ലസ്റ്റര്‍ രൂപീകരിച്ചിട്ടുണ്ട്. വാദ്യോപകരണങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ മരങ്ങള്‍ കടഞ്ഞെടുക്കുവാനുള്ള യന്ത്രങ്ങളാണ് ഇവിടെയുള്ളത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഷന്‍ ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റിനാണ് ഇതിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: